Begin typing your search above and press return to search.
ബാസ്മതി പ്രിയം! കാര്‍ഷിക കയറ്റുമതി പുതിയ ഉയരത്തില്‍
അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (അപെഡ) പ്രോത്സാഹനം നല്‍കുന്ന കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) 8.74 ശതമാനം വര്‍ദ്ധിച്ച് പുതിയ ഉയരമായ 2,672 കോടി ഡോളറില്‍ (2.19 ലക്ഷം കോടി രൂപ) എത്തി. 2021-22ല്‍ കയറ്റുമതി 2,457 കോടി ഡോളറായിരുന്നു (2.01 ലക്ഷം കോടി രൂപ).
കേന്ദ്ര സര്‍ക്കാര്‍ 2022-23ലേക്കായി ഉന്നമിട്ട വരുമാനം 2,356 കോടി ഡോളറായിരുന്നു (1.93 ലക്ഷം കോടി രൂപ). ബാസ്മതി അരി, ധാന്യങ്ങള്‍, പാലുത്പന്നങ്ങള്‍, നിലക്കടല എന്നിവയ്ക്ക് ലഭിച്ച മികച്ച ഡിമാന്‍ഡിന്റെ പിന്‍ബലത്തില്‍ ഈ ലക്ഷ്യം മറികടക്കാന്‍ കാര്‍ഷിക മേഖലയ്ക്ക് കഴിഞ്ഞുവെന്ന് അപെഡ വ്യക്തമാക്കി. അതേസമയം ഗോതമ്പ്, ഇറച്ചി, പൂക്കള്‍ എന്നിവയുടെ കയറ്റുമതി കുറഞ്ഞു.
അരിയും ഗോതമ്പും
ബാസ്മതി അടക്കമുള്ള അരി കയറ്റുമതിയാണ് കഴിഞ്ഞവര്‍ഷത്തെ വരുമാനത്തില്‍ 1,114 കോടി ഡോളറും (91,350 കോടി രൂപ) സ്വന്തമാക്കിയത്. 2021-22ല്‍ ഇത് 967 കോടി ഡോളറായിരുന്നു (79,200 കോടി രൂപ). ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനായി കഴിഞ്ഞവര്‍ഷം കേന്ദ്രം ഗോതമ്പ് കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത്, ഗോതമ്പ് കയറ്റുമതി 7.24 മില്യണ്‍ ടണ്ണില്‍ നിന്ന് 4.69 മില്യണ്‍ ടണ്ണായി കുറയാനിടയാക്കി.
പ്രധാന വിപണികള്‍
അപെഡ പിന്തുണയ്ക്കുന്ന കാര്‍ഷികോത്പന്നങ്ങളുടെ മുഖ്യവിപണി ബംഗ്ലാദേശ്, യു.എ.ഇ., വിയറ്റ്‌നാം, അമേരിക്ക, നേപ്പാള്‍, മലേഷ്യ, സൗദി, ഇന്‍ഡോനേഷ്യ, ഇറാന്‍, ഈജിപ്റ്റ് എന്നിവയാണ്.
Next Story
Videos