വിദേശത്തുള്ളത് മൂന്ന് കോടിയിലേറെ ഇന്ത്യക്കാര്‍; കൂടുതലും യു.എ.ഇയില്‍
ജോലിക്കും പഠനത്തിനുമായി പോയവരും സ്ഥിരതാമസമാക്കിയവരും ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലുള്ളത് മൂന്ന് കോടിയിലേറെ ഇന്ത്യക്കാര്‍. അതത് രാജ്യങ്ങളുടെ സാമ്പത്തിക, സാംസ്‌കാരിക മേഖലകള്‍ക്ക് ഇവര്‍ നല്‍കുന്ന സംഭാവനയും ശ്രദ്ധേയം.വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 3.21 കോടി ഇന്ത്യക്കാരാണ് വിദേശത്തുള്ളത്. ഇതില്‍ 1.34 കോടി പേര്‍ പ്രവാസികളും (NRI) 1.86 കോടി പേര്‍ ഇന്ത്യന്‍ വംശജരുമാണ് (Person of Indian Origin).
വിവിധ രാജ്യങ്ങളിലേക്ക്
പ്രവാസി ഇന്ത്യക്കാരുടെ കണക്കെടുത്താല്‍ - ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാരുള്ളത് യു.എ.ഇയിലാണ് (34 ലക്ഷം). സൗദി അറേബ്യയില്‍ 26 ലക്ഷവും യു.എസില്‍ 12.8 ലക്ഷവുമാണ്. ഇന്ത്യന്‍ വംശജരില്‍ 31.8 ലക്ഷം പേരുമായി യു.എസ് ആണ് ഒന്നാമത് പിന്നാലെ 27.60 ലക്ഷം പേരുമായി മലേഷ്യയും 20 ലക്ഷം ഇന്ത്യന്‍ വംശജരുമായി മ്യാന്‍മറുമുണ്ട്.
സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ എന്നീ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്നുത്. യു.എസ്, കാനഡ, യു.കെ, ജര്‍മ്മനി, ഫ്രാന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലും നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. ഉയര്‍ന്ന തലത്തിലുള്ള വിദ്യാഭ്യാസം, പ്രൊഫഷണല്‍ നേട്ടങ്ങള്‍, സംരംഭകത്വം, മെച്ചപ്പെട്ട ജീവിത സാഹചര്യം തുടങ്ങി വിവിധ കാരണങ്ങളാണ് ഇവരെ മറ്റ് രാജ്യങ്ങിലേക്ക് ആകര്‍ഷിക്കുന്നത്.
സാമ്പത്തിക നേട്ടം
ആതിഥേയ രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥയ്ക്കും ഇന്ത്യയുടെ സ്വന്തം സാമ്പത്തിക വികസനത്തിനും സംഭാവന നല്‍കുന്ന ഒരു സുപ്രധാന സാമ്പത്തിക ശക്തിയാണ് ഇന്ത്യന്‍ പ്രവാസികള്‍. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യവും ഇന്ത്യയാണ്. 2022ല്‍ ഇന്ത്യയിലേക്കൊഴുകിയ പ്രവാസിപ്പണം എക്കാലത്തെയും ഉയരമായ 9,000 കോടി ഡോളറിലെത്തിയിരുന്നു. ഇത് ജി.ഡി.പിയുടെ 6 ശതമാനത്തിലധികം വരും.