

വണ്ടർലാ ഹോളിഡേയ്‌സിന്റെ മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അറ്റാദായം 45.7 ശതമാനം ഇടിഞ്ഞ് 20.30 കോടി രൂപയായി. മൂന്നാം പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തി. വരുമാനം 2.33 ശതമാനം ഇടിഞ്ഞ് 126.50 കോടി രൂപയായി.
കഴിഞ്ഞ വർഷം ഇതേ പാദത്തില്‍ 129.52 കോടി രൂപ വരുമാനമാണ് കമ്പനി നേടിയത്. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്ന് പാദങ്ങളും കണക്കിലെടുത്താല്‍ കമ്പനിയുടെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 27.4 ശതമാനം ഇടിഞ്ഞ് 98.26 കോടി രൂപയായി.
ക്യുഐപി വഴി 540 കോടി രൂപയുടെ ഫണ്ട് സമാഹരണം നടത്താനായത് കമ്പനിയുടെ ഈ പാദത്തിലെ പ്രധാന നേട്ടങ്ങളില്‍ ഒന്നാണ്. വണ്ടര്‍ലാ പാര്‍ക്ക്സ് ആന്‍ഡ് റിസോര്‍ട്ട്സില്‍ 9.18 ലക്ഷം ആളുകളുടെ റെക്കോർഡ് സന്ദര്‍ശനമാണ് മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയത്.
വണ്ടർലാ ഹൈദരാബാദ് ആരംഭിച്ചതിന് ശേഷമുളള ഏറ്റവും ഉയർന്ന പാദ വരുമാനവും ആളുകളുടെ സന്ദര്‍ശനവുമാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്. ബംഗളൂരുവില്‍ 2.99 ലക്ഷവും കൊച്ചിയില്‍ 2.57 ലക്ഷവും ഹൈദരാബാദില്‍ 3.28 ലക്ഷവും ഭുവനേശ്വറില്‍ 0.34 ലക്ഷവും ആളുകളാണ് വണ്ടര്‍ലാ സന്ദര്‍ശിച്ചത്.
വരുമാനത്തിലും ലാഭത്തിലും ഇടിവ് രേഖപ്പെടുത്തിയ മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം ഇന്നലെ വണ്ടര്‍ലാ ഓഹരി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി 6.65 ശതമാനം ഇടിഞ്ഞ് 717.3 രൂപയിലാണ് ക്ലോസ് ചെയ്തത്.
Read DhanamOnline in English
Subscribe to Dhanam Magazine