

'സാമ്പത്തിക ഉല്‍പന്നങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുക.' ഒന്നരപ്പതിറ്റാണ്ടായി സാമ്പത്തിക സേവന രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ച് പേരടങ്ങുന്ന സംഘത്തിന്റെ സ്വപ്നമായിരുന്നു അത്. മനു മോഹന്‍, കിഷോര്‍ ജി, വിഷ്ണു വേണുഗോപാല്‍, വിച്ചുമോന്‍, അജിത് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഒരു വര്‍ഷം മുമ്പ് കായംകുളത്ത് ഗ്രോ വെല്‍ത്ത് ഗ്രൂപ്പിന് തുടക്കമിട്ടത്. കാര്‍ഷിക, ബിസിനസ് വായ്പകള്‍, സ്വര്‍ണപ്പണയ വായ്പ, കണ്‍സ്യൂമര്‍ ഗുഡ്സ് ലോണ്‍, ഇന്‍ഷുറന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രോ വെല്‍ത്ത് ഗ്രൂപ്പിന് സാരഥികള്‍ തുടക്കം കുറിച്ചത്.
ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരുകൂട്ടം യുവാക്കള്‍ തങ്ങളുടെ 15 വര്‍ഷത്തെ പ്രവര്‍ത്തനപരിചയത്തിന്റെ പിന്‍ബലത്തില്‍ തുടങ്ങിയ സ്ഥാപനമാണിത്. ഇവര്‍ സ്വരുക്കൂട്ടിയ തുക ബിസിനസ് വായ്പകള്‍ നല്‍കി വളര്‍ത്തുകയായിരുന്നു ആദ്യം ചെയ്തത്. അതില്‍ നിന്നുള്ള ലാഭം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചതെന്ന് സാരഥികള്‍ പറയുന്നു.
ഗ്രോ ഗ്രാമീണ്‍ ഇന്റഗ്രേറ്റഡ് ഫൗണ്ടേഷന്‍ എന്ന പേരിലായിരുന്നു സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം, നേത്ര പരിശോധന ക്യാമ്പുകള്‍, വൃദ്ധ സദനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ
ണവും വസ്ത്രങ്ങളും വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കായിരുന്നു മുന്‍ഗണന. ഈ അഞ്ചുപേര്‍ തന്നെയായിരുന്നു കമ്പനിയുടെ ആദ്യ ജീവനക്കാരും.
വൈകാതെ തന്നെ ഗ്രോ ഗ്രാമീണ്‍ പ്രൊഡ്യൂസര്‍ കമ്പനി കൂടി രൂപീകരിച്ച് കാര്‍ഷിക മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ചെറുകിട വായ്പകള്‍ ലഭ്യമാക്കിക്കൊണ്ട്, കര്‍ഷകര്‍ക്ക് കൃഷി വികസിപ്പിക്കാന്‍ ആവശ്യമായ ധനസഹായം നല്‍കുകയാണ് സ്ഥാപനം ഇതിലൂടെ ചെയ്യുന്നത്.
ഇന്ന് ഏകദേശം ആയിരത്തിലേറെ ഇടപാടുകാര്‍ ഈ സ്ഥാപനത്തിനുണ്ട്. കായംകുളത്തിന് പുറമെ തൃപ്പൂണിത്തുറ, അടൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലും കമ്പനിയുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശാസ്താംകോട്ടയില്‍ പുതിയ ശാഖ തുറക്കാനുള്ള തയാറെടുപ്പിലാണ്.
കേരളത്തിലും കര്‍ണാടകയിലും തമിഴ്നാട്ടിലുമായി 25ലേറെ പുതിയ ശാഖകള്‍ തുറന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സ്ഥാപനം. ഗ്രാമീണ മേഖലയുടെ വികസനം, സംരംഭകത്വം, കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഗ്രോ വെല്‍ത്ത്ഗ്രൂപ്പിനുള്ളതെന്ന് സാരഥികള്‍ പറയുന്നു.
ചെറുകിട വായ്പകള്‍ക്ക് പുറമെ ഹ്രസ്വകാല നിക്ഷേപങ്ങളും സ്ഥാപനം സ്വീകരിക്കുന്നുണ്ട്. പരമാവധി മൂന്ന് വര്‍ഷത്തേക്കുള്ള നിക്ഷേപമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
ഭാവിയില്‍ സ്വര്‍ണപ്പണയ വായ്പകള്‍ കൂടി ലഭ്യമാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. അതോടൊപ്പം ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി യോജിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകളും നല്‍കും. കണ്‍സ്യൂമര്‍ ഗുഡ്സിനുള്ള ഇഎംഐ വായ്പകള്‍ നല്‍കാനും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഫാം തുടങ്ങാനും പദ്ധതിയുണ്ട്. വാഴ, പൈനാപ്പിള്‍, ചീര, കപ്പ തുടങ്ങിയവയുടെ കൃഷിക്കൊപ്പം ആട്, പോത്ത് ഫാമുകളും വികസിപ്പിക്കും.
വികസന ലക്ഷ്യങ്ങള്‍ഭാവിയില്‍ രാജ്യത്തെ അറിയപ്പെടുന്ന സാമ്പത്തിക സേവന ദാതാക്കളായി മാറുക എന്നതാണ് ഗ്രോ വെല്‍ത്ത് ഗ്രൂപ്പിന്റെ ലക്ഷ്യം.
അതിനായി ബാങ്കിതര ധനകാര്യ സ്ഥാപനമായി മാറാനും ഗ്രൂപ്പിന് കീഴില്‍ ഗ്രോ വെല്‍ത്ത് അഗ്രി മള്‍ട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി രൂപീകരിക്കാനും പദ്ധതിയുണ്ട്. അപ്പോഴും കാര്‍ഷിക മേഖലക്കായിരിക്കും പ്രഥമ പരിഗണനയെന്ന് സാരഥികള്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine