എം.എ യൂസഫലിയുടെ സിയാല്‍ ഓഹരി പങ്കാളിത്തം 12.11 ശതമാനമായി

സിന്തൈറ്റിന്റെ ഓഹരി പങ്കാളിത്തം താഴേക്ക്, സര്‍ക്കാര്‍ ഓഹരി കൂടി
M.A Yusuff Ali
M.A Yusuff Ali
Published on

ലുലു ഗ്രൂപ്പ് സ്ഥാപകനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ യൂസഫലിക്ക് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുള്ള (സിയാല്‍) ഓഹരി പങ്കാളിത്തം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 12.11 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിയാലില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി വരികയാണ് എം.എ യൂസഫലി.

2023 മാര്‍ച്ച് 31ലെ 11.76 ശതമാനത്തില്‍ നിന്നാണ്  12.11 ശതമാനമായത്. ഓഹരികളുടെ എണ്ണം 4.49 കോടിയില്‍ നിന്ന് 5.7 കോടിയായി ഉയര്‍ന്നു.

 2024 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 478 കോടി രൂപ റൈറ്റ് ഇഷ്യു വഴി സമാഹരിച്ചിരുന്നു. നിലവിലുള്ള ഓഹരിയുടമകള്‍ക്ക് നാല് ഓഹരികള്‍ക്ക് ഒരു ഓഹരിയൊന്ന് എന്ന കണക്കില്‍ 50 രൂപ പ്രകാരം ഓഹരി സ്വന്തമാക്കാനാകുമായിരുന്നു. ഇതു പ്രകാരം എം.എ യൂസഫലിക്ക് 1.12 കോടി ഓഹരികളാണ് അധികമായി വാങ്ങാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 1.29 കോടി വര്‍ധിച്ചതായാണ് സിയാലിന്റെ വാര്‍ഷിക രേഖകളില്‍ കാണുന്നത്. റൈറ്റ് ഇഷ്യു പ്രയോജനപ്പെടുത്താതിരുന്ന ഓഹരിയുടമകളില്‍ നിന്ന് അധിക ഓഹരികള്‍ എം.എ യൂസഫലി സ്വന്തമാക്കിയിരിക്കാം എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

ഓഹരി മൂല്യം 

2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് സിയാലിന്റെ മൊത്തം ഓഹരികളുടെ എണ്ണം 47.82 കോടിയാണ്. അനൗദ്യോഗിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റ്) 435-495 രൂപയ്ക്കാണ് ഓഹരി വ്യാപാരം നടത്തുന്നത്. അതനുസരിച്ച് 20,800-23,600 കോടി രൂപയാണ് സിയാലിന്റെ വിപണി മൂല്യം. ഇതു പ്രകാരം എം.എ യൂസഫലിയുടെ കൈവശമുള്ള ഓഹരികളുടെ വിപണി മൂല്യം ഏകദേശം 2,800 കോടി രൂപയോളം വരും.

എം.എ യൂസഫലിക്ക് സിയാലിനു പുറമേ കണ്ണൂര്‍ വിമാനത്താവളത്തിലും കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കുകളിലും ഓഹരി പങ്കാളിത്തമുണ്ട്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് എം.എ യൂസഫലിക്ക് 8.59 ശതമാനം ഓഹരികളുണ്ട്. ധനലക്ഷ്മി ബാങ്കിലും സി.എസ്.ബി ബാങ്കിലും 4.99 ശതമാനം വീതവും ഫെഡറല്‍ ബാങ്കില്‍ 4.47 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 4.32 ശതമാനവുമാണ് യൂസഫലിയുടെ ഓഹരി പങ്കാളിത്തം.

സിയാല്‍ ഓഹരിയുടമകള്‍

കേരള സര്‍ക്കാരാണ് സിയാലിലെ ഏറ്റവും വലിയ ഓഹരി പങ്കാളികള്‍. 2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് സര്‍ക്കാരിന്റെ കൈവശം 33.38 ശതമാനം ഓഹരിയാണുള്ളത്. അതായത് 15.96 കോടി ഓഹരികള്‍. 

പ്രമുഖ പ്രവാസി വ്യവസായി എന്‍.വി. ജോര്‍ജാണ് സിയാലിന്റെ മൂന്നാമത്തെ ഏറ്റവും വലിയ ഓഹരിയുടമ. അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 2023 മാര്‍ച്ച് 31ലെ 7 ശതമാനത്തില്‍ നിന്ന് 5.94 ശതമാനമായി കുറഞ്ഞു. 

സിന്തൈറ്റ് ഇന്‍ഡസ്ട്രീസായിരുന്നു കഴിഞ്ഞ വര്‍ഷം വരെ സിയാലിന്റെ നാലാമത്തെ ഏറ്റവും വലിയ ഓഹരി ഉടമകള്‍. 2020 മാര്‍ച്ചില്‍ 6.53 ശതമാനം ഓഹരികളുണ്ടായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ അത് മൂന്ന് ശതമാനമായി കുറഞ്ഞു. നിലവില്‍ അഞ്ച് ശതമാനത്തില്‍ താഴെയായതിനാല്‍ കൃത്യമായ കണക്ക് ലഭ്യമല്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com