Begin typing your search above and press return to search.
യു.എ.ഇയിലേക്കുള്ള കയറ്റുമതി പുതിയ ഉയരത്തിലേക്ക്
ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതി നടപ്പു സാമ്പത്തികവര്‍ഷം (2022-23) പുതിയ ഉയരം കുറിച്ചേക്കും. ഇന്ത്യയുടെ കയറ്റുമതി വരുമാനം 3200 കോടി ഡോളര്‍ (2.62 ലക്ഷം കോടി രൂപ) കടക്കുമെന്നാണ് സര്‍ക്കാര്‍തല വിലയിരുത്തല്‍.
ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞവര്‍ഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് (സി.ഇ.പി.എ) കയറ്റുമതിയിലെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നത്. നടപ്പുവര്‍ഷം ഇതുവരെ യു.എ.ഇയിലേക്കുള്ള കയറ്റുമതി വരുമാനം 2830 കോടി ഡോളറാണ് (2.32 ലക്ഷം കോടി രൂപ). 2016-17ലെ 3120 കോടി ഡോളറാണ് (2.55 ലക്ഷം കോടി രൂപ) നിലവിലെ റെക്കോഡ്.
2021-22ല്‍ 2540 കോടി ഡോളറായിരുന്നു (2.08 ലക്ഷം കോടി രൂപ) കയറ്റുമതി വരുമാനം. യു.എ.ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. യു.എ.ഇയില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ സാമ്പത്തികവര്‍ഷം 4304 കോടി ഡോളറായിരുന്നു (3.52 ലക്ഷം കോടി രൂപ). നടപ്പുവര്‍ഷം ജൂണ്‍-ഫെബ്രുവരി കാലയളവില്‍ ഇത് 3895 കോടി ഡോളറാണ് (3.19 ലക്ഷം കോടി രൂപ). ഓരോ വര്‍ഷവും മേയ് ഒന്നിനാണ് സി.ഇ.പി.എ പ്രകാരമുള്ള ഉഭയകക്ഷി വ്യാപാര വാര്‍ഷിക കണക്കുകള്‍ ഇരു രാജ്യങ്ങളും പുറത്തുവിടുക.
നേട്ടമായി സി.ഇ.പി.എ
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നികുതിഭാരമില്ലാതെ നിരവധി ഉത്പന്നങ്ങള്‍ കയറ്റുമതി-ഇറക്കുമതി ചെയ്യാന്‍ സഹായിക്കുന്ന കരാറാണ് സി.ഇ.പി.എ. ഇടപാടുകളിലെ നൂലാമാലകളും കാലതാമസവും ഒഴിവാക്കുകയും ലക്ഷ്യമാണ്. ഉത്പന്നങ്ങളുടെ തത്സമയ നിരീക്ഷണം (റിയല്‍-ടൈം ട്രാക്കിംഗ്) വേഗം കൂട്ടാനും ചരക്കുനീക്ക കവാടങ്ങളില്‍ (എന്‍ട്രി പോയിന്റ്‌സ്) പരിശോധനാ പ്രാമുഖ്യം ഉയര്‍ത്താനുമായി ഇരുരാജ്യങ്ങളുടെയും കസ്റ്റംസ്, ലോജിസ്റ്റിക്‌സ് പോര്‍ട്ടലുകള്‍ സംയോജിപ്പിക്കാനും നീക്കമുണ്ട്.
കയറ്റുമതിക്കാര്‍ക്ക് ആശ്വാസം
പ്രതിമാസ ശരാശരിയെടുത്താല്‍ ഏകദേശം 272 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ യു.എ.ഇയിലേക്ക് നടത്തുന്നത്. സി.ഇ.പി.എ പ്രകാരം ഇതില്‍ 130 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ക്കും നികുതിയില്ല. ഇത്, കയറ്റുമതി ഇടപാടുകാര്‍ക്ക് വലിയ ആശ്വാസമാണ്.
കരാര്‍ പ്രാബല്യത്തില്‍ വന്നശേഷം യു.എ.ഇയിലേക്കുള്ള ജെം ആന്‍ഡ് ജുവലറി, വാഹനം, കാപ്പി, തേയില, ഇരുമ്പ്, സ്റ്റീല്‍ ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ മികച്ച വളര്‍ച്ചയുണ്ടായിട്ടുണ്ട്. കാപ്പി, തേയില, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതി വളര്‍ച്ച കേരളത്തില്‍ നിന്നുള്ള ഇടപാടുകാര്‍ക്കും നേട്ടമാണ്.
Next Story
Videos