വണ്ടര്‍ലാ ഹോളിഡേയ്‌സ് ഓഹരികളില്‍ 14.5 ശതമാനം കുതിപ്പ്, കാരണം ഇതാണ്

കഴിഞ്ഞ ജൂലൈ ഒമ്പതിനു ശേഷമുള്ള ഉയര്‍ന്ന വില തൊട്ടിരിക്കുകയാണ് ഓഹരി
Wonderla logo and Ride
Image : Wonderla
Published on

പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക്, റിസോര്‍ട്ട് സ്ഥാപനമായ വണ്ടര്‍ലാ ഹോളിഡേയ്‌സ് ഓഹരികള്‍ക്ക് ഇന്ന് വന്‍ കുതിപ്പ്. രാവിലെ വ്യാപാരം തുടങ്ങിയതിനു ശേഷം ഓഹരി വില 15 ശതമാനത്തോളമാണ് ഉയര്‍ന്നത്. വണ്ടര്‍ലാ ഓഹരികള്‍ക്ക് 829.74 രൂപ പ്രകാരം ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണല്‍ പ്ലേസ്‌മെന്റ് (ക്യു.ഐ.പി) നടത്തിയതാണ് ഓഹരി വില ഉയര്‍ത്തിയത്.

600 കോടി രൂപയാണ് ക്യു.ഐ.പി വഴി ഇന്ന് സമാഹരിക്കുന്നതെന്ന് ബി.എസ്.ഇയ്ക്ക് സമര്‍പ്പിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഒക്ടോബര്‍ നാലിനാണ് ക്യു.ഐ.പി വഴി 800 കോടി രൂപ സമാഹരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. ഒന്നോ അതിലധികമോ തവണകളായിട്ടാണ് മൂലധന സമാഹരണം നടത്തുകയെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ അംഗീകൃത ഓഹരി മൂലധനം (authorised share capital) 6 കോടി രൂപയില്‍ നിന്ന് 80 കോടി രൂപയായി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിലെ 10 രൂപ മുഖവിലയുള്ള ആറ് കോടി ഓഹരികളെ 10 രൂപ വീതമുള്ള എട്ട് കോടി ഇക്വിറ്റി ഓഹരികളാക്കി മാറ്റും.

ഓഹരിക്ക് ബൈ റേറ്റിംഗ്

ഇന്ന് ഒറ്റയടിക്ക് ഓഹരി വില 14.69 ശതമാനം ഉയര്‍ന്ന് 947.40 രൂപയായി. ജൂലൈ ഒമ്പതിനു ശേഷമുള്ള ഏറ്റവും യര്‍ന്ന വിലയിലാണിത്. ഈ വര്‍ഷം ഇതു വരെയുള്ള കാലയളവെടുത്താല്‍ ഓഹരിയുടെ പ്രകടനം അത്ര ആകര്‍ഷകമല്ല. ആറ് ശതമാനത്തോളം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഒരു വര്‍ഷക്കാലയളവില്‍ മൂന്ന് ശതമാനത്തിലധികം നഷ്ടവും  നല്‍കിയിട്ടുണ്ട്. അതേസമയം, അഞ്ച് വര്‍ഷക്കാലയളവില്‍ 274 ശതമാനമാണ് ഓഹരിയുടെ നേട്ടം.

കമ്പനിയെ ട്രാക്ക് ചെയ്യുന്ന മൂന്ന് അനലിസ്റ്റുകള്‍ ഓഹരിക്ക് ബൈ റേറ്റിംഗ് നല്‍കിയതായി ബ്ലൂംബെര്‍ഗ് ഡേറ്റ പറയുന്നു.

ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ വണ്ടര്‍ലായുടെ ലാഭം 63.2 ശതമാനമായിരുന്നു. വരുമാനം 172.9 കോടി രൂപയും. മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ 25 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com