വായ്പാ പലിശ നിരക്കുകളിൽ മാറ്റവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്; ഹ്രസ്വകാല നിരക്കുകൾ കൂട്ടി, ദീർഘകാല പലിശ കുറച്ചു

ഓഗസ്റ്റ് 20 മുതൽ പുതിയ എം.സി.എൽ.ആർ നിരക്കുകൾ നിലവിൽ വരും; വ്യക്തിഗത, വാഹന, ഭവന വായ്പകളെ സ്വാധീനിക്കും
SIB logo and Indian Rupee sack
Image : Canva and SIB
Published on

കേരളം ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കിംഗ് പ്രമുഖരായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank) വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ എം.സി.എൽ.ആർ (MCLR) പരിഷ്കരിച്ചു. പുതിയ നിരക്കുകൾ ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ വരും. ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കിൽ വർധന വരുത്തിയ ബാങ്ക്, ദീർഘകാല കാലാവധിയുള്ള വായ്പകളുടെ നിരക്കുകൾ കുറയ്ക്കുകയാണ് ചെയ്തത്. കഴിഞ്ഞ ജൂലൈ 20-ന് പുതുക്കിയ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, അടിയന്തര ആവശ്യങ്ങൾക്കുള്ള വായ്പകളുടെ പലിശ ഉയർന്നപ്പോൾ വ്യക്തിഗത, വാഹന, ഭവന വായ്പകളെ സ്വാധീനിക്കുന്ന ദീർഘകാല നിരക്കുകളിൽ കുറവുണ്ടായിട്ടുണ്ട്.

വ്യത്യസ്ത കാലാവധികളിലെ പുതിയ നിരക്കുകൾ

പുതുക്കിയ നിരക്കുകൾ പ്രകാരം ഓവർനൈറ്റ് എം.സി.എൽ.ആർ 8.00 ശതമാനത്തിൽ നിന്ന് 15 ബേസിസ് പോയിന്റ് വർധിച്ച് 8.15 ശതമാനമായി. ഒരു മാസത്തെ എം.സി.എൽ.ആർ 8.45 ശതമാനത്തിൽ നിന്ന് 5 ബേസിസ് പോയിന്റ് ഉയർന്ന് 8.50 ശതമാനത്തിലെത്തി. അതേസമയം, ദീർഘകാല നിരക്കുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്; മൂന്ന് മാസത്തെ എം.സി.എൽ.ആർ 9.40 ശതമാനത്തിൽ നിന്ന് 20 ബേസിസ് പോയിന്റ് കുറഞ്ഞ് 9.20 ശതമാനമായും, ആറ് മാസത്തെ നിരക്ക് 9.45 ശതമാനത്തിൽ നിന്ന് 20 ബേസിസ് പോയിന്റ് കുറഞ്ഞ് 9.25 ശതമാനമായും താഴ്ന്നു. കൂടാതെ, ഒരു വർഷത്തെ എം.സി.എൽ.ആർ 9.50 ശതമാനത്തിൽ നിന്ന് 5 ബേസിസ് പോയിന്റ് കുറച്ച് 9.45 ശതമാനമായാണ് ബാങ്ക് പുനർനിർണയിച്ചിരിക്കുന്നത്.

ഇടപാടുകാരെ എങ്ങനെ ബാധിക്കും?

ഹ്രസ്വകാല വായ്പകൾ എടുക്കുന്നവർക്ക് ഇനി പലിശച്ചെലവ് അൽപ്പം ഉയർന്നേക്കും. എന്നാൽ ഒരു വർഷത്തെ കാലാവധിയുള്ള എം.സി.എൽ.ആർ അടിസ്ഥാനമാക്കി നൽകിയിട്ടുള്ള ഭവന, വാഹന വായ്പകൾ ഉൾപ്പെടെയുള്ള ദീർഘകാല വായ്പകളുടെ ഇ.എം.ഐ (EMI) തുകയിൽ നേരിയ കുറവിലോ ആശ്വാസത്തിലോ ഇത് പ്രതിഫലിക്കും.

എന്താണ് എം.സി.എൽ.ആർ?

ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാന പലിശ നിരക്ക് നിർണയിക്കാനായി 2016-ൽ റിസർവ് ബാങ്ക് ആവിഷ്കരിച്ചതാണ് മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (MCLR). റിസർവ് ബാങ്കിന്റെ റിപ്പോ റേറ്റിൽ അധിഷ്ഠിതമാണ് എം.സി.എൽ.ആർ. റിപ്പോ നിരക്ക് മാറുന്നതിന് അനുസരിച്ച് എം.സി.എൽ.ആറും മാറും. എന്നാൽ, ഇതിനു പുറമേ വായ്പാത്തുക, തിരിച്ചടവ് കാലാവധി, ബാങ്കിന് വായ്പയിന്മേൽ ഉണ്ടാകുന്ന പ്രവർത്തനച്ചെലവ് തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്ക് വായ്പാ പലിശ നിർണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com