യാത്രക്കിടയില്‍ മൂക്കുപൊത്താതെ 'ശങ്ക' മാറ്റാം; ആപ്പിലൂടെ ശുചിമുറി അറിയാം, ബുക്കും ചെയ്യാം

യാത്രക്കിടയില്‍ വൃത്തിയുള്ള ടോയ്‌ലറ്റ് കണ്ടെത്താനുള്ള പ്രയാസം നേരിടാത്തവര്‍ ചുരുക്കമാണ്. ഇക്കാര്യത്തിന് ഒരു പരിഹാരവുമായി കൊച്ചിയില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് രംഗത്ത് വന്നിരിക്കുകയാണ്.

റിലാക്‌സേഷന്‍ ഹൈജീനിക് ഹബ് എന്ന പേരില്‍ കേരളത്തിലെ നഗരങ്ങളിലും, പട്ടണങ്ങളിലും വിനോദസഞ്ചാര മേഖലകളിലും മിനി ടോയ്‌ലറ്റ് കോംപ്ലക്‌സ് പദ്ധതിക്കാണ് ഈ സ്റ്റാര്‍ട്ടപ്പ് കമ്പനി ഒരുങ്ങുന്നത്. സുരക്ഷയും, വൃത്തിയും ഉറപ്പ് നല്‍കുന്ന ഈ ടോയ്‌ലറ്റ് കോംപ്ലക്‌സുകളെ റിലാക്‌സേഷന്‍ ആപ്പുമായും ബന്ധിപ്പിക്കും.

ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകുന്ന റിലാക്‌സേഷന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ കണ്ടെത്താനും ഉപയോഗത്തിനായി മുന്‍കൂട്ടി ടോക്കണ്‍ എടുക്കാനും കഴിയും. ഒരു ടോക്കണ്‍ ഒരു ദിവസം രണ്ടു പ്രാവശ്യം വരെ ഉപയോഗിക്കാന്‍ കഴിയും.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്ള ശുചിമുറികള്‍ കൂടാതെ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍,
ഇന്‍സിനറേറ്റര്‍, ഫീഡിങ്ങ് റൂം, കുടിവെള്ള സൗകര്യം, ഓക്‌സിജന്‍ പാര്‍ലര്‍ എന്നിവയും ഈ ഹബ്ബുകളില്‍ വിഭാവനം ചെയ്യുന്നുണ്ട്. ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക ശുചിമുറികള്‍, വാഷ്‌റൂമുകള്‍ തുടങ്ങിയവയും കമ്പനി വിഭാവനം ചെയ്യുന്നു.

പണം നല്‍കി ഉപയോഗിക്കാവുന്ന തരത്തിലുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ക്ക് പുറത്ത് ക്യാമറ നിരീക്ഷണം
ഉണ്ടാവുമെന്നതിനാല്‍ സുരക്ഷയും ഉറപ്പ് നല്‍കുന്നു.

900 ചതുരശ്ര അടി സ്ഥലമാണ് ഒരു ടോയ്‌ലറ്റ് കോംപ്ലക്‌സിന് ആവശ്യമുള്ളത്. ഒരു കോംപ്ലക്‌സിന് 14 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. കൊച്ചി നഗരത്തിലാണ് പദ്ധതി ആദ്യം ആരംഭിക്കുക. ഓരോ ടോയ്‌ലറ്റ് കോംപ്‌ളക്‌സിലും മൂന്ന് മുതല്‍ നാലു വരെ ആള്‍ക്കാര്‍ക്ക് തൊഴില്‍ നല്‍കാനും കഴിയും.

ഒരു വര്‍ഷത്തിനകം ഇരുപതോളം മിനി ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. പാര്‍ക്കിങ്ങ് സൗകര്യവും ഉറപ്പു വരുത്തും. ആപ്പിന്റെ ഓരോ പതിനായിരം ഡൗണ്‍ലോഡിനും ഒരു കുട്ടിയുടെ വീതം വിദ്യാഭ്യാസം സ്‌പോണ്‍സര്‍ ചെയ്യാനും ലക്ഷ്യമിടുന്നതായി ടീം റിലാക്‌സേഷന്‍ എന്ന കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ അനീഷ് ഒ എം പറഞ്ഞു.

ടോയ്‌ലറ്റ് കോംപ്‌ളക്‌സുകളില്‍ അത്യാധുനിക രീതിയിലുള്ള ബയോ ട്രീറ്റ്‌മെന്റ് ഉപയോഗിച്ചുള്ള മാലിന്യ സംസ്‌കരണമാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഐ ഐ ടിയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യക്ക് അനുസൃതമായ ഒരു വാട്ടര്‍ റീസൈക്ലിങ് യൂണിറ്റ് ഓരോ കോംപ്‌ളക്‌സിലും ഉണ്ടാകും.

കോംപ്ലക്‌സില്‍ സ്ഥാപിക്കുന്ന എല്‍സിഡി ബോര്‍ഡുകളില്‍ കൊടുക്കുന്ന പരസ്യങ്ങള്‍ കമ്പനിയുടെ ഒരു പ്രധാന വരുമാന മാര്‍ഗമായിരിക്കുമെന്നു അനീഷ് പറഞ്ഞു. സാമൂഹ്യ പ്രാധാന്യമുള്ള ഇത്തരം ഒരു സംരംഭത്തില്‍ നിക്ഷേപകരുടെ സഹകരണമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. കൊച്ചിക്കു പുറത്തു ഫ്രാന്‍ഞ്ചൈസി അടിസ്ഥാനത്തില്‍ പദ്ധതി വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

'എനിക്ക് ഇത് ഒരു സ്വപ്ന പദ്ധതിയാണിത്. ഒരു വര്‍ഷത്തില്‍ ഏറെയായി ഞാന്‍ ഇതിന്റെ പിന്നാലെയാണ്. പദ്ധതിയെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്ന് സമൂഹത്തിന്റെ പല ഭാഗത്തുനിന്നും പ്രോത്സാഹനം ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍ നിന്ന്. യാത്രകള്‍ക്കിടയില്‍ വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ ഇല്ലാത്തതു മൂലം ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അവരാണ്,' അനീഷ് പറഞ്ഞു.

'കേരളത്തില്‍ പബ്ലിക് കംഫോര്‍ട് സ്‌റ്റേഷന്‍സ് പലയിടങ്ങളിലും ഉണ്ടെങ്കിലും ഇത് വൃത്തിയായി സൂക്ഷിക്കാന്‍ മുനിസിപ്പാലിറ്റികള്‍ക്കോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ കഴിയുന്നില്ല. വളെരെയധികം കൊട്ടിഘോഷിക്കപ്പെട്ട വൈറ്റില മൊബിലിറ്റി ഹബ്ബില്‍ പോലും ഇതാണ് സ്ഥിതി. ഇതിനൊരു പരിഹാരം ഈ സര്‍വീസ് ഒരു വ്യാവസായിക അടിസ്ഥാനത്തില്‍ കൊടുക്കുക എന്നത് മാത്രമാണ് ,' അനീഷ് വിശദീകരിച്ചു.

കൊച്ചിയില്‍ സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ എത്രയും വേഗം പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിലാക്‌സേഷന്‍ പദ്ധതി വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ കൊച്ചിയിലെ മാലിന്യസംസ്‌കരണത്തിനായി നൂതന ആശയം നടപ്പാക്കുമെന്നും അനീഷ് പറഞ്ഞു.


Related Articles
Next Story
Videos
Share it