സാമ്പത്തിക ഞെരുക്കത്തില്‍ കണ്ണൂര്‍ വിമാനത്താവളം: ഏറ്റെടുക്കാന്‍ അദാനിയോ ടാറ്റയോ?

കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി 2018ല്‍ പ്രവര്‍ത്തനം തുടങ്ങിയ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം (കിയാല്‍/KIAL) കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ആകെ മൂന്ന് വിമാനക്കമ്പനികളാണ് കണ്ണൂരില്‍ സര്‍വീസ് നടത്തിയിരുന്നത്. അതില്‍ തന്നെ ഗോ ഫസ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെയാണ് കിയാലിന്റെ അവസ്ഥ കൂടുതല്‍ മോശമായത്.

യാത്രക്കാര്‍ കൂടിയിട്ടും പ്രതിസന്ധി
നിലവില്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്സ്പ്രസുമാണ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. 2022-23ല്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 189 ശതമാനവും ആഭ്യന്തര യാത്രക്കാര്‍ 43.48 ശതമാനവും വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 15 ലക്ഷത്തോളം പേരാണ് കണ്ണൂരിലെ വിദേശ യാത്രക്കാര്‍. ആഭ്യന്തര യാത്രികര്‍ 4.03 ലക്ഷം. സര്‍വീസുകള്‍ 23.18 ശതമാനം വര്‍ദ്ധിച്ച് ആ വര്‍ഷം 12,024ലുമെത്തി.
എന്നാല്‍, വായ്പാത്തിരിച്ചടവിലെ പ്രതിസന്ധിയാണ് കിയാലിനെ വലയ്ക്കുന്നത്. കൊവിഡിന് ശേഷം സ്ഥിതി കൂടുതല്‍ മോശമാവുകയായിരുന്നു. വിമാനത്താവളത്തിന്റെ നിര്‍മ്മാണച്ചെലവായ 2,350 കോടി രൂപയില്‍ 892 കോടി രൂപയും കടമായിരുന്നു. പലിശ ബാദ്ധ്യതയും ചേരുമ്പോള്‍ മൊത്തം കടം 1,100 കോടി രൂപയോളമാണ്.
അദാനിയോ ടാറ്റയോ?
സംസ്ഥാന സര്‍ക്കാരിന് 32.86 ശതമാനവും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 22.54 ശതമാനവും ഓഹരി പങ്കാളത്തമുള്ള വിമാനത്താവളമാണ് കിയാല്‍. വിമാനത്താവളങ്ങള്‍ നടത്തി പരിചയമുള്ള ഏതെങ്കിലും ഗ്രൂപ്പിനെക്കൊണ്ട് കിയാലിന്റെ നിയന്ത്രണം ഏറ്റെടുപ്പിക്കണമെന്ന നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അദാനി ഗ്രൂപ്പ്, ടാറ്റാ ഗ്രൂപ്പ് എന്നിവയെയാണ് കിയാലും ഉന്നമിടുന്നത്.
അതേസമയം, പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രമിക്കാതെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനിക്കോ മറ്റ് കോര്‍പ്പറേറ്റുകള്‍ക്കോ കൊടുക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

Related Articles

Next Story

Videos

Share it