കേന്ദ്ര ബജറ്റ് 2024: കരുതലുണ്ടാകുമോ കാര്‍ഷിക മേഖലയ്ക്ക്

പ്രതീക്ഷ നല്‍കുന്ന ചില മുന്നേറ്റങ്ങളും ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും ആവശ്യങ്ങളേറെയാണ്
കേന്ദ്ര ബജറ്റ് 2024: കരുതലുണ്ടാകുമോ കാര്‍ഷിക മേഖലയ്ക്ക്
Published on

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുക. കേന്ദ്ര ബജറ്റിനെ ഏറ്റവും പ്രതീക്ഷയോടെ നോക്കി കാണുന്ന മേഖലകളില്‍ ഒന്നാണ് കാര്‍ഷിക മേഖല. എന്തൊക്കെയാകും ഇത്തവണത്തെ ബജറ്റിലെ കാര്‍ഷിക മേഖലയിലേക്കുള്ള പ്രഖ്യാപനങ്ങളെന്ന് നോക്കാം.

പ്രശ്‌നങ്ങളേറെ

വികസനം ഏറെ അത്യവശ്യമായൊരു മേഖലയാണിത്. പ്രതീക്ഷ നല്‍കുന്ന ചില മുന്നേറ്റങ്ങളും ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും ആവശ്യങ്ങളേറെയാണ്. ഭൂവുടമസ്ഥതയിലെ പ്രശ്നങ്ങള്‍, കുറഞ്ഞ ഉല്‍പ്പാദനക്ഷമത, പരിമിതമായ യന്ത്രവല്‍ക്കരണം, കുറഞ്ഞ മൂല്യം, അപര്യാപ്തമായ വായ്പാ ലഭ്യത തുടങ്ങി മേഖല നേരിടുന്ന വെല്ലുവിളികളെ ബജറ്റ് അഭിസംബോധന ചെയ്യുമെന്ന് തന്നെയാണ് കര്‍ഷകരുടെ പ്രതീക്ഷ.

കാര്‍ഷിക ഉല്‍പ്പാദനക്ഷമത

ഉത്പാദനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കിയേക്കും. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കാര്‍ഷിക ഉല്‍പ്പാദനക്ഷമതയില്‍ ഇന്ത്യ ഇപ്പോഴും പിന്നിലാണ്. ചൈനയുടെ കാര്‍ഷിക ഉല്‍പ്പാദനം ഹെക്ടറിന് 6.7 ടണ്‍ അരിയും 5 ടണ്‍ ഗോതമ്പും ആണ്, ഇന്ത്യയുടേത് 2.4 ടണ്‍ അരിയും 3 ടണ്‍ ഗോതമ്പും ആണ്. കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അടിയന്തര ആവശ്യമാണ്.

സംഭരണത്തിനുള്ള സൗകര്യം

കൃത്യമായ സംഭരണ സംവിധാനങ്ങളുടെ അപര്യാപ്തതയും മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇതിലെ അപാകതകള്‍ മൂലം 16% പഴങ്ങളും പച്ചക്കറികളും, 10% എണ്ണക്കുരുക്കളും, 9% പയര്‍വര്‍ഗ്ഗങ്ങളും, 6% ധാന്യങ്ങളും വിളവെടുപ്പിനു ശേഷമുള്ള ഘട്ടങ്ങളില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം നശിച്ചു പോകാറുള്ളത് പതിവാണ്. അതിനാല്‍ സംഭരണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ സര്‍ക്കാര്‍ തുക വകയിരുത്തിയേക്കും.

പ്രതീക്ഷകളേറെ

വനിതാ കര്‍ഷകര്‍ക്ക് സ്വന്തമായി സ്ഥലമുണ്ടെങ്കിൽ  അവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്.  മെച്ചപ്പെട്ട സാങ്കേതിക വിദ്യകളെ കാര്‍ഷിക മേഖലയുമായി ചേര്‍ക്കാനുള്ള നിര്‍ദ്ദേശവും ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ബജറ്റില്‍ കാര്‍ഷിക മന്ത്രാലയത്തിന് 2 ലക്ഷം കോടി രൂപ അനുവദിക്കുന്നത് കര്‍ഷകരുടെ വരുമാനത്തിലും വിള ഇന്‍ഷുറന്‍സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാര്‍ സംരംഭങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ തീരുവ കുറയ്ക്കുന്നത് അത്തരം ഉപകരണങ്ങളുടെ താങ്ങാനാവുന്ന വില ഉറപ്പാക്കാന്‍ അത്യന്താപേക്ഷിതമാണ്.

കൃഷിച്ചെലവ് കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അഗ്രി-ടെക് സഹായിക്കും. ഇതിലേക്കും ബജറ്റ് ശ്രദ്ധചെലുത്തിയേക്കും. പി.എം കിസാൻ പദ്ധതിയുടെ തുക വർധിപ്പിക്കാൻ സാധ്യതയുണ്ട്. വേണ്ടത്ര വിനിയോഗിക്കാത്ത വെയര്‍ഹൗസുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചറുകള്‍ സ്ഥാപിക്കുന്നതിനുള്ള സബ്സിഡികള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ എന്നിവയെല്ലാം മെച്ചപ്പടുത്തുന്നതിനുള്ള തുകയും വകയിരുത്തിയേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com