സംഘടിത മേഖലയിൽ 1.37 കോടി തൊഴിലുകൾ സൃഷ്ടിച്ചെന്ന് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്
2018-19 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സംഘടിത മേഖലയിൽ 1.37 കോടി തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO). എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്.
2019 മാർച്ചിൽ 8.27 ലക്ഷം പേരാണ് ഇപിഎഫ് വരിക്കാരായത്. 2018 ജൂലൈ മാസത്തിൽ 14.21 ലക്ഷം പേരാണ് അംഗങ്ങളായി. ഇത് റെക്കോർഡ് ആയിരുന്നു.
അസംഘടിത മേഖലയെ ഉൾപ്പെടുത്താത്തതിനാൽ ഇത് രാജ്യത്തെ തൊഴിൽ മേഖലയുടെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്നില്ല എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
നാഷനല്‍ സാംപിള്‍ സര്‍വേ ഓഫിസിന്റെ റിപ്പോര്‍ട്ട് സർക്കാർ പുറത്തിറക്കാത്തത് മുൻപ് വിവാദമായിരുന്നു. തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനത്തിലെത്തിയതായി (45 വര്‍ഷത്തിലെ ഉയരത്തിൽ) പീരിയോഡിക് ലേബര്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ അന്ന് ചൂണ്ടിക്കാട്ടിയത്.