വണ്ടര്‍ലായുടെ ഒന്നാംപാദ ലാഭം കുറഞ്ഞു, ഓഹരി രണ്ടാം ദിനവും 5% ഇടിവില്‍

പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്‌സ് നടപ്പു സാമ്പത്തിക വര്‍ഷം (2024-25) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 63.2 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 84.5 കോടി രൂപയേക്കാള്‍ 25 ശതമാനം കുറവാണിത്. കമ്പനിയുടെ വരുമാനം ഇക്കാലയളവില്‍ 172.9 കോടി രൂപയായി. മുന്‍ വര്‍ഷത്തെ 184.7 കോടി രൂപയില്‍ നിന്ന് വരുമാനം 6.4 ശതമാനം ഇടിഞ്ഞതായും കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ വ്യക്തമാക്കി.

നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (എബിറ്റ്ഡ) മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 117 കോടി രൂപയില്‍ നിന്ന് 91.3 കോടി രൂപയായും കുറഞ്ഞു. അതേസമയം, വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പാദവരുമാനവും എബിറ്റ്ഡയുമാണ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത്.

സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ്

ജൂണ്‍ പാദത്തില്‍ 10.2 ലക്ഷം പേരാണ് വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ വിവിധ പാര്‍ക്കുകളില്‍ സന്ദര്‍ശനം നടത്തിയത്. തൊട്ടുമുന്‍ വര്‍ഷത്തിലിത് 11 ലക്ഷമായിരുന്നു.

കൊച്ചി പാര്‍ക്കില്‍ 2.75 ലക്ഷം സന്ദര്‍ശകരെത്തിയപ്പോള്‍ ബംഗളൂരു പാര്‍ക്കില്‍ 3.58 ലക്ഷം പേരാണ് സന്ദര്‍ശനം നടത്തിയത്. ഹൈദരാബാദ് പാര്‍ക്കില്‍ 2.99 ലക്ഷം പേരും സന്ദര്‍ശകരായെത്തി. ഇക്കഴിഞ്ഞ മേയ് 24ന് ആരംഭിച്ച ഭുവനേശ്വര്‍ പാര്‍ക്കില്‍ ജൂണ്‍ 30 വരെ 70,000 പേരാണ് എത്തിയത്. ഹൈദരാബാദ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചതു മുതലുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണ് കഴിഞ്ഞ പാദത്തില്‍ നേടിയത്. കൊച്ചി പാര്‍ക്കിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനമാണ് ജൂണ്‍ പാദത്തിലേത്.

വണ്ടര്‍ലാ ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം ജൂണ്‍ പാദത്തില്‍ 1,680 രൂപയായി. മുന്‍ വര്‍ഷവുമായി നോക്കുമ്പോള്‍ മൂന്ന് ശതമാനം വര്‍ധനയുണ്ട്.

കൊച്ചി, ബംഗളൂരൂ പോലുള്ള പ്രധാന വിപണികകളെ ഉഷ്ണതരംഗം, വെള്ളത്തിന്റെ ലഭ്യതക്കുറവ്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ തടസങ്ങള്‍ എന്നിവ ബാധിച്ചതാണ് സന്ദര്‍ശകരുടെ എണ്ണം കുറയാനിടയാക്കിയതെന്ന് വണ്ടര്‍ലാ ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. നിരന്തരമായ നവീകരണവും ഗുണമേന്മയും ഉപയോക്തൃ സംതൃപ്തിയും ഉറപ്പു വരുത്താന്‍ കമ്പനി നടത്തുന്ന ശ്രമങ്ങളും പുതിയ വിപുലീകരണവും വരും പാദങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിക്കുമെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

ഓഹരികള്‍ ഇടിവില്‍

ഇന്നലെ പാദഫല പ്രഖ്യാപനം നടത്തിയതു മുതല്‍ ഇടിവിലാണ് വണ്ടര്‍ലാ ഹോളിഡേയ്‌സ് ഓഹരികള്‍. ഇന്നലെ 5.15 ശതമാനം ഇടിഞ്ഞ ഓഹരി വില ഇന്നും നാല് ശതമാനത്തിലധികം താഴേക്ക് പോയി. നിലവില്‍ നാല് ശതമാനം താഴ്ന്ന് 847.95 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 35 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് വണ്ടര്‍ല ഹോളിഡേയ്‌സ്. കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇക്വിറ്റി, ഡെറ്റ് ഇന്‍സ്ട്രുമെന്റുകളിലൂടെ മൂലധനം സമാഹരിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി.

Related Articles
Next Story
Videos
Share it