35 ഡിഗ്രിയും കടന്ന് വേനല്‍ത്തീയില്‍ പൊള്ളി കേരളം; എ.സി കച്ചവടം തകൃതി, കൂടുതല്‍ ഡിമാന്‍ഡ് മിഡ്-റേഞ്ച് എ.സിക്ക്

ഹൊ.. എന്താ ചൂട്! ആ എ.സി ഒന്നിടൂ..! കേരളത്തിലെ പല വീടുകളിലും ഓഫീസുകളിലും ഈ ഡയലോഗുകള്‍ ഇപ്പോള്‍ കേള്‍ക്കാം. 35-40 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളുകയാണ് സംസ്ഥാനം. പല ജില്ലകളിലും യെല്ലോ അലെര്‍ട്ട്. ചൂട് കൂടിയതോടെ സംസ്ഥാനത്ത് എയര്‍ കണ്ടീഷണര്‍ (എ.സി) വില്‍പന പൊടിപൊടിക്കുകയാണ്.

ഏറ്റവും വലിയ വില്‍പ്പനയോടെ ഫെബ്രുവരി

പ്രതിവര്‍ഷം ശരാശരി 90 ലക്ഷം എ.സികളാണ് ഇന്ത്യയില്‍ വിറ്റഴിക്കുന്നതെന്നും ഇതില്‍ 4 ലക്ഷത്തോളം കേരളത്തിലാണെന്നും ഡിജിറ്റല്‍ റീറ്റെയ്ല്‍ ശൃഖലയായ ഓക്‌സിജന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഷിജോ കെ. തോമസ് പറഞ്ഞു. ഈ വര്‍ഷം 5 ലക്ഷം എ.സികള്‍ കേരളത്തില്‍ വിറ്റഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള സീസണ്‍ നോക്കുകയാണെങ്കില്‍ ഏകദേശം രണ്ടര ലക്ഷം എ.സികളാണ് ഈക്കാലയളവില്‍ വിറ്റഴിയുന്നത്. ഇത് ഒരു വര്‍ഷത്തെ മൊത്തം എ.സി വില്‍പ്പനയുടെ പകുതിയോളം വരുമെന്നും അദ്ദേഹം പറഞ്ഞു.

എ.സിയുടെ കാര്യമായ വില്‍പ്പന ജനുവരിയിലാണ് ആരംഭിച്ചതെന്നും ഫെബ്രുവരി എത്തിയപ്പോള്‍ ഇത് ഏറ്റവും വലിയ വില്‍പ്പന വളര്‍ച്ച തന്നെ കാഴ്ചവയ്ക്കുകയും ചെയ്തതായി അജ്മല്‍ ബിസ്മി ഗ്രൂപ്പ് സി.ഇ.ഒ വി.എ. അജ്മല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 50-60 ശതമാനം വര്‍ധനയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നര ടണ്‍ ഇന്‍വെര്‍ട്ടര്‍ എ.സികള്‍

ഉപഭോക്താക്കളുടെ മുന്‍ഗണനകളിലും വലിയമാറ്റങ്ങള്‍ വന്നിട്ടുള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടു. എ.സി വാങ്ങാന്‍ വരുന്നവരില്‍ കൂടുതല്‍ പേരും ആവശ്യപ്പെടുന്നത് ഒന്നര ടണ്‍ ഇന്‍വെര്‍ട്ടര്‍ എ.സികളാണ്. 20,000-30,000 രൂപ വരെ വിലയുള്ള മിഡ്-റേഞ്ച് വിഭാഗത്തിലുള്ള എ.സികളാണ് കൂടുതലും വിറ്റഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളികളുമുണ്ട്

വേനല്‍ച്ചൂട് ശക്തമാകുന്നതിനാല്‍ എ.സി വില്‍പ്പനയിലെ കുതിപ്പ് ഏപ്രില്‍, മേയ് മാസങ്ങളിലേക്കും വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ഇടയ്ക്കിടെ സ്റ്റോക്ക് ക്ഷാമത്തിന് കാരണമാകുന്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മൊത്തത്തിലുള്ള ട്രെന്‍ഡ് പരിശേധിക്കുകയാണെങ്കില്‍ കേരളത്തില്‍ എ.സി വില്‍പ്പന തകൃതിയായി മുന്നോട്ട് പോകുകയാണ്.

Related Articles

Next Story

Videos

Share it