സമുദ്രോത്പന്ന മേഖലയ്ക്ക് കുതിപ്പാകും; കേരളത്തിനും നേട്ടം, കയറ്റുമതി ലക്ഷം കോടിയിലേക്ക്

സമുദ്രോത്പന്ന മേഖലയ്ക്ക് ഉണര്‍വേകുന്ന പ്രഖ്യാപനങ്ങളാണ് നിര്‍മല സീതാരാമന്റെ ഇടക്കാല ബജറ്റിലുള്ളത്. ഫിഷറീസ് മേഖലയ്ക്കായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ച് ഈ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി വരികയാണ് കേന്ദ്ര സര്‍ക്കാര്‍. അതിന്റെ ഫലമായി 2013-14 മുതല്‍ സമുദ്രോതമപന്നകയറ്റുമതി ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഇടക്കാല ബജറ്റില്‍ കയറ്റുമതി ഇരട്ടിയോളം വര്‍ധിപ്പിച്ച് ഒരു ലക്ഷം കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. മാത്രമല്ല മത്സ്യക്കൃഷി നിലവിലെ ഹെക്ടറില്‍ മൂന്ന് ടണ്‍ എന്നുള്ളത് അഞ്ച് ടണ്ണായി ഉയര്‍ത്താനും ഇതുവഴിയുള്ള തൊഴിലവസരങ്ങള്‍ 55 ലക്ഷമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കൂടാതെ അഞ്ച് സംയോജിത മത്സ്യ പാര്‍ക്കുകള്‍ സ്ഥാപിക്കാനും ബജറ്റില്‍ പദ്ധതിയിടുന്നു.
പച്ച മീനുകള്‍ പറക്കും
സമുദ്രോത്പന്ന കയറ്റുമതിക്ക് ഊന്നല്‍ നല്‍കാനുള്ള തീരുമാനം ഈ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്ന് ഫ്രഷ് ടു ഹോം സഹസ്ഥാപകനും സി.ഒ.ഒയുമായ മാത്യു ജോസഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 68,000 കോടിയുടെ കയറ്റുമതിയാണ് നടത്തിയത്. ഇതില്‍ കൂടുതലും വനാമി ചെമ്മീനുകളുടെ കയറ്റുമതിയാണ്. ഫാമിംഗ് സെക്ടറിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതോടