

പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃഖലയായ വണ്ടര്‍ലാ ഹോളിഡേയ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ജനുവരി-മാര്‍ച്ച് പാദത്തില്‍ 22.60 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 35.23 കോടി രൂപയേക്കാള്‍ 35.9 ശതമാനം കുറവാണിത്. ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 37.35 കോടി രൂപയുമായി നോക്കുമ്പോള്‍ 39.5 ശതമാനത്തിന്റെ കുറവുണ്ട്.
മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തിലെ 112.6 കോടി രൂപയില്‍ നിന്ന് 6.9 ശതമാനം കുറഞ്ഞ് 104.8 കോടി രൂപയായി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തിലിത് 117.75 കോടി രൂപയായിരുന്നു.
വാര്‍ഷിക ലാഭം
നാലാം പാദത്തില്‍ വരുമാനവും ലാഭവും ഇടിഞ്ഞെങ്കിലും മൊത്തം സാമ്പത്തികവര്‍ഷത്തിൽ വളർച്ചയുണ്ട്. കമ്പനിയുടെ വാര്‍ഷിക മൊത്ത വരുമാനം 506 കോടി രൂപയായി. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 452.4 കോടി രൂപയായിരുന്നു. കമ്പനിയുടെ ലാഭം 2024 സാമ്പത്തിക വര്‍ഷത്തില്‍ 157 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 148 കോടി രൂപയായിരുന്നു.
ഓഹരിയൊന്നിന് 2.50 രൂപ വീതം അന്തിമ ലാഭവിഹിതവും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഓഹരിയിടിവില്‍
ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം അവസാനിക്കുന്നതിനു തൊട്ടു മുമ്പായാണ് കമ്പനി ഫലപ്രഖ്യാപനത്തെ കുറിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. രാവിലെ മുതല്‍ തന്നെ ഇടിവിലായിരുന്ന ഓഹരി അതോടെ കൂടുതല്‍ ഇടിഞ്ഞു. വ്യാപാരാന്ത്യത്തില്‍ 5.45 ശതമാനത്തോളം വിലയിലിടിഞ്ഞ് 916.20 രൂപയിലാണ് ഓഹരിയുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിക്ഷേപകര്‍ക്ക് 102 ശതമാനവും മൂന്നു വര്‍ഷക്കാലയളവില്‍ 391 ശതമാനവും നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണ് വണ്ടര്‍ലാ.
Read DhanamOnline in English
Subscribe to Dhanam Magazine