അഗ്രോകെമിക്കല്‍ കമ്പനികള്‍ക്ക് ഇത് നല്ലകാലം; വരുമാനം വളരുമെന്ന് ക്രിസില്‍
ശക്തമായ ആഗോള, ആഭ്യന്തര ഡിമാന്‍ഡ് വര്‍ധനയില്‍ അഗ്രോകെമിക്കല്‍ കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷം 15-17 ശതമാനം വരുമാന വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ടെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇതിന്റെ വരുമാനം 10-12 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം മൂലധനച്ചെലവ് മുന്‍കാലങ്ങളിലേതിന് സമാനമായ തലത്തില്‍ തന്നെ തുടരും.
നടപ്പ് സാമ്പത്തിക വര്‍ഷം കയറ്റുമതി വരുമാനം 18-20 ശതമാനം ഉയര്‍ന്നു. അടുത്ത സാമ്പത്തിക വര്‍ഷം കയറ്റുമതി 12-14 ശതമാനം വളരും. അഗ്രോകെമിക്കലുകളുടെ കയറ്റുമതി ഇതില്‍ പ്രധാന പങ്ക് വഹിക്കും. മൊത്തം വരുമാനത്തിന്റെ 53 ശതമാനവും ഈ മേഖലയുടെ സംഭാവനയായിരിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് ഡയറക്ടര്‍ പൂനം ഉപാധ്യായ പറഞ്ഞു.
അതേസമയം സാധാരണ മണ്‍സൂണ്‍ തുടര്‍ന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം അഗ്രോകെമിക്കലിന്റെ ആഭ്യന്തര വിഭാഗം 12-14 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ക്രിസില്‍ റിപ്പോര്‍ട്ട് പറയുന്നു. സാധാരണ മണ്‍സൂണ്‍ തുടരുകയും കാര്‍ഷിക വരുമാനം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താല്‍, അടുത്ത സാമ്പത്തിക വര്‍ഷം ആഭ്യന്തര വിഭാഗം 10-12 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.