രൂപയില്‍ കച്ചവടം നടത്താന്‍ 35 രാജ്യങ്ങള്‍, പക്ഷെ കാര്യങ്ങള്‍ എളുപ്പമാകില്ല

രൂപയില്‍ ഇടപാട് നടത്താന്‍ താല്‍പ്പര്യം അറിയിച്ച് കൂടുതല്‍ രാജ്യങ്ങള്‍ എത്തുകയാണ്. 30-35 രാജ്യങ്ങള്‍ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ തേടിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യ, സ്‌കാന്‍ഡനേവിയ, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ നിന്നുള്ള രാജ്യങ്ങളില്‍ നിന്നാണ് അന്വേഷണം.

ഡോളര്‍ ക്ഷാമം നേരിടുന്ന ചെറിയ രാജ്യങ്ങളാണ് പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്താന്‍ താല്‍പ്പര്യപ്പെടുന്നത്. ശീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മാര്‍ ഉള്‍പ്പടെ വിദേശ നാണ്യ ക്ഷാമം നേരിടുന്ന രാജ്യങ്ങള്‍ക്ക് ഇടപാട് ഗുണം ചെയ്യും. രൂപയിലെ ഇടപാട് നടത്തുന്നത് വിശദീകരിച്ച് ക്യാംപെയിനുകള്‍ നടത്താന്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനോട് (IBA) ധനമന്ത്രാലയം ആവശ്യപ്പെട്ടെന്നാണ് വിവരം.

അതേ സമയം രൂപയിലുള്ള കച്ചവടം ഇന്ത്യ വ്യാപകമായി ഉപയോഗിച്ചേക്കില്ല എന്നാണ് വിവരം. താല്‍പ്പര്യം അറിയിക്കുന്ന രാജ്യങ്ങളെ ആശ്രയിച്ചായിരിക്കും വിഷയത്തില്‍ കേന്ദ്രം തീരുമാനം എടുക്കുക. പ്രഖ്യാപനം എത്തി അഞ്ച് മാസം കഴിഞ്ഞിട്ടും രൂപയില്‍ ഇടപാട് നടത്താന്‍ സാധിച്ചിട്ടില്ല. സങ്കീര്‍ണമായ നടപടി ക്രമങ്ങളാണ് പ്രധാന തിരിച്ചടി. പ്രദേശിക കറന്‍സിയില്‍ കച്ചവടം നടത്താന്‍ വേണ്ടിയുള്ള 18 വോസ്‌ട്രോ അക്കൗണ്ടുകള്‍ക്കാണ് ഇതുവരെ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും റഷ്യന്‍ ഇടപാടുകള്‍ക്ക് വേണ്ടിയുള്ളവയാണ്.

യുസിഒ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കാനറ ബാങ്ക് എന്നീ ഇന്ത്യന്‍ ബാങ്കുകളിലും വിടിബി, എസ്‌ബെര്‍ എന്നീ റഷ്യന്‍ ബാങ്കുകളിലും ആണ് ഈ വോസ്‌ട്രോ അക്കൗണ്ടുകള്‍. യുസിഒ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയായിരിക്കും റഷ്യയുമായുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുക. പഞ്ചാബ് നാഷണല്‍ ബാങ്ക് മ്യാന്‍മറുമായും ഇടപാട് നടത്തും. ഇടപാടുകള്‍ സുസ്ഥിരമായ ശേഷം ആവും ആര്‍ബിഐ കൂടുതല്‍ ബാങ്കുകള്‍ക്ക് അവസരം നല്‍കുക.

എന്നാല്‍ വിദേശത്ത് കൂടുതല്‍ സാന്നിധ്യമുള്ള ബാങ്കുകളെ പ്രാദേശിക കറന്‍സിയിലെ വ്യാപാരത്തിന് നിര്‍ബന്ധിക്കുന്നില്ല. ഉപരോധമുള്ള രാജ്യങ്ങളുമായുള്ള ഇടപാട് വിദേശ വിപണിയിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്ക വലിയ ബാങ്കുകള്‍ക്കുണ്ട്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ളവ രൂപയിലെ വ്യാപാരത്തിന് ഇറങ്ങാത്തിന്റെ കാരണം ഇതാണ്.

Related Articles
Next Story
Videos
Share it