കേരളത്തില്‍ നിന്നൊരു ഭക്ഷ്യബ്രാന്‍ഡ് കൂടി വില്പനയ്ക്ക്; ഡബിള്‍ ഹോഴ്‌സിനെ സ്വന്തമാക്കാന്‍ വിപ്രോയും മുരുഗപ്പ ഗ്രൂപ്പും

1959ല്‍ സ്ഥാപിതമായ മഞ്ജിലാസ് ഫുഡ് ടെക്കിന് കീഴില്‍ ബ്രേക്ക്ഫാസ്റ്റ് മിക്‌സുകള്‍, അരിപ്പൊടികള്‍, മസാലപ്പൊടികള്‍, അച്ചാറുകള്‍, ഇന്‍സ്റ്റന്റ് ഫുഡ് ഉല്‍പന്നങ്ങള്‍ എന്നിവയുണ്ട്
കേരളത്തില്‍ നിന്നൊരു ഭക്ഷ്യബ്രാന്‍ഡ് കൂടി വില്പനയ്ക്ക്; ഡബിള്‍ ഹോഴ്‌സിനെ സ്വന്തമാക്കാന്‍ വിപ്രോയും മുരുഗപ്പ ഗ്രൂപ്പും
Published on

കേരളത്തിലെ പ്രമുഖ പാക്കേജ്ഡ് ഫുഡ് ബ്രാന്‍ഡായ 'ഡബിള്‍ ഹോഴ്‌സിനെ (Double Horse) സ്വന്തമാക്കാനായി വന്‍കിട കോര്‍പ്പറേറ്റുകള്‍ തമ്മില്‍ കടുത്ത മത്സരം. പ്രമുഖ എഫ്എംസിജി കമ്പനിയായ വിപ്രോ കണ്‍സ്യൂമര്‍ കെയറും (Wipro Consumer Care) വ്യവസായ ഗ്രൂപ്പായ മുരുഗപ്പ ഗ്രൂപ്പുമാണ് (Murugappa Group) ഡബിള്‍ ഹോഴ്‌സിന്റെ മാതൃസ്ഥാപനമായ മഞ്ജിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കാനുള്ള മത്സരത്തിലുള്ളത്.

ഏകദേശം 500 കോടി രൂപ മൂല്യംവരുന്നതാണ് ഈ ഇടപാടെന്നാണ് സൂചന. ഇടപാട് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി മഞ്ജിലാസ് ഫുഡ് ടെക് പ്രമുഖ അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇ.വൈയെ (EY) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും അന്തിമ തീരുമാനം ഇതുവരെയായിട്ടില്ല.

ദക്ഷിണേന്ത്യന്‍ വിപണിയില്‍ കണ്ണുവെച്ച് വമ്പന്മാര്‍

സ്വന്തമായി ബ്രാന്‍ഡുകള്‍ കെട്ടിപ്പടുക്കുന്നതിനേക്കാള്‍ മികച്ച വളര്‍ച്ചയുള്ള റീജിയണല്‍ ബ്രാന്‍ഡുകളെ ഏറ്റെടുക്കുകയെന്ന തന്ത്രമാണ് പ്രമുഖ എഫ്ംസിജി കമ്പനികള്‍ ഇപ്പോള്‍ പയറ്റുന്നത്. ദക്ഷിണേന്ത്യയിലെ സ്‌പൈസസ്, പാക്കേജ്ഡ് ഫുഡ് വിപണി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ഈസ്റ്റേണ്‍ (Eastern), നിറപറ (Nirapara), ബ്രാഹ്‌മിന്‍സ് (Brahmins), മന്ന (Manna), എലൈറ്റ് ഫുഡ്‌സ് (Elite Foods) തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുമായി വിപണിയില്‍ കടുത്ത മത്സരം പുലര്‍ത്തുന്ന കമ്പനിയാണ് ഡബിള്‍ ഹോഴ്‌സ്. 1959ല്‍ സ്ഥാപിതമായ മഞ്ജിലാസ് ഫുഡ് ടെക്കിന് കീഴില്‍ ബ്രേക്ക്ഫാസ്റ്റ് മിക്‌സുകള്‍, അരിപ്പൊടികള്‍, മസാലപ്പൊടികള്‍, അച്ചാറുകള്‍, ഇന്‍സ്റ്റന്റ് ഫുഡ് ഉല്‍പന്നങ്ങള്‍ എന്നിവയുണ്ട്.

വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഇതിനകം തന്നെ പാക്കേജ്ഡ് ഫുഡ് രംഗത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ്. കേരളത്തില്‍ നിന്നുള്ള നിറപറ, ബ്രാഹ്‌മിന്‍സ് എന്നിവയുടെ ഭൂരിപക്ഷ ഓഹരികള്‍ ഇതിനകം തന്നെ അവര്‍ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, മുരുഗപ്പ ഗ്രൂപ്പും തങ്ങളുടെ സബ്സിഡിയറിയായ ഇ.ഐ.ഡി പാരി (EID Parry) മുഖേന ഫുഡ് ആന്‍ഡ് അഗ്രി ബിസിനസ് രംഗത്ത് കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നിനായുള്ള മത്സരം ദക്ഷിണേന്ത്യന്‍ ഭക്ഷ്യസംസ്‌കരണ വിപണിയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com