സൂക്ഷിക്കുക! വ്യാജ നോട്ടുകളിൽ കൂടുതലും 100 രൂപയുടേത്
രാജ്യത്ത് ഏറ്റവുമധികം വ്യാജനോട്ടുകൾ കണ്ടെത്തിയിരിക്കുന്നത് 100 രൂപയുടേതാണെന്ന് ആർബിഐ റിപ്പോർട്ട്. നോട്ട് നിരോധനത്തിന് ശേഷം കള്ളനോട്ടടിക്കാരുടെ ഇടയിൽ 100 രൂപാ നോട്ടിന് പ്രചാരം ഏറിയിരുന്നു.
മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം ബാങ്കുകൾ കണ്ടെത്തിയ വ്യാജ കറൻസികളിൽ 46 ശതമാനവും നൂറു രൂപയുടേതായിരുന്നെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ ആർബിഐ ചൂണ്ടിക്കാണിക്കുന്നു. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും വ്യാജന്മാർ വെറും 29 ശതമാനമേ ഉണ്ടായിരുന്നുള്ളൂ.
എന്നിരുന്നാലും ഓരോ കറൻസികളുടെയും വ്യാജന്മാരുടെ എണ്ണത്തിൽ കാര്യമായ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
100 രൂപയുടെ വ്യാജ നോട്ടുകൾ 35 ശതമാനം കൂടി. അൻപതുരൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 154 ശതമാനമാണ് കൂടിയത്. പുതിയ 500 രൂപാ, 2000 രൂപാ നോട്ടുകളുടെ വ്യാജന്മാരുടെ എണ്ണത്തിൽ 2,710 ശതമാനമാണ് വർദ്ധനവ്.
ഇതിനാൽ ബാങ്കുകളും പൊതു ജനങ്ങളും ജാഗരൂകരായിരിക്കണമെന്ന് ആർബിഐ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതിന് മുൻപത്തെ വർഷം ഏറ്റവും കൂടുതൽ വ്യാജ നോട്ടുകൾ ഇറങ്ങിയത് 500 രൂപയുടെതായിരുന്നു.
2017-18 സാമ്പത്തിക വർഷത്തിൽ കണ്ടെത്തിയ മൊത്തം കള്ളനോട്ടുകളുടെ എണ്ണം ഏതായാലും മുൻ വർഷത്തേക്കാൾ 31 ശതമാനം കുറവാണ്.