ഹുറൂണ്‍ ആഗോള അതിസമ്പന്ന പട്ടികയില്‍ 19 മലയാളികള്‍; ഏഷ്യയില്‍ ശതകോടീശ്വരന്‍മാരുടെ തലസ്ഥാനമായി മുംബൈ

ഹുറൂണ്‍ ആഗോള അതിസമ്പന്ന പട്ടികയില്‍ 700 കോടി ഡോളറിന്റെ ആസ്തിയുമായി മലയാളികളില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് ലുലു ഗ്രൂപ്പ് ഉടമ എം. എ. യൂസഫലി. ഹുറൂണ്‍ ആഗോള അതിസമ്പന്ന പട്ടികയില്‍ 455-ാം സ്ഥാനത്താണ് യൂസഫലി. ജോയ് ആലുക്കാസാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്തുള്ളത്. 500 കോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ 595-ാം സ്ഥാനത്താണ് അദ്ദേഹം. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഗോപാലകൃഷ്ണന്‍, ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിലെ ഷംഷീര്‍ വയലില്‍, കല്യാണ്‍ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, ആര്‍. പി ഗ്രൂപ്പ് ഉടമ രവി പിള്ള തുടങ്ങിയ മലയാളികളും പട്ടികയിലുണ്ട്.

കൂടാതെ ജെംസ് എഡ്യുക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ സണ്ണി വര്‍ക്കി, ശോഭ ഗ്രൂപ്പിന്റെ പി.എന്‍.സി മേനോന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍, ഓറക്കിള്‍ ഗ്രൂപ്പിലെ തോമസ് കുര്യന്‍, ജ്യോതി ലാബ്‌സ് സ്ഥാപകന്‍ ഉടമ എം. പി രാമചന്ദ്രന്‍, മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിലെ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, സാറ ജോര്‍ജ് മുത്തൂറ്റ്, വി ഗാർഡ് സ്ഥാപകനും ചെയർമാനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ഫൈസൽ & ഷബാന ഫൗണ്ടേഷൻ്റെ സഹസ്ഥാപകനും ഡയറക്ടറുമായ ഫൈസല്‍ കൊട്ടിക്കോളന്‍, ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിൻ്റെ മാനേജിംഗ് ഡയറക്ടർ ആസാദ് മൂപ്പന്‍, മലബാര്‍ ഗോള്‍ഡ് സ്ഥാപകൻ എം.പി അഹമ്മദ് എന്നിവരാണ് ഹുറൂണ്‍ പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

ഹുറൂണ്‍ പട്ടികയില്‍ തിളങ്ങി ഇന്ത്യ

പട്ടികയില്‍ 11,500 കോടി ഡോളറിന്റെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി 10-ാം സ്ഥാനത്തെത്തി. ഇന്ത്യയില്‍ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. പിന്നാലെ 8,600 കോടി ഡോളറുമായി ഗൗതം അദാനി പട്ടികയില്‍ 15-ാം സ്ഥാനത്തെത്തി. എച്ച്.സി.എല്ലിന്റെ ശിവ് നാടാര്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈറസ് എസ്. പൂനവാല,സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ദിലീപ് ഷാംഗ്വി, കുമാര്‍ മംഗളം ബിര്‍ള തുടങ്ങിയവരും പട്ടികയിലുണ്ട്.

ഹുറൂണ്‍ ആഗോള അതിസമ്പന്ന പട്ടികയില്‍ 23,100 കോടി ഡോളറിന്റെ ആസ്തിയുമായി ഇലോണ്‍ മസ്‌ക്കാണ് ഒന്നാം സ്ഥാനത്ത്. 18,100 കോടി ഡോളറിന്റെ ആസ്തിയുമായി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും 17,500 കോടി ഡോളറിന്റെ ആസ്തിയുമായി ബെര്‍ണാഡ് ആര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തുമുണ്ട്. പിന്നാലെ ഫേസ്ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബെര്‍ഗ്, വാറന്‍ ബഫറ്റ്, ലാറി എല്ലിസണ്‍, സ്റ്റീവ് ബാള്‍മെര്‍, ബില്‍ ഗേറ്റ്‌സ്, ലാറി പേജ് എന്നിവര്‍ പട്ടികയിലുണ്ട്.

മുന്നില്‍ മുംബൈ

അതിസമ്പന്നരായ വ്യക്തികളുമായി ഏഷ്യയില്‍ ശതകോടീശ്വരന്‍മാരുടെ തലസ്ഥാനമായി മാറി മുംബൈ. ബെയ്ജിംഗിനെ മറികടന്നാണ് മുംബൈ ഈ നേട്ടം സ്വന്തമാക്കിയത്. ഹുറൂണ്‍ റിപ്പോര്‍ട്ട് പ്രകാരം ആദ്യമായാണ് മുംബൈ ഏഷ്യയുടെ ശതകോടീശ്വരന്‍മാരുടെ തലസ്ഥാനമായി മാറുന്നത്. ഹുറൂണിന്റെ ആഗോള സമ്പന്നരുടെ പട്ടിക പ്രകാരം മുംബൈയില്‍ 92 ശതകോടീശ്വരന്മാരാണുള്ളത്. ബെയ്ജിംഗില്‍ ഇത് 91 ആണ്.

നഗരങ്ങളുടെ കാര്യത്തില്‍ ഏഴ് വര്‍ഷത്തിന് ശേഷം 119 ശതകോടീശ്വരന്മാരുമായി ന്യൂയോര്‍ക്ക് ഒന്നാം സ്ഥാനം വീണ്ടെടുത്തു. പിന്നാലെ 97 പേരുമായി ലണ്ടന്‍ രണ്ടാമതാണ്. മൂന്നാമത് മുംബൈയാണ്.മുംബൈയില്‍ 26 പുതിയ ശതകോടീശ്വരന്മാരുണ്ടാകുകയും ബെയ്ജിംഗിലെ 18 ശതകോടീശ്വരന്മാര്‍ പട്ടികയില്‍ നിന്ന് പുറത്താകുകയും ചെയ്തതോടെയാണ് മുംബൈ ബെയ്ജിംഗിനെ മറികടന്നത്.


Related Articles

Next Story

Videos

Share it