വണ്ടര്‍ലാ ഹോളിഡേയ്‌സിന് 148.9 കോടി രൂപ വാര്‍ഷിക ലാഭം

അമ്യൂസ്മെന്റ് പാര്‍ക്ക് കമ്പനിയായ വണ്ടര്‍ലാ ഹോളിഡേയ്സ് 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 35.05 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം സമാനപാദത്തിലിത് 8.51 കോടി രൂപയായിരുന്നു. അതേ സമയം കോവിഡ് പ്രതിസന്ധിയില്ലായിരുന്ന 2020 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലിത് 1.56 കോടിയായിരുന്നു.

കമ്പനിയുടെ വാര്‍ഷിക മൊത്ത വരുമാനം 452.4 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 133.3 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 2023 സാമ്പത്തിക വര്‍ഷത്തില്‍ 148.9 കോടി രൂപയാണ്. അതേസമയം, 2022 സാമ്പത്തിക വര്‍ഷത്തില്‍ 9.4 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാര്‍ക്കുകള്‍ അടച്ചിട്ടതാണ് നഷ്ടത്തിനിടയാക്കിയത്.

EBITDA മാര്‍ജിന്‍ 52 ശതമാനമാണ്. ഓഹരിയൊന്നിന് 2.50 രൂപ ഡിവിഡന്റിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്പനിയുടെ പ്രതിയോഹരി വരുമാനം(ഇ.പി.എസ്) 26.33 രൂപയിലെത്തി.

സന്ദര്‍ശകരുടെ എണ്ണം ഉയര്‍ന്നു

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 33.1 ലക്ഷം പേരാണ് കമ്പനിയുടെ മൂന്ന് പാര്‍ക്കുകളിലുമായി സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ പാദത്തില്‍ മാത്രം കൊച്ചി പാര്‍ക്ക് സമ്പര്‍ശിച്ചവരുടെ എണ്ണം 3.03 ലക്ഷമാണ്. 2020 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തെ അപേക്ഷിച്ച് 128 ശതമാനത്തിന്റെ വര്‍ധനയുണ്ട്. ബാംഗളൂര്‍ പാര്‍ക്കില്‍ 2.69 ലക്ഷം പേരും ഹൈദരാബാദ് പാര്‍ക്കില്‍ 2.33 ലക്ഷം പേരും സന്ദര്‍ശനം നടത്തി.

2022-23 സാമ്പത്തിക വര്‍ഷത്തിലും നാലാപാദത്തിലും മികച്ച ബിസിനസ് കാഴ്ചവയ്ക്കാന്‍ സാധിച്ചെന്നും സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയായും വരുമാന വളര്‍ച്ച മൂന്നിരട്ടിയും ആയി ഉയര്‍ന്നെന്നും വണ്ടര്‍ലാ ഹോളിഡേയ്‌സിന്റ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. ഒഡിഷയിലെ ഭുവനേശ്വറില്‍ പുതിയ പാര്‍ക്ക് 2025 ല്‍ പ്രവര്‍ത്തനമാരംഭിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ ഓഹരി വില ഇന്ന് മൂന്ന് ശതമാനം ഉയര്‍ന്നു. 478 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

Related Articles
Next Story
Videos
Share it