അടിപൊളിമ്പിക്സ് വണ്ടർലാ ! 2030 ൽ ലക്ഷ്യം 10 അമ്യൂസ്മെൻ്റ് പാർക്കുകൾ

മഴക്കാലമായാലും വേനല്‍ക്കാലമായാലും മലയാളികള്‍ കുടുംബവുമായി ഒഴുകിയെത്തുന്ന ഇടമാണ് കൊച്ചിയിലെ വണ്ടര്‍ല അമ്യൂസ്‌മെന്റ് പാര്‍ക്ക്. ഓരോ സീസണിലും പുതിയ റൈഡുകളും ആകര്‍ഷണങ്ങളുമായി ആളുകളെ മടുപ്പിക്കാതെ വരവേല്‍ക്കുന്നുമുണ്ട് വണ്ടര്‍ലാ. ഈ മണ്‍സൂണ്‍ കാലം ആഘോഷമാക്കാന്‍ മഴക്കാല മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 'അടിപൊളിമ്പിക്സിനു' തുടക്കം കുറിച്ചിരിക്കുകയാണ് കൊച്ചി വണ്ടര്‍ല. ചലച്ചിത്ര താരവും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍, വണ്ടര്‍ല ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ധീരന്‍ ചൗധരി, കൊച്ചി വണ്ടര്‍ല പാര്‍ക്ക് മേധാവി രവികുമാര്‍ എം.എ എന്നിവര്‍ ചേര്‍ന്ന് ചാമ്പ്യന്‍ഷിപ്പ് ദീപശിഖ തെളിയിച്ചു.

ആവേശകരവും രസകരവുമായ നിരവധി ടാസ്‌ക്കുകളുടെ ഒരു പരമ്പരയാണ് അടിപൊളിമ്പിക്സ്. എല്ലാ ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലും നടക്കുന്ന സാഹസിക ഗെയിമുകള്‍ ഓഗസ്റ്റ് 25-ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെ വരെ തുടരും. അക്വാമാന്‍ ചലഞ്ച്, വണ്ടര്‍ല ഡെവിള്‍സ് സര്‍ക്യൂട്ട്, മെഗാ ഫുഡി മത്സരം എന്നിങ്ങനെ വ്യത്യസ്തമായ ഗെയിമുകളാണ് ഒരുക്കിയിരിക്കുന്നത്. വിജയികള്‍ക്ക് 350 സി.സി ബൈക്ക്, 70,000 രൂപ മൂല്യമുള്ള ട്രാവല്‍ വൗച്ചറുകള്‍, 30,000 രൂപ വില വരുന്ന ഇ-മോട്ടറാഡ് ഇലക്ട്രിക് സൈക്കിളുകള്‍, വണ്ടര്‍ലാ റിസോര്‍ട്ടിലെ സൗജന്യ താമസം, 30,000 രൂപ വില വരുന്ന
ഇലക്ട്രിക് സൈക്കിൾ
എന്നിങ്ങനെ നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇവയ്ക്കു പുറമെ, പ്രതിദിന സമ്മാനങ്ങളായി പ്രീമിയം വാച്ചുകളും ജനപ്രിയ റെസ്റ്റോറന്റുകളിലും ഡൈനിംഗ് ഔട്ട്‌ലെറ്റുകളിലും ഉപയോഗിക്കാവുന്ന ഡൈനിംഗ് വൗച്ചറുകളും നല്‍കും. അടിപൊളിമ്പിക്‌സിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകളില്‍ 20 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനം വരെയും കിഴിവ് ലഭിക്കും.

