Begin typing your search above and press return to search.
അനില്‍ അംബാനിയുടെ പവര്‍ പ്ലാന്റ് വാങ്ങാന്‍ അദാനി രംഗത്ത്
പാപ്പരത്ത നടപടി നേരിടുന്ന മുന്‍ ശതകോടീശ്വരന്‍ അനില്‍ അംബാനിയുടെ കീഴിലുള്ള കല്‍ക്കരി ഊര്‍ജ പ്ലാന്റ് സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പും രംഗത്ത്. പാപ്പരത്ത (Bankruptcy) നടപടികളുടെ ഭാഗമായി കോടതി ലേലത്തിനുവച്ച പ്ലാന്റ് ഏറ്റെടുക്കാന്‍ അദാനിയും അപേക്ഷിച്ചേക്കുമെന്ന് ബ്ലൂംബെര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്തത്.
അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലെ റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡ് ലേലത്തില്‍ പിടിക്കാനാണ് അദാനിയുടെ നീക്കം. അതേസമയം, കമ്പനി തിരികെപ്പിടിക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങള്‍ അദാനി ഗ്രൂപ്പോ റിലയന്‍സ് ഗ്രൂപ്പോ സ്ഥിരീകരിച്ചിട്ടില്ല.
അദാനിക്ക് വലിയ ലക്ഷ്യം
മദ്ധ്യേന്ത്യയില്‍ 600 മെഗാവാട്ട് ഊര്‍ജോല്‍പാദന ശേഷിയുള്ള പ്ലാന്റുകളുള്ള സ്ഥാപനമാണ് വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡ്. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്ന് ആസ്തിയിലും നിക്ഷേപക വിശ്വാസത്തിലും ഇടിവേറ്റ അദാനി, പ്രതാപം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് അംബാനിയുടെ പ്ലാന്റ് ഏറ്റെടുക്കുന്ന നടപടികളുള്‍പ്പെടെ സ്വീകരിക്കുന്നത്.
പ്ലാന്റ് സ്വന്തമായാല്‍ അദാനി ഗ്രൂപ്പിന്റെ നിലവിലെ കല്‍ക്കരി ഊര്‍ജ സംരംഭങ്ങള്‍ക്ക് അത് വലിയ മുതല്‍ക്കൂട്ടാകും. അതേസമയം, പ്ലാന്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമം വിഫലമായാല്‍ അനില്‍ അംബാനിക്ക് അത് വലിയ ക്ഷീണവുമാകും.
Next Story