ഇടത്തരം വരുമാനക്കാരെ ഉന്നമിടുന്നവരേ, ഈ കണക്കൊന്നു നോക്കൂ

കോവിഡ്19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ 32 ദശലക്ഷത്തോളം വരുന്ന മധ്യവര്‍ഗ്ഗ തൊഴിലാളികളെ ദാരിദ്ര്യത്തിലാക്കിയെന്ന് പഠന റിപ്പോര്‍ട്ട്. ബിസിനസ് രംഗത്തും തൊഴിലിടങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുകയും വേതനം വെട്ടിക്കുറക്കപ്പെടുകയും ചെയ്തത് അവരെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചുവെന്ന് അമേരിക്കയിലെ പ്യു റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മഹാമാരിയുടെ വരവോടെ രാജ്യത്തെ 10 മുതല്‍ 20 ഡോളര്‍ വരെ ദിവസവേതനം ഉണ്ടായിരുന്ന മധ്യവര്‍ഗ വിഭാഗത്തില്‍പെടുന്ന ആളുകളുടെ എണ്ണം ഏകദേശം 32 ലക്ഷത്തോളം കുറഞ്ഞുവെന്നും, 99 ദശലക്ഷം ഉണ്ടായിരുന്ന രാജ്യത്തെ മധ്യവര്‍ഗ തൊഴിലാളികളുടെ എണ്ണം ഒരു വര്‍ഷതിനിടക്ക് 66 ലക്ഷമായി ചുരുങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 - 2019 കാലയളവില്‍ 57 ദശലക്ഷം ആളുകള്‍ താഴെത്തട്ടില്‍ നിന്നും മധ്യവര്‍ഗ്ഗ വരുമാന വിഭാഗത്തിലേക്കേത്തിയിട്ടുണ്ട്.

കോവിഡ്19 സൃഷ്ടിച്ച സാമ്പത്തികമാന്ദ്യം മധ്യവര്‍ഗത്തിലുണ്ടാക്കിയ കുറവും, കുത്തനെ ഉയര്‍ന്ന ദാരിദ്ര്യ നിരക്കും ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ വളരെ കൂടുതലാണെന്ന് സാമ്പത്തികവളര്‍ച്ചയെക്കുറിച്ചുള്ള ലോകബാങ്കിന്റെ പ്രവചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പ്യു റിസേര്‍ച്ച് സെന്റര്‍ വിലയിരുത്തുന്നു. 2020 ല്‍ ഇന്ത്യക്ക് 5.8 ശതമാനവും ചൈനയ്ക്ക് 5.9 ശതമാനവും സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരിയോടെ ഈ പ്രവചനത്തില്‍ ലോകബാങ്ക് മാറ്റം വരുത്തി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 9.6 ശതമാനമായി ചുരുങ്ങുമെന്നും, ചൈനയില്‍ 2 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു.

രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുളള നടപടികള്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ഈ സാമ്പത്തിക വര്‍ഷം 8 ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും, അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 10 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചില സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നതും, കോവിഡ് കേസുകളുടെ എണ്ണം 11.47 ദശലക്ഷമായി ഉയര്‍ന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. അമേരിക്കയ്ക്കും ബ്രസീലിനും ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

പ്യു സെന്റെറിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം കോവിഡ് മൂലമുള്ള മാന്ദ്യത്തെത്തുടര്‍ന്ന് 2 ഡോളറോ അതില്‍ കുറവോ ദിവസവേതനമുള്ള പാവപ്പെട്ടവരുടെ എണ്ണം 75 ദശലക്ഷമായതായിട്ടുണ്ട്. ഈ വര്‍ഷം, ആഭ്യന്തര ഇന്ധന വിലയിലുണ്ടായ വര്‍ദ്ധനവ്, തൊഴില്‍ നഷ്ടം, ശമ്പളം വെട്ടിക്കുറയ്ക്കല്‍ എന്നിവയിലൂടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാര്‍ ദുരിതത്തിലായി. നിരവധിപേര്‍ വിദേശത്ത് ജോലി തേടാന്‍ നിര്‍ബന്ധിതരായി. ചൈനയിലും മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴിലാളികളുടെ എണ്ണം 10 ദശലക്ഷമായി കുറഞ്ഞത് ജനങ്ങളുടെ ജീവിതനിലവാരത്തിലുണ്ടായ ഇടിവിനെ സൂചിപ്പിക്കുന്നു.ദാരിദ്ര്യത്തിന്റെ നിരക്കും മാറ്റമില്ലാതെ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it