ചെന്നൈ പാര്‍ക്ക് അടുത്ത വര്‍ഷം

വണ്ടര്‍ല ചെന്നൈയില്‍ നിര്‍മാണം ആരംഭിച്ച പാര്‍ക്ക് അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് വണ്ടര്‍ല ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി
ധനം ഓണ്‍ലൈനിനോട്
പറഞ്ഞു. ''നിലവിലുള്ള പാര്‍ക്കുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ റൈഡുകൾ അവതരിപ്പിച്ചുകൊണ്ടാകും ചെന്നൈ പാര്‍ക്ക് ആളുകളെ ആകര്‍ഷിക്കുക. കൊച്ചി, ബംഗളൂരു പാർക്കുകളിലേക്ക് ചെന്നൈ, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധി സന്ദര്‍ശകരെത്താറുണ്ട്. അതിനാല്‍ വ്യത്യസ്തത കൊണ്ടു വന്നാലെ കാര്യമുള്ളു. ഹൈടെക്കായ, വിര്‍ച്വല്‍ റിയാലിറ്റി (VR) ഒക്കെ ഉള്‍പ്പെടുത്തികൊണ്ടുള്ള കൂടുതല്‍ റൈഡുകള്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ കൊച്ചിയിലും മറ്റും വി.ആര്‍ റൈഡുകള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിനേക്കാൾ മികച്ചതാകും
ചെന്നൈയില്‍ അവതരിപ്പിക്കുക.'' അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.
കൊച്ചി പാര്‍ക്കില്‍ റിസോര്‍ട്ട്
കൊച്ചി അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയിട്ട് 24 വര്‍ഷം കഴിഞ്ഞു. ഇവിടെയുള്ള സ്ഥലം ഏതാണ്ട് പൂര്‍ണമായി തന്നെ വിനിയോഗിച്ചിരിക്കുകയാണ്. ഇനി പുതിയ റൈഡുകളും മറ്റും സ്ഥാപിക്കണമെങ്കില്‍ നിലവിലുള്ള റൈഡുകള്‍ പലതും മാറ്റിയാല്‍ മാത്രമേ സാധിക്കൂ. പാര്‍ക്കിനോട് ചേര്‍ന്ന് കുറച്ച് സ്ഥലം റിസോര്‍ട്ടുകള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കാനാണ് വണ്ടര്‍ലാ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 11-12 ലക്ഷത്തോളം ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്.
നിലവിൽ ബംഗളുരുവിൽ മാത്രമാണ്
റിസോര്‍ട്ടുള്ളത്. ഹൈദരാബാദിലും റിസോര്‍ട്ട് തുടങ്ങുന്നത് പരിഗണനയിലാണെന്ന് അരുണ്‍ പറഞ്ഞു.
നിരന്തരം പുതുമ വേണം
സുരക്ഷിതത്വത്തിനും ശുചിത്വത്തിനും കൊടുക്കുന്ന പ്രാധാന്യമാണ് വണ്ടര്‍ലാ മ്യൂസ്‌മെന്റ് പാര്‍ക്കുകളെ വേറിട്ട് നിര്‍ത്തുന്നത്. ആയിരത്തോളം ജീവനക്കാരാണ് ഓരോ പാര്‍ക്കിലും ജോലി ചെയ്യുന്നത്. സുരക്ഷിതത്വവും മറ്റും ഉറപ്പാക്കാന്‍ ശരിയായ സിസ്റ്റവും കണ്‍ട്രോള്‍ മെക്കാനിസവും സ്ഥിരമായ മെയിന്റനന്‍സ് സംവിധാനവും വേണം. ഓരോ റൈഡിന്റെയും പ്രവര്‍ത്തനം ശരിയായ രീതിയിലാണെന്ന് ഉറപ്പു വരുത്താനായി കൃത്യമായ ഇടവേളകളില്‍
പുറത്തുനിന്ന് എസ്‌പേര്‍ട്ടുകളെ കൊണ്ടു വന്ന്
ഓഡിറ്റ് നടത്തുന്നു. നിരന്തരമെന്നോണം റൈഡുകളില്‍ ഏതെങ്കിലും തരത്തിലുള്ള മെച്ചപ്പെടുത്തലുകള്‍ നടത്താറുണ്ട്. ലൈഫ് സൈക്കിള്‍ കഴിയുന്ന മുറയ്ക്ക് റൈഡുകള്‍ കൃത്യമായി മാറ്റി സ്ഥാപിക്കാറുമുണ്ട്.
ആഗോള തലത്തിലുള്ള അമ്യൂസ്മെൻ്റ് പാര്‍ക്കുകളോടു പോലും കിടപിടിക്കുന്ന രീതിയില്‍ റൈഡ്‌സുകള്‍ ഒരുക്കാനാണ് വണ്ടര്‍ലാ ടീം ശ്രദ്ധിക്കുന്നത്. ഇവിടുത്തെ ആവശ്യകതയ്ക്ക് ഇണങ്ങുന്ന റൈഡുകള്‍ വികസിപ്പിക്കാന്‍ സജ്ജമായ ഇന്‍ഹൗസ് ടീം ഉണ്ട്. അതുകൂടാതെ വിദേശത്തു നിന്ന് വമ്പന്‍
റൈഡുകൾ രൂപകൽപന
ചെയ്ത് കൊണ്ടു വരുന്നുമുണ്ടെന്ന് അരുണ്‍ പറയുന്നു.

ലക്ഷ്യം ആറ് വര്‍ഷത്തിനുള്ളില്‍ 10 പാര്‍ക്കുകള്‍

2030ല്‍ നിലവിലുള്ളതിന്റെ ഇരട്ടിയായെങ്കിലും ബിസിനസ് വളര്‍ച്ച നേടണമെന്ന ലക്ഷ്യത്തിലാണ് വണ്ടര്‍ലായുടെ പ്രവര്‍ത്തനങ്ങള്‍. ഭൂവനേശ്വര്‍ പാര്‍ക്ക് ഇക്കഴിഞ്ഞ മേയിലാണ് ഉദ്ഘാടനം ചെയ്തത്. ചെന്നൈ പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകഴിഞ്ഞാലുടന്‍ ഡല്‍ഹിയിലും ഇന്‍ഡോറിലുമാണ് ഉടന്‍ പാര്‍ക്കുകള്‍ തുറക്കാന്‍ ആലോചിക്കുന്നത്. പഞ്ചാബിലും അഹമ്മദാബാദിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്ക് നല്ല സാധ്യതകളുണ്ട്. അധികം വൈകാതെ പുതിയ സ്ഥലങ്ങളിലേക്ക് കടന്നെത്തും.
2030ഓടെ 10 പാർക്കുകൾ
എന്നതാണ് ലക്ഷ്യമെന്ന് അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരുകള്‍ക്ക് വിനോദ പാര്‍ക്ക് വ്യവസായത്തോട് വളരെ അനുകൂലമനോഭാവമാണുള്ളതെന്ന് അരുണ്‍ പറയുന്നു. നിരവധി ആളുകള്‍ക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുവെന്ന തിരിച്ചറിവുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ പല ഇളവുകളും പ്രോത്സാഹനങ്ങളുമൊക്കെ നല്‍കുന്നുണ്ട്. ധാരാളം ആളുകള്‍ ഈ വ്യവസായവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യേണ്ടി വരും. എത്ര ഓട്ടോമേറ്റ് ചെയ്താലും മനുഷ്യ ഇടപെടലുകള്‍ ഒഴിവാക്കാനാകില്ലെന്നതിനാല്‍ സ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന മേഖലയാണിത്. പല സംസ്ഥാനങ്ങളും വളരെ അനുകൂലമനോഭാവമാണ് വിനോദ വ്യവസായ മേഖലയോട് കാണിക്കുന്നതെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
Related Articles
Next Story
Videos
Share it