

ഇക്കൊല്ലത്തെ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗിന്റെ ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കള്‍. ഇത്രയും പേര്‍ ഓഫറുകള്‍ക്ക് പുറകെയോടുമ്പോള്‍ സൈബര്‍ കുറ്റവാളികളും വലവിരിച്ച് കാത്തിരിക്കുകയാണ്. ഇക്കൊല്ലം ഏതാണ്ട് 31 കോടിയാളുകള്‍ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് നടത്തുമെന്നാണ് ആമസോണിന്റെ കണക്ക്. സൈബര്‍ തട്ടിപ്പുകാരുടെ ഇരയാവാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ നടത്തണമെന്നും ആമസോണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നവംബര്‍ മാസത്തെ നാലാമത്തെ വ്യാഴാഴ്ച്ച കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്ന പതിവ് അമേരിക്കക്കാര്‍ക്കുണ്ട്. താങ്ക്‌സ് ഗീവിംഗ് ഡേ എന്നാണ് ഇത് അറിയപ്പെടാറുള്ളത്. ബ്രാന്‍ഡുകളും ഷോപ്പിംഗ് സെന്ററുകളുമൊക്കെ വലിയ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്ന സമയം കൂടിയാണിത്. യു.എസിലെ ഫിലാഡല്‍ഫിയയില്‍ ഈ ദിവസം ഷോപ്പിംഗിനെത്തുന്നവരുടെ തിക്കുംതിരക്കും കാരണമാണ് പിറ്റേ ദിവസത്തിന്, അതായത് നവംബര്‍ മാസത്തെ നാലാമത്തെ വെള്ളിയാഴ്ച, ബ്ലാക്ക് ഫ്രൈഡേ എന്ന പേരുവന്നത്.
എന്നാല്‍ പിന്നീട് ഇത് യു.എസിലെ മറ്റ് സ്ഥലങ്ങളിലേക്കും വിവിധ രാജ്യങ്ങളിലേക്കും വ്യാപിക്കുകയും വലിയ ഷോപ്പിംഗ് ഉത്സവമായി മാറുകയും ചെയ്തു. നഷ്ടത്തിലോടുന്ന പല കമ്പനികളെയും ലാഭത്തിലാക്കുന്ന ദിവസം കൂടിയാണിത്. അവധിക്കാല ഷോപ്പിംഗ് ഉത്സവം തുടങ്ങുന്നതും ഈ ദിവസത്തിലാണ്. ഇക്കുറി നവംബര്‍ 27ന് താങ്ക്‌സ് ഗിവിംഗ് ഡേ നവംബര്‍ 27നും ബ്ലാക്ക് ഫ്രൈഡേ 28നുമാണ്. ഇക്കുറി ആഗോള തലത്തില്‍ ബ്ലാക്ക്‌ഫ്രൈഡേ ദിവസം ആളുകള്‍ 74.4 ബില്യന്‍ ഡോളര്‍ (6.6 ലക്ഷം കോടി രൂപ) ചെലവിടുമെന്നാണ് ചില കണക്കുകള്‍ പറയുന്നത്.
കുറേക്കാലം മുമ്പ് വരെ ഇന്ത്യക്കാര്‍ക്ക് പരിചിതമല്ലാതിരുന്ന സംഗതിയാണ് ബ്ലാക്ക് ഫ്രൈഡേ. ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ വിതരണക്കാരുടെ വരവോടെയാണ് രാജ്യത്തും ഈ ട്രെന്‍ഡ് വ്യാപകമായത്. ദീപാവലി വില്‍പ്പന കഴിഞ്ഞ് ശൈത്യകാല കച്ചവടത്തിലേക്ക് നീങ്ങുന്നതിനിടെ വരുന്ന ബ്ലാക്ക് ഫ്രൈഡേ വിപണിക്കും മികച്ച അവസരമാണ്. എന്‍ഡ് ഓഫ് സെയിലിന് മുമ്പ് സ്റ്റോക്ക് ക്ലിയര്‍ ചെയ്യാന്‍ ബ്രാന്‍ഡുകള്‍ക്കും കഴിയും. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ബ്ലാക്ക്‌ഫ്രൈഡേയോട് അനുബന്ധിച്ച് വില്‍പ്പന വര്‍ധിക്കാറുണ്ടെന്ന് വ്യാപാരികളും പറയുന്നു. കൂടുതലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ് ഈ ദിവസത്തെ പ്രധാന ഗുണഭോക്താക്കള്‍.
നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പോലുള്ള പ്രശസ്ത വെബ്‌സൈറ്റുകളുടേതെന്ന പേരില്‍ തട്ടിപ്പുകാര്‍ വ്യാജ വെബ്‌സൈറ്റുകളുമായി തട്ടിപ്പിനൊരുങ്ങുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കണ്ടാല്‍ ഒറിജിനലെന്ന് തോന്നിപ്പിക്കുന്ന വെബ്‌സൈറ്റുകളില്‍ ഉപയോക്താക്കളെ എത്തിച്ച ശേഷം തട്ടിപ്പിന് ഇരയാക്കുന്നതാണ് ഇവരുടെ രീതിയെന്ന് ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്മസ്, ബ്ലാക്ക് ഫ്രൈഡേ, ഫ്‌ളാഷ് സെയില്‍ തുടങ്ങിയ പേരുകളില്‍ 18,000ലധികം ഡൊമൈനുകള്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതില്‍ വലിയൊരു ഭാഗവും തട്ടിപ്പുകാരുടേതാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ച് നടക്കാന്‍ സാധ്യതയുള്ള തട്ടിപ്പുകളെക്കുറിച്ചും ആമസോണ്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആമസോണ്‍ അക്കൗണ്ടിലോ ഓര്‍ഡര്‍ ഡെലിവറിയിലോ എന്തെങ്കിലും കുഴപ്പങ്ങളുണ്ടെന്ന രീതിയില്‍ മെസേജ് അയക്കുന്നത് തട്ടിപ്പുകാരുടെ പതിവ് രീതിയാണ്. കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകള്‍ നല്‍കി വ്യാജ ഉത്പന്നങ്ങള്‍ അയച്ചുനല്‍കുന്നതും ഇത്തരക്കാരുടെ രീതിയാണ്. തേര്‍ഡ് പാര്‍ട്ടി പരസ്യ ഏജന്‍സികളെ ഉപയോഗിച്ചാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലും മറ്റും പരസ്യം ചെയ്യുന്നത്. ഇ-മെയില്‍, ടെക്സ്റ്റ് മെസേജിലൂടെ അപകടകരമായ സന്ദേശങ്ങള്‍ അയക്കുന്നതും ഇവരുടെ പതിവാണ്.
തട്ടിപ്പുകാരുടെ കെണിയില്‍ പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്നറിയിപ്പുകളും ആമസോണ്‍ പുറത്തിറക്കിയിട്ടുണ്ട്. ആമസോണിന്റെ ഒഫിഷ്യല്‍ വെബ്‌സൈറ്റോ, മൊബൈല്‍ ആപ്പോ ഉപയോഗിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ചും അക്കൗണ്ട് ചെയ്ഞ്ച്, ഡെലിവറി ട്രാക്കിംഗ്, റീഫണ്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക്. ആമസോണ്‍ അക്കൗണ്ട് മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ടൂഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ ഉറപ്പാക്കുന്നതും നല്ലതാണ്. ഓര്‍ക്കുക ആമസോണ്‍ പോലുള്ള കമ്പനികള്‍ ഒരിക്കലും പേയ്‌മെന്റ് ചെയ്യാനോ അതിനെക്കുറിച്ചുള്ള വിവരങ്ങളോ ഫോണിലൂടെ ആവശ്യപ്പെടില്ല. അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇത്തരം കമ്പനികള്‍ ഇ-മെയിലുകളും അയക്കില്ല. ഇത്തരം തട്ടിപ്പുകള്‍ നടക്കുമെന്ന് മുന്നില്‍ കണ്ടുവേണം ഓണ്‍ലൈന്‍ വാങ്ങലും പണമിടപാടുകളും നടത്താന്‍. ഇനി നിങ്ങള്‍ തട്ടിപ്പിനിരയായെന്ന് ഉറപ്പായാല്‍ 1930 എന്ന ടോള്‍ഫ്രീ നമ്പരില്‍ പരാതിപ്പെടാനും മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine