കടംവാങ്ങല്‍ മഹാമഹം; കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ അടുത്തയാഴ്ച 19,500 കോടിയെടുക്കും

കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് അടുത്തയാഴ്ച കടമെടുക്കുന്നത് 19,500 കോടി രൂപ. ജൂണ്‍ നാലിന് റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ (ഇ-കുബേര്‍/e-Kuber) പോര്‍ട്ടല്‍ വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്.
ആന്ധ്രാപ്രദേശാണ് ഏറ്റവുമധികം തുക (4,000 കോടി രൂപ) കടമെടുക്കുന്നത്. തമിഴ്‌നാട് 3,000 കോടി രൂപയും പഞ്ചാബ് 2,500 കോടി രൂപയും കേരളം, തെലങ്കാന, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ 2,000 കോടി രൂപ വീതവും കടം വാങ്ങും. ഹരിയാന 1,500 കോടി രൂപയും ഹിമാചല്‍ പ്രദേശ് 1,200 കോടി രൂപയും കടം വാങ്ങുമെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്.
ജമ്മു കശ്മീര്‍ 800 കോടി രൂപ, നാഗാലാന്‍ഡ് 300 കോടി രൂപ, മേഘാലയ 200 കോടി രൂപ എന്നിങ്ങനെയും കടമെടുക്കുന്നുണ്ട്. 31 വര്‍ഷത്തെ കാലാവധിയുള്ള കടപ്പത്രങ്ങളിറക്കിയാണ് കേരളത്തിന്റെ കടമെടുപ്പെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
കേരളത്തിന് ഉടന്‍ വേണം 7,500 കോടി
മേയ്, ജൂണ്‍ മാസങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് 20,000ലേറെ ജീവനക്കാരാണ്. ഇന്നലെ (May 31) മാത്രം 16,600 ഓളം പേര്‍ കൂട്ടത്തോടെ വിരമിച്ചു.
ഇവര്‍ക്കെല്ലാം വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ കണ്ടെത്തേണ്ടത് 7,500 കോടി രൂപയാണ്. ഇതിന് പുറമേ ക്ഷേമപെന്‍ഷന്‍ വിതരണം, വികസന പദ്ധതികള്‍ക്കുള്ള വിഹിതം എന്നിവയ്ക്കും പണം വേണം. ഈ സാഹചര്യത്തിലാണ് കേരളം വീണ്ടും കടമെടുക്കുന്നത്.
തീരാതെ ആശയക്കുഴപ്പം
കേരളത്തിന് 21,253 കോടി രൂപ കടമെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇത് നടപ്പുവര്‍ഷത്തെ (2024-25) ആകെ കടമെടുപ്പ് പരിധിയാണോ അതോ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പരിധി മാത്രമാണോ എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നില്ല.
നടപ്പുവര്‍ഷം ആകെ 37,512 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു കേന്ദ്രം ആദ്യം വ്യക്തമാക്കിയിരുന്നത്. ഇതില്‍ നിന്ന് വെട്ടിക്കുറക്കലുകള്‍ നടത്തിയശേഷമുള്ള തുകയാണോ 21,253 കോടി രൂപയെന്നും വ്യക്തമല്ല.
6,500 കോടി എടുത്തുകഴിഞ്ഞു
കേരളത്തിന് നടപ്പുവര്‍ഷം കേന്ദ്രം അനുവദിച്ച കടമെടുപ്പ് പരിധിയില്‍ 6,500 കോടി രൂപ കേരളം ഇതിനകം തന്നെ എടുത്തുകഴിഞ്ഞു. ഇക്കഴിഞ്ഞ മേയ് 28ന് എടുത്ത 3,500 കോടി രൂപ ഉള്‍പ്പെടെയാണിത്. ഇതിന് പുറമേയാണ് ഇപ്പോള്‍ ജൂണ്‍ നാലിന് വീണ്ടും 2,000 കോടി രൂപ കൂടിയെടുക്കുന്നത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it