രണ്ട് മാസം ഒഴിഞ്ഞു കിടന്ന പദവി, ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അനന്ത നാഗേശ്വരന്‍

കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ.വി അനന്ത നാഗേശ്വരനെ നിയമിച്ചു. 2019 മുതല്‍ 2021 വരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ പാര്‍ട്ട് ടൈം അംഗമായി പ്രവര്‍ത്തിച്ച ആളാണ് അനന്ത നാഗേശ്വരന്‍. 2021 ഡിസംബര്‍ 17ന് വിരമിച്ച കെവി സുബ്രഹ്‌മണ്യത്തിന്റെ ഒഴിവിലേക്കാണ് നിയമനം. മൂന്ന് വര്‍ഷത്തെ കാലാവധിയിലാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കുക.

ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ്. നിയമനം നടക്കാഞ്ഞതിനാല്‍ ഇത്തവണ സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത് പ്രിന്‍സിപ്പല്‍ എക്കണോമിക് അഡൈ്വസര്‍ സഞ്ജീവ് സന്യാലാണ്.

ബജറ്റ് അടുക്കുമ്പോഴും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ പദവി ഒഴിഞ്ഞു കിടക്കുന്നകിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ബജറ്റ് അവതരണത്തിന് ഏതാനും ദിവസങ്ങള്‍ അവശേഷിക്കേയുള്ള പുതിയ നിയമനം.

നവംബര്‍ 15 വരെ ലഭിച്ച 12 അപേക്ഷകളില്‍ നിന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍കെ സിംഗിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അനന്ത നാഗേശ്വരനെ തെരഞ്ഞെടുത്തത്. മാസച്യൂസെറ്റ്സ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയ അനന്ദ നാഗേശ്വരന്‍ ഐഐഎം അഹമ്മദാബാദില്‍ നിന്നാണ് ബിരുദം നേടിയത്. ഇന്ത്യയിലെയും സിംഗപൂരിലെയും പ്രമുഖ ബിസിനസ് സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു.ഐഎഫ്എംആര്‍ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസിന്റെ ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് സര്‍വകലാശാല പ്രസിദ്ധീകരിച്ച ഇക്കണോമിക്സ് ഓഫ് ഡെറിവേറ്റീവ്സ് & ഡെറിവേറ്റീവ്സ് (2015), ദി റൈസ് ഓഫ് ഫിനാന്‍സ്: കോസസ്, കോണ്‍സിക്യുന്‍സസ് ആന്‍ഡ് ക്യുവര്‍ തുടങ്ങിയ കൃതികളുടെ സഹ-രചയികാവ് കൂടിയാണ് അനന്ദ നാഗേശ്വരന്‍.

Related Articles

Next Story

Videos

Share it