രൂപയോ ഡോളറോ അല്ല, ലോകത്ത് മികച്ച പ്രകടനം നടത്തുന്ന കറന്‍സി 'താലിബാന്റേത്'

താലിബാന്‍ നിയന്ത്രിത രാജ്യമായ അഫ്ഗാനിസ്ഥാന്റെ കറന്‍സിയായ അഫ്ഗാനിയാണ് കഴിഞ്ഞ പാദത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യ വളര്‍ച്ച നേടിയ കറന്‍സിയെന്ന് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട്. ആഗോള റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് അഫ്ഗാനി.

പല രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക സഹായവും അയല്‍ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിച്ചതുമാണ്‌ അഫ്ഗാനിസ്ഥാന് തുണയായത്. ദാരിദ്ര്യത്താല്‍ വലയുന്ന, ലോകത്തിലെ തന്നെ ഏറ്റവും മോശം മനുഷ്യാവകാശ റെക്കോഡുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍.
മുന്നേറ്റത്തിന് കാരണം

രണ്ട് വര്‍ഷം മുമ്പ് അധികാരം പിടിച്ചെടുത്ത ഭരണകക്ഷിയായ താലിബാന്‍ അഫ്ഗാനിസ്ഥാനെ ശക്തികേന്ദ്രമാക്കാന്‍ നിരവധി നടപടികളാണ് സ്വീകരിച്ചത്. പ്രാദേശിക ഇടപാടുകള്‍ക്ക് ഡോളറും പാകിസ്ഥാന്‍ രൂപയും ഉപയോഗിക്കുന്നത് നിരോധിച്ചു. കൂടാതെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ഓണ്‍ലൈന്‍ വ്യാപാരം നിയമവിരുദ്ധമാക്കുകയും നിയമങ്ങള്‍ ലംഘിക്കുന്നവരെ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇത്തരം കര്‍ശന കറന്‍സി നിയന്ത്രണങ്ങളും പണമൊഴുക്കും മറ്റ് പണമയക്കലുകളും അഫ്ഗാന്‍ കറന്‍സിയെ കഴിഞ്ഞ പാദത്തില്‍ ഏകദേശം 9 ശതമാനം ഉയരാന്‍ സഹായിച്ചു.
രണ്ടാംസ്ഥാനത്തുള്ള കൊളംബിയന്‍ പെസോയുടെ വളര്‍ച്ച ഇക്കാലയളവില്‍
മൂന്ന് ശതമാനം മാത്രമാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് കാണിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അഫ്ഗാനി 14 ശതമാനമാണ് ഉയര്‍ന്നത്. കൊളംബിയയുടെയും ശ്രീലങ്കയുടെയും കറന്‍സികളാണ് ഒരു വര്‍ഷക്കാലയളവില്‍ അഫ്ഗാനിയേക്കാള്‍ മികച്ച നേട്ടമുണ്ടാക്കിയത്.
ജനങ്ങള്‍ ദാരിദ്ര്യത്തില്‍
എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവസ്ഥ പരിതാപകരമാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്, അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും പണമില്ലാതെ വലയുകയാണ് മൂന്നിലൊന്ന് വീടുകളും. പണപ്പെരുപ്പം പണച്ചുരുക്കത്തിലേക്ക് മാറിയതായും വേള്‍ഡ് ബാങ്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2021 അവസാനം മുതല്‍ കഴിഞ്ഞ 18 മാസമായി ദരിദ്രരെ സഹായിക്കാന്‍ ആഴ്ചതോറും ഐക്യരാഷ്ട്ര സഭയുടെ വിമാനങ്ങള്‍ ഇങ്ങോട്ടെത്തുന്നുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it