2,000ന്റെ നോട്ട്: ഇന്ത്യയെ വിശ്വസിച്ച അയല്‍ രാജ്യങ്ങള്‍ വെട്ടിലായി

ഭൂട്ടാനിലെയും നേപ്പാളിലെയും വ്യാപാരികള്‍ പ്രതിസന്ധിയില്‍
Bhutanese People and Indian rupee
Image : Canva
Published on

'ദക്ഷിണേഷ്യയിലെ ഡോളര്‍' എന്നാണ് ഇന്ത്യന്‍ റുപ്പി ഇന്ത്യയുടെ കുഞ്ഞന്‍ അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. കാരണം മറ്റൊന്നുമല്ല, നേപ്പാളിലും ഭൂട്ടാനിലുമൊക്കെ അവിടുത്തെ കറന്‍സി പോലെതന്നെ  ഇന്ത്യന്‍ രൂപയും അവർ ഉപയോഗിക്കുന്നു. നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. മാത്രമല്ല, നിരവധി ഇന്ത്യക്കാര്‍ ഈ രാജ്യങ്ങളില്‍ വിനോദസഞ്ചാരം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നുമുണ്ട്. ഇവരെല്ലാം ഇന്ത്യന്‍ രൂപയാണ് ചെലവാക്കുന്നത്. ഈ രാജ്യങ്ങളിലെ ചെറിയ കടകള്‍ മുതല്‍ വന്‍കിട ഹോട്ടലുകള്‍ വരെ ഇന്ത്യന്‍ രൂപ സ്വീകരിക്കുകയും ചെയ്യുന്നു.

നഷ്ടപ്പെടുന്ന വിശ്വാസം

2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ തന്നെ നേപ്പാളിലെയും ഭൂട്ടാനിലെയും വ്യാപാര-വാണിജ്യലോകം വലിയ പ്രതിസന്ധി നേരിട്ടതായിരുന്നെന്നും അന്ന് അവര്‍ക്ക് ഇന്ത്യന്‍ റുപ്പിയില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്നുവെന്നും ദ ഭൂട്ടാനീസ് പത്രത്തിന്റെ എഡിറ്ററും മീഡിയ അസോസിയേഷന്‍ ഓഫ് ഭൂട്ടാന്‍ പ്രസിഡന്റുമായ ടെന്‍സിംഗ് ലാംസാങ് ട്വീറ്റ് ചെയ്തു. 

എന്നാല്‍, തുടര്‍ന്നും അവര്‍ ഇന്ത്യന്‍ രൂപ സ്വീകരിച്ചുവന്നു. പക്ഷേ 2,000 രൂപാ നോട്ട് പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത പ്രഖ്യാപനം രൂപയിന്മേലുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

വലിയ പ്രതിസന്ധി

നിരവധി ഭൂട്ടാനികള്‍ 500ന്റെയും 1,000ന്റെയും ഇന്ത്യന്‍ രൂപാ നോട്ടുകള്‍ കൈവശംവച്ച് ഉപയോഗിച്ചിരുന്നു. അവ അസാധുവാക്കപ്പെട്ടപ്പോള്‍ ഇന്ത്യക്കാരെ പോലെ അവരും ബാങ്കുകള്‍ക്കും മറ്റും മുന്നില്‍ച്ചെന്ന് ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുന്നതും ക്യൂ നില്‍ക്കുന്നതുമായ നടപടികള്‍ നേരിട്ടു. അത് വലിയ ദുരിതമാണ് സൃഷ്ടിച്ചത്.

പക്ഷേ, പിന്നീട് 2,000ന്റെ നോട്ട് അവതരിപ്പിച്ചപ്പോള്‍ അതും ഭൂട്ടാനിലെയും നേപ്പാളിലെയും ബംഗ്ലാദേശിലെയും വ്യാപാരികള്‍ സ്വീകരിച്ചു. ഇപ്പോള്‍ ആ നോട്ടും അസാധുവാക്കിയിരിക്കുന്നു. എന്നാല്‍, നോട്ട് മാറ്റിയെടുക്കാനുള്ള സൗകര്യം ഇന്ത്യയിലെ ബാങ്കുകളിലേ നിലവിലുള്ളൂ. ഭൂട്ടാനില്‍ ഇന്ത്യന്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഭൂട്ടാന്റെ കേന്ദ്രബാങ്ക് 2,000ന്റെ നോട്ട് സ്വീകരിക്കുകയോ മാറ്റിനല്‍കുകയോ ചെയ്യുന്നില്ല.

അയല്‍പ്പക്കത്തെ വിശ്വാസം

ആഗോള കറന്‍സിയായി ഇന്ത്യന്‍ രൂപയെ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും. എന്നാല്‍, അയല്‍ രാജ്യങ്ങള്‍ക്ക് പോലും വിശ്വാസമില്ലാതെ വന്നാല്‍ ഈ നേട്ടം കൈവരിക്കാന്‍ ഇന്ത്യക്ക് എങ്ങനെ സാധിക്കുമെന്ന് ടെന്‍സിംഗ് ലാംസാങ് ചോദിക്കുന്നു. ഭൂട്ടാനില്‍ ഇന്ത്യയുടെ 100 രൂപാ നോട്ട് വ്യാപകമായും 200ന്റെയും 500ന്റെയും നോട്ടുകള്‍ നിയന്ത്രിതമായും ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കുന്നുണ്ട്.

എന്നാല്‍ 2,000ന്റെ നോട്ടിന് ഈ അനുമതിയില്ല. ഈ പശ്ചാത്തലത്തിലാണ് ഭൂട്ടാന്റെ കേന്ദ്രബാങ്ക് 2,000ന്റെ നോട്ട് സ്വീകരിക്കാത്തത്. എന്നാലും, ജനങ്ങള്‍ വ്യാപകമായി എല്ലാ ഇന്ത്യന്‍ നോട്ടുകളും ഉപയോഗിച്ച് വരികയായിരുന്നു. അത് വിശ്വാസത്തിന്റെ പുറത്തായിരുന്നു. 2016ലെയും ഇപ്പോഴത്തെയും നോട്ട് അസാധുവാക്കലുകള്‍ വഴി ഈ വിശ്വാസം നഷ്ടപ്പെടുത്തുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. നേപ്പാളിലും ഭൂട്ടാനിലും ഉള്‍പ്പെടെ പ്രതിസന്ധി ഒഴിവാക്കാന്‍ റിസര്‍വ് ബാങ്ക് നടപടി എടുക്കുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com