ടെക് കമ്പനികളില്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നു; ഇതുവരെ 1,71,660 ജീവനക്കാര്‍

ലോകത്തെ മുന്‍നിര ടെക് കമ്പനികളെല്ലാം 2023 ലും കൂട്ടപിരിച്ചുവിടല്‍ തുടരുകയാണ്. കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായണ് ഇത്തരം പിരിച്ചുവിടലുകള്‍ എന്ന് ചില കമ്പനികള്‍ പറയുമ്പോള്‍ ജോലിയില്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കുന്നതിനായി ടീമുകളെ പുനഃക്രമീകരിക്കുന്നതിനാലാണെന്ന് മറ്റ് ചില കമ്പനികള്‍ പറയുന്നു. 2023 ലെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ 612 ടെക് കമ്പനികളില്‍ നിന്നായി 1,71,660 ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടിട്ടുള്ളതായി ലേഓഫ്‌സ് എഫ്.വൈ.ഐയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


മെറ്റ

ടെക് കമ്പനിയായ മെറ്റയില്‍ വ്യാപകമായ പിരിച്ചുവിടലാണ് നടക്കുന്നത്. ഇതുവരെ ആഗോള തലത്തില്‍ 21000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിട്ടുണ്ട്. വരും മാസങ്ങളില്‍ 10,000 ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഏപ്രില്‍ 18 ന് പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറില്‍ കമ്പനി 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഏറ്റവുമൊടുവിലായി 4000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണ് മെറ്റ എന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റിയാലിറ്റി ലാബ്സ്, വാട്സാപ്പ് എന്നീ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ദരെയാണ് ഇത്തവണ പിരിച്ചുവിടല്‍ ബാധിക്കുകയെന്ന് പറയുന്നു.

ആമസോണ്‍

ആമസോണ്‍ കമ്പനിയുടെ കാര്യത്തില്‍ ഏറ്റവും ഒടുവില്‍ പറഞ്ഞിരിക്കുന്നത് വരും ആഴ്ചകളില്‍ 9,000 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്നാണ്. കമ്പനിയുടെ സിഇഒ ആന്‍ഡി ജാസി ജീവനക്കാര്‍ക്ക് നല്‍കിയ മെമ്മോയിലാണ് ഈ വിവരം അറിയിച്ചത്. കഴിഞ്ഞ രണ്ടാഴ്ച്ച് മുമ്പ് കമ്പനി കമ്പനിയുടെ ഗെയിമിംഗ് വിഭാഗത്തില്‍ നിന്നും 100 ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2023 ന്റെ തുടക്കത്തില്‍ 18,000 ജീവനക്കാരെ ആഗോള തലത്തില്‍ നിന്ന് പിരിച്ചു വിടുമെന്ന് ആമസോണ്‍ അധികൃതര്‍ അറിയിച്ചിരുന്നു.

വാള്‍ട്ട് ഡിസ്‌നി

ടെക് കമ്പനികളില്‍ മാത്രമല്ല വാള്‍ട്ട് ഡിസ്‌നി പോലുള്ള കമ്പനികളും നിരവധി പേരെയാണ് പിരിച്ചുവിടുന്നത്. വിനോദ വിഭാഗത്തിലെ ഏകദേശം 15 ശതമാനം ജീവനക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി കമ്പനി പദ്ധതിയിടുന്നുണ്ട്. കമ്പനിയുടെ ടിവി, ഫിലിം, തീം പാര്‍ക്കുകള്‍, കോര്‍പ്പറേറ്റ് സ്ഥാനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവരെ ഈ കൂട്ട പിരിച്ചുവിടല്‍ ബാധിക്കും. 550 കോടി ഡോളര്‍ വരുന്ന വാര്‍ഷിക ചെലവ് കുറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി 220,000 ത്തില്‍ അധികം വരുന്ന ജീവനക്കാരില്‍ നിന്ന് 7,000 പേരെ പിരിച്ചുവിടാന്‍ പദ്ധതിയിട്ടതായി ഫെബ്രുവരിയില്‍ ഡിസ്‌നി അറിയിച്ചിരുന്നു.

മറ്റ് കമ്പനികളും

മെറ്റയും ആമസോണും മാത്രമല്ല 2023 ല്‍ ഇവയുള്‍പ്പടെ 612 ടെക് കമ്പനികള്‍ ജീവനക്കരെ പിരിച്ചുവിട്ടിരുന്നു. ആപ്പിള്‍, നെറ്റ്ഫ്‌ളിക്‌സ്, അണ്‍അക്കാദമി, ട്വിറ്റര്‍, ആല്‍ഫബെറ്റ്, ആക്സെഞ്ചര്‍, മൈക്രോസോഫ്റ്റ്, പേപല്‍ തുടങ്ങി നിരവധി ടെക് കമ്പനികള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. 2023 ജനുവരിയില്‍ 271 കമ്പനികളില്‍ നിന്ന് 89,514 ജീവനക്കാരെയും ഫെബ്രുവരിയില്‍ 176 കമ്പനികളില്‍ നിന്ന് 39,441 ജീവനക്കാരെയും മാര്‍ച്ചില്‍ 120 കമ്പനികളില്‍ നിന്ന് 37,662 ജീവനക്കാരെയും ഏപ്രിലില്‍ ഇതുവരെ 45 കമ്പനികളില്‍ നിന്ന് 5,043 ജീവനക്കാരെയും ഉള്‍പ്പടെ മൊത്തം 1,71,660 ജീവനക്കാരെ ഈ ടെക് കമ്പനികള്‍ ചേര്‍ന്ന് പിരിച്ചുവിട്ടിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it