
അമേരിക്കന്‍ ആപ്പിളിന് ചുമത്തിയിരുന്ന അധിക തീരുവ നീക്കിയതോടെ രാജ്യത്തേക്കുള്ള ഇറക്കുമതി കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 40 മടങ്ങ് ഉയര്‍ന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ 20 ഗ്രാം വീതം തൂക്കം വരുന്ന 30.44 ലക്ഷം ബോക്‌സ് അമേരിക്കന്‍ ആപ്പിളുകളാണ് ഇറക്കുമതി ചെയ്തത്.
2017-18 കാലയളവില്‍ 70 ലക്ഷം ബോക്‌സ് വാര്‍ഷിക ഇറക്കുമതി നടത്തിയിരുന്നത് 2022-23 (സെപ്റ്റംബര്‍-ഓഗസ്റ്റ്) കാലയളവില്‍ 50,000 ബോക്‌സായി കുറഞ്ഞിരുന്നതാണ്. അധിക തീരുവ ഈടാക്കും മുന്‍പ് 50 ലക്ഷം ബോക്‌സുകളാണ് അമേരിക്ക പ്രതിവര്‍ഷം ഇറക്കുമതി ചെയ്തിരുന്നത്.
വിപണി വിഹിതം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് വാഷിംഗ്ടണ്‍ ആപ്പിള്‍ കമ്മീഷന്റെ രാജ്യത്തെ പ്രതിനിധി സുമിത് സരണ്‍ പറഞ്ഞതായി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. മെട്രോ നഗരങ്ങളില്‍ കൂടാതെ ഒന്നാം നിര, രണ്ടാം നിര നഗരങ്ങളിലും അമേരിക്കന്‍ ആപ്പിളുകള്‍ക്ക് ഡിമാന്‍ഡുണ്ട്.
ഇന്ത്യന്‍ ആപ്പിളുകള്‍ വിപണിയില്‍ കൂടുതലായി ലഭിക്കുന്ന സമയത്ത് അമേരിക്കന്‍ ആപ്പിളുകള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ജനുവരിയില്‍ ഇന്ത്യന്‍ ആപ്പിള്‍ ഉത്പാദനം കഴിയും വരെ കാത്തിരുന്ന ശേഷമേ വിപണിയിലേക്ക് കൂടുതല്‍ ആപ്പിളുകള്‍ എത്തിക്കൂവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പ്രതികാര നീക്കം
2019ലാണ് യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിള്‍, വാല്‍ നട്ട്, ബദാം, മറ്റ് ചില ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യ 20 ശതമാനം അധിക തീരുവ ചുമത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ചില സ്റ്റീല്‍, അലൂമിനിയം ഉത്പന്നങ്ങളുടെ തീരുവ യഥാക്രമം 25 ശതമാനം, 10 ശതമാനം എന്നിങ്ങനെ യു.എസ് വര്‍ധിപ്പിച്ചതിനെതിരായുള്ള പ്രതികാര നടപടിയായിരുന്നു ഇത്.
ഇക്കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരരേന്ദ്രമോദി യു.എസ് സന്ദര്‍ശിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് എല്ലാ ഉത്പന്നങ്ങളുടേയും 20 ശതമാനം തീരുവ എടുത്തു കളഞ്ഞത്.
നിലവില്‍ യു.എസ് ആപ്പിളിന് 50 ശതമാനം ഇറക്കുമതി തീരുവ ബാധകമാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിളുകള്‍ക്കും ഈ തീരുവ ബാധകമാണ്. അധിക തീരുവ മാത്രമാണ് നീക്കം ചെയ്തത്.
Read DhanamOnline in English
Subscribe to Dhanam Magazine