

പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്‌സ് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്. അടുത്തവര്‍ഷം ഏപ്രില്‍ ആകുമ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷമാകും. ഇതുവരെയുള്ള യാത്ര പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായിരുന്നുവെന്നും ഇതിനകം നാല് പാര്‍ക്കുകളും ഒരു റിസോര്‍ട്ടും തുറക്കാനായെന്നും വണ്ടര്‍ലാ ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.
ആഗോള സി.ജി.ഐ ദാതാക്കളായ റെഡ് റെയോണുമായി സഹകരിച്ച് വണ്ടര്‍ലായുടെ ചിഹ്നമായ ചിക്കുവിന്റെ പുതിയ അവതാരവും അഡ്വെഞ്ചേര്‍സ് ഓഫ് ചിക്കു എന്ന പുതിയ ഫിലിമും പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വണ്ടര്‍ലായുടെ ഭാഗ്യചിഹ്നമാണ് ചിക്കു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ധീരന്‍ ചൗധരി, കൊച്ചി പാര്‍ക്ക് ഹെഡ്ഡ് രവികുമാര്‍ എം എ, റെഡ്ഡ് റെയോണ്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സാല്‍വോ ഫല്ലീക്ക തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കൊച്ചി, ബംഗളൂരൂ, ഹൈദരാബാദ്, ഭുവനേശ്വര്‍ എന്നിവടങ്ങളിലാണ് നിലവില്‍ വണ്ടര്‍ലാ പാര്‍ക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ബംഗളൂരുവില്‍ റിസോര്‍ട്ടുകളുമുണ്ട്. അഞ്ചാമത്തെ പാര്‍ക്ക് ചെന്നൈയില്‍ അടുത്ത ഡിസംബറില്‍ തുറക്കും. നിലവിലുള്ള റൈഡുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ റൈഡറുകളും മറ്റ് അവതരിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ്.
അടുത്തിടെ 540 കോടി രൂപ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി സമാഹരിച്ചിരുന്നു. ഇതില്‍ നല്ലൊരു പങ്കും ചെന്നൈ പാര്‍ക്കിന്റെ ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പാര്‍ക്കുകളും മറ്റുമായി വിപുലീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും കടരഹിത കമ്പനിയായാണ് വണ്ടര്‍ലാ ഹോളിഡേയ്‌സ് നില്‍ക്കുന്നത്. ബിസിനസിന്റെ പ്രത്യേകതകൊണ്ടാണിതെന്നും ഉയര്‍ന്ന മൂലധനം ആവശ്യമുള്ള ഒരു മേഖലയായതിനാൽ അധികം കടമെടുത്താല്‍ അത് ഓഹരി വിലയെയും മറ്റും നെഗറ്റീവായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കമ്പനി ഇതില്‍ നിന്ന് വിട്ടു നിൽക്കുന്നതെന്നും അരുൺ പറയുന്നു. എന്നാല്‍ പൂര്‍ണമായും വായ്പാ രഹിതമായി മുന്നോട്ടു പോകാനില്ല. കൂടുതല്‍ പാര്‍ക്കുകള്‍ തുറക്കുന്ന സമയത്ത് കുറച്ച് വായ്പകളെയും ആശ്രയിക്കേണ്ടി വരുമെന്ന് അരുണ്‍ കൂട്ടിച്ചേർത്തു.
ഒരു പാര്‍ക്ക് തുടങ്ങി അത് ലാഭത്തിലേക്കാന്‍ കുറഞ്ഞത് നാല് വര്‍ഷം വരെയെടുക്കാറുണ്ട്. ചില പാര്‍ക്കുകളുടെ കാര്യത്തില്‍ വ്യത്യാസമുണ്ടാകും. വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് ആദ്യ വര്‍ഷം തന്നെ ലാഭകരമായി. അതേസമയം, ബംഗളൂരൂ പാര്‍ക്ക് മൂന്നാമത്തെ വര്‍ഷവും ഹൈദരാബാദ് പാര്‍ക്ക് രണ്ടാമത്ത വര്‍ഷവുമാണ് ലാഭത്തിലേക്കെത്തിയത്. ഭുവനേശ്വര്‍ പാര്‍ക്കും രണ്ടാം വര്‍ഷം മുതല്‍ ലാഭത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷയെന്ന് അരുണ്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ക്കുകളുടെ എണ്ണം അധികം വൈകാതെ 10 ആയി ഉയര്‍ത്തുകയാണ് വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ ലക്ഷ്യം. വലിയ മുതല്‍ മുടക്ക് ആവശ്യമുണ്ടെന്നതാണ് വലിയ വെല്ലുവിളി. നിലവില്‍ 500 കോടി മുടക്കിൽ പാർക്ക് സ്ഥാപിക്കാനായാൽ അടുത്തൊരു പാർക്ക് തുറക്കാൻ ഈ തുക മതിയാകില്ല. പുതിയ സ്ഥലങ്ങളില്‍ പാര്‍ക്ക് തുടങ്ങുക വളരെ ചെലവേറിയതാണ്. ഡല്‍ഹിയില്‍ രണ്ട് പ്രോജക്ടുകള്‍ക്കായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതുകൂടാതെ മധ്യപ്രദേശ്, അഹമ്മദാബാദ്, ഗോവ, ബോംബെ എന്നിവിടങ്ങളിലും പാര്‍ക്കുകള്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അരുണ്‍ പറയുന്നു. അയോദ്ധ്യയില്‍ തുറക്കാനും ചര്‍ച്ചകള്‍ നടന്നിരുന്നു. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ടൂറിസത്തില്‍ വളരെയധികം നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
2024 സെപ്റ്റംബര്‍ വരെ 4.3 കോടി സസന്ദര്‍ശകരാണ് വിവിധ പാര്‍ക്കുകളിലെത്തിയത്.
നേരത്തെ ആളുകള്‍ വിനോദത്തിനായി മാത്രമായിരുന്നു വണ്ടര്‍ലായിലേക്ക് എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഭക്ഷണമുള്‍പ്പെടെയുള്ളവയിലും കൂടുതല്‍ പണം മുടക്കാന്‍ ആഗ്രഹിക്കുന്നത് ആ രംഗത്തും പുതിയ പരിഷ്‌കാരങ്ങള്‍ക്ക് മുതിരാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് അരുണ്‍ ചിറ്റിലപ്പിള്ളി കൂട്ടിച്ചേര്‍ത്തു.
കൊച്ചി വണ്ടര്‍ലായില്‍ നിലവിലുള്ള റസ്റ്ററിന്റിന് പുറമെ വിന്റേജ് കിച്ചണ്‍ എന്ന പുതിയ എ.സി റസ്റ്ററന്റും നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബഫെ രീതിയിലാണ് ഇവിടെ ഭക്ഷണം ലഭ്യമാക്കുന്നത്. ക്രിസ്മസ് പ്രമാണിച്ച് ഡിസംബര്‍ 25 മുതല്‍ 29 വരെ സുറിയാനി ഭക്ഷണങ്ങളാണ് വിന്റേജ് കിച്ചണില്‍ അതിഥികള്‍ക്കായി ഒരുക്കുന്നത്. 599 രൂപയാണ് ബഫെ നിരക്ക്. മറ്റു പാര്‍ക്കുകളില്‍ ഇതിനകം തന്നെ എ.സി റസ്റ്ററന്റുകള്‍ സജീകരിച്ചിട്ടുണ്ട്.
ക്രിസ്മസ് ആഘോഷത്തിന് മാറ്റു കൂട്ടാന്‍ ക്രിസ്മസ് കാര്‍ണിവലും പാര്‍ക്കില്‍ ഒരുക്കുന്നുണ്ട്. നിലവില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം സാധാരണ ദിവസങ്ങളില്‍ വൈകിട്ട് 6.30 വരെയും ശനി, ശായര്‍ ദിവസങ്ങളില്‍ 7.30 വരെയുമാണ്. കാര്‍ണിവലിനോടനുബന്ധിച്ച് രാത്രി 10 മണി വരെ പാര്‍ക്കില്‍ വിവിധ കലാപരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. കാര്‍ണിവലില്‍ പങ്കെടുക്കാന്‍ നിലവിലെ ടിക്കറ്റ് നിരക്കിന് പുറമെ നികുതി അടക്കം 350 രൂപ അധികമായി നല്‍കണം.
ക്രിസ്മസ് പ്രമാണിച്ച് ടിക്കറ്റുകളിലും പ്രത്യേക ഇളവുകള്‍ നല്‍കുന്നുണ്ട്. ഇതു പ്രകാരം ഇപ്പോള്‍ 1,025 രൂപയ്ക്ക് ഓണ്‍ലൈനായി ടിക്കറ്റെടുക്കാം. ജനുവരി 15 വരെ ഈ ടിക്കറ്റുകള്‍ക്ക് കാലാവധിയുമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine