ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ 2,000 കോടി വായ്പ; കണ്‍സോര്‍ഷ്യത്തിന് സര്‍ക്കാര്‍ അനുമതി

ക്ഷേമപെന്‍ഷനുകള്‍ കൃത്യസമയത്ത് വിതരണം ചെയ്യാൻ 2,000 കോടി രൂപ സമാഹരിക്കാന്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി. പ്രാഥമിക സഹകരണ സംഘങ്ങളുടെയും മറ്റ് വായ്പാ സംഘങ്ങളുടെയും കണ്‍സോര്‍ഷ്യമാണ് രൂപീകരിക്കുക.

വായ്പയെടുക്കുന്ന തുകയ്ക്ക് ഗ്യാരന്റി നല്‍കുമെന്ന് സഹകരണ, ക്രെഡിറ്റ് സൊസൈറ്റികള്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ക്രെഡിറ്റ് സൊസൈറ്റികളില്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും ജീവനക്കാരുടെ സഹകരണ സംഘങ്ങളും ഉള്‍പ്പെടുന്നു. ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ചുമതല കണ്ണൂരിലെ മാടായി കോ-ഓപറേറ്റീവ് റൂറല്‍ ബാങ്ക് ലിമിറ്റഡിന് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

വായ്പയുടെ പലിശ പ്രതിവര്‍ഷം 8.8 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ബുധനാഴ്ച പുറത്തിറങ്ങി. 2,000 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡുമായി കരാര്‍ ഒപ്പുവയ്ക്കും. ഫണ്ട് സ്വരൂപിക്കുന്നതിനായി സഹകരണ സംഘങ്ങളുടെ രജിസ്ട്രാര്‍, മാടായി സഹകരണ റൂറല്‍ ബാങ്കുമായി ചേര്‍ന്ന് കേരള ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറക്കും.

കമ്പനിയുടെ വായ്പാ വിതരണ പ്രക്രിയയും തിരിച്ചടവും രജിസ്ട്രാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും സര്‍ക്കാരിനെ അറിയിക്കുകയും വേണം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വായ്പാ തുക തിരികെ നല്‍കും. വായ്പയുടെ കാലാവധി 12 മാസമാണ്. ആവശ്യമെങ്കില്‍ ഇത് പുതുക്കും.

Related Articles

Next Story

Videos

Share it