Begin typing your search above and press return to search.
രാജ്യത്ത് ഒരു മിനുട്ടില്‍ 245 രോഗികള്‍: മുന്നരലക്ഷം കടന്ന് പ്രതിദിന കേസുകള്‍
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,52,991 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,73,13,163 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ വേറെ ഒരു രാജ്യവും റിപ്പോര്‍ട്ട് ചെയ്യാത്ത തരത്തിലാണ് ഇന്ത്യയിലെ പ്രതിദിന കേസുകളുടെ എണ്ണം.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കേരളം, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നത്.
പ്രതിദിന കണക്കുകളില്‍ ഏറ്റവും മുന്നിലുള്ളത് മഹാരാഷ്ട്രയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,160 പേര്‍ക്കാണ് ഇവിടെ പുതുതായി കോവിഡ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശില്‍ 37,944 ഉം 29,438 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം രാജ്യത്തെ കോവിഡ് മരണനിരക്കും ഉയര്‍ന്ന തോതിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,812 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 1,95,123 ആയി. ഇന്നലെ 2,19,272 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ ആകെ രോഗമുക്തി നേടിയത് 1,43,04,382 പേരാണ്. നിലവില്‍ 28,13,658 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.
കേസുകളുടെ എണ്ണം മൂന്നര ലക്ഷം കടന്നതോടെ രാജ്യത്ത് ഒരു മിനുട്ടില്‍ പുതുതായി രോഗം കണ്ടെത്തുന്ന 245 പേര്‍ക്ക്. ഓരോ മിനുട്ടിലും രണ്ടുപേര്‍ക്കാണ് കോവിഡ് കാരണം ജീവന്‍ നഷ്ടമാകുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു ദശലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Next Story