യു.എസില്‍ പഠിക്കാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

കോവിഡിന് ശേഷം യു.എസ് സര്‍വ്വകലാശാലകളില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 35 ശതമാനം വളര്‍ച്ച. യു.എസിലെ മൊത്തം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2022-23 അധ്യയന വര്‍ഷത്തില്‍ 12 ശതമാനം വര്‍ധിച്ചായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്റെയും സംയുക്ത പഠന റിപ്പോര്‍ട്ട് വ്യക്തമാക്കി. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പേരും യു.എസ് പ്രധാന ലക്ഷ്യസ്ഥാനമായി കാണുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയും ചൈനയും

അമേരിക്കന്‍ കോളേജുകളില്‍ ഇന്ത്യയില്‍ നിന്ന് ഏകദേശം 2.69 ലക്ഷം വിദ്യാര്‍ത്ഥികളാണുള്ളത്. ഇതില്‍ അധികവും ബിരുദ കോഴ്‌സുകള്‍ക്കായി വന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, ബിസിനസ് എന്നിവ പഠിക്കാനെത്തുന്നവരാണ് ഏറെയും. ചൈനയില്‍ നിന്നും മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ യു.എസില്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷമായി കുറഞ്ഞു വരികയാണ്. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉടന്‍ മറികടന്നേക്കും.

മറ്റ് രാജ്യങ്ങള്‍

ചൈനയ്ക്കും ഇന്ത്യയ്ക്കും ശേഷം യു.എസിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അയക്കുന്ന രാജ്യങ്ങള്‍ ദക്ഷിണ കൊറിയ, കാനഡ, വിയറ്റ്‌നാം, തായ്‌വാന്‍, നൈജീരിയ എന്നിവയാണ്. കഴിഞ്ഞ അധ്യയന വര്‍ഷം ഇന്ത്യ കൂടാതെ ബംഗ്ലാദേശ്, കൊളംബിയ, ഘാന, ഇറ്റലി, നേപ്പാള്‍, പാകിസ്ഥാന്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Related Articles

Next Story

Videos

Share it