ലക്ഷ്യം 2 വര്‍ഷം കൊണ്ട് 4 ശതമാനത്തിലേക്ക്, പണപ്പെരുപ്പം കുറയുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍

രാജ്യത്തെ പണപ്പെരുപ്പം (Inflation) രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് റിസര്‍വ് ബാങ്ക് (RBI) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ വലിയ രീതിയില്‍ ബാധിക്കാതെ പണപ്പെരുപ്പം കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഗവര്‍ണര്‍ പങ്കുവെച്ചു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശക്തികാന്ത ദാസിന്റെ പ്രതികരണം.

രാജ്യത്തെ പണപ്പെരുപ്പം 2-6 ശതമാനത്തിനിടയില്‍ നിര്‍ത്തണമെന്നാണ് ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ നിര്‍ദ്ദേശം. ജൂലൈയില്‍ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 6.7 ശതമാനം ആയിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മെയ് മുതല്‍ 150 ബേസിസ് പോയിന്റാണ് ആര്‍ബിഐ റീപോ റേറ്റില്‍ വര്‍ധിപ്പിച്ചത്. നിലവില്‍ 5.4 ശതമാനം ആണ് റീപോ റേറ്റ്. വരും മാസങ്ങളിലെ നിരക്ക് വര്‍ധനവ് ഡാറ്റകളെ ആശ്രയിച്ചിരിക്കുമെന്നും ശകതികാന്ത ദാസ് വ്യക്തമാക്കി.

രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണ വിധേയമാണെന്നും ഗവര്‍ണര്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി 1.2ല്‍ നിന്ന് ജിഡിപിയുടെ 3 ശതമാനം ആയി ഉയരുമെന്നാണ് വിലയിരുത്തല്‍. ഫിന്‍ടെക്ക് കമ്പനികളെക്കളെയും പുതിയ ആശയങ്ങളെയും പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട റിസ്‌കുകളും പരിഗണിക്കപ്പെടണമെന്നും ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി.

Related Articles
Next Story
Videos
Share it