അമേരിക്കയിലെ ഉത്തേജന പാക്കേജ് 2 ട്രില്യണിന്റേത്

അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് കോവിഡ്19 മൂലമുണ്ടാകുന്ന തളര്‍ച്ച ലഘൂകരിക്കുന്നതിന് 2 ട്രില്യണ്‍ ഡോളറിന്റെ ഉത്തേജന പാക്കേജിന് വൈറ്റ്ഹൗസും സെനറ്റും സംയുക്ത അംഗീകാരം നല്‍കി.

അഞ്ചു ദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാക്കേജിന്റെ വിശദശാംശങ്ങള്‍ സംബന്ധിച്ച് റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് വിഭാഗങ്ങള്‍ ധാരണയിലെത്തിയത്. പാക്കേജിന്റെ അടിസ്ഥാനത്തില്‍ 75000 ഡോളര്‍ വരെ വരുമാനമുള്ള ഓരോ വ്യക്തിക്കും 1200 ഡോളര്‍ ഒറ്റത്തവണ ദുരിതാശ്വാസമായി ലഭിക്കും. 150,000 ഡോളര്‍ വരെ വരുമാനമുള്ള ദമ്പതികള്‍ക്ക് ഇതനുസരിച്ച് 2,400 ഡോളര്‍ കിട്ടും. കൂടാതെ ഓരോ കുട്ടിക്കും 500 ഡോളര്‍ അധികവും ലഭിക്കും. വൈറ്റ് ഹൗസ് നിര്‍ദ്ദേശം 600 ഡോളര്‍ സഹായമായി നല്‍കാനായിരുന്നു.

പാക്കേജിന്റെ ഫലമായി 2 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയിലേക്ക് ടാക്സ് റിബേറ്റ് ആയും, നാല് മാസത്തെ വിപുലീകൃത തൊഴിലില്ലായ്മാ വേതനമായും, വ്യാപാര മേഖലയ്ക്കുള്ള ആശ്വാസമായുമെത്തും.പാക്കേജിന്റെ ഒരു മുഖ്യ ഘടകം വന്‍കിട കോര്‍പറേറ്റ് മേഖലയ്ക്കായി രൂപം നല്‍കിയിട്ടുള്ള ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള 500 ബില്യണ്‍ ഡോളറിന്റെ വായ്പാ പദ്ധതിയും 367 ബില്യണ്‍ ഡോളറിന്റെ ചെറുകിട വ്യാപാര മേഖലയ്ക്കുള്ള രക്ഷാപദ്ധതിയുമാണ്.ഇതിനു പുറമെ 130 ബില്യണ്‍ ഡോളര്‍ ആശുപത്രികള്‍ക്കു വേണ്ടിയും 200 ബില്യണ്‍ ഡോളര്‍ വയോജനങ്ങള്‍, കുട്ടികള്‍, വാര്‍ വെറ്ററന്‍സ്, ഗതാഗത സംവിധാന പരിഷ്‌കരണം എന്നിവയ്ക്ക് വേണ്ടിയും പാക്കേജില്‍ മാറ്റിവച്ചിട്ടുണ്ട്.

350 ബില്യണ്‍ ഡോളര്‍ ചെറുകിട ബിസിനസ് വായ്പകള്‍ക്കു വകയിരുത്തി. 250 ബില്യണ്‍ ഡോളര്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്കും.വായ്പാ ദുരിതത്തിലായ കമ്പനികള്‍ക്കായി 500 ബില്യണ്‍ ഡോളര്‍ നീക്കിവച്ചിരിക്കുന്നു.

Related Articles
Next Story
Videos
Share it