

കൊവിഡാനന്തരം ഇന്ത്യ അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമ്പോഴും 25 വയസിന് താഴെയുള്ള ബിരുദധാരികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 42 ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഹയര്‍സെക്കന്‍ഡറിക്കും, സെക്കന്‍ഡറിക്കും, സെക്കന്‍ഡറി വിദ്യാഭ്യാസത്തിനും താഴെ യോഗ്യതയുള്ളവര്‍ എന്നീ വിഭാഗങ്ങളിലെ തൊഴിലില്ലായ്മയുടെ നിരക്കെടുത്താല്‍ ഇത് യഥാക്രമം 21.4%, 18.1%, 15% എന്നിങ്ങനെയാണെന്ന് അസീം പ്രേംജി സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 34ന് മേല്‍ പ്രായമുള്ള ബിരുദധാരികള്‍ക്കിടയില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് തൊഴിലില്ലായ്മ നിരക്ക്.
കോവിഡിന് മുമ്പുള്ളതിനേക്കാള്‍ കുറവ്
എല്ലാ വിദ്യാഭ്യാസ തലങ്ങളിലും കോവിഡിന് ശേഷമുള്ള തൊഴിലില്ലായ്മ നിരക്ക് കോവിഡിന് മുമ്പുള്ളതിനേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്വയംതൊഴില്‍ വര്‍ധിച്ചതിനാല്‍ വനിതാ തൊഴിളികളുടെ എണ്ണം 2019 മുതല്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. കോവിഡിന് മുമ്പ് 50% സ്ത്രീകളാണ് സ്വയം തൊഴില്‍ ചെയ്തിരുന്നത്. എന്നാല്‍ കോവിഡിന് ശേഷം ഇത് 60% ആയി ഉയര്‍ന്നു.
സാധ്യതകള്‍ ഇങ്ങനെ
ഒരു സ്ത്രീയുടെ വീട്ടില്‍ തൊഴിലില്ലാത്ത അവരുടെ ഭര്‍തൃമാതാവും താമസിക്കുന്നുണ്ടെങ്കില്‍, സ്ത്രീക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യത ഗ്രാമങ്ങളില്‍ 20 ശതമാനവും നഗരങ്ങളില്‍ 30 ശതമാനവുമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഭര്‍തൃമാതാവിന് തൊഴിലുണ്ടെങ്കില്‍ സ്ത്രീക്ക് തൊഴില്‍ നേടാന്‍ ഗ്രാമങ്ങളില്‍ 50 ശതമാനവും നഗരങ്ങളില്‍ 70 ശതമാനവുമാണ് സാധ്യത. പട്ടികജാതി തൊഴിലാളികള്‍ക്കിടയില്‍ മാലിന്യ സംബന്ധമായ ജോലികള്‍, തുകല്‍ സംബന്ധമായ ജോലികള്‍ എന്നിവ കാലക്രമേണ കുറഞ്ഞുവരുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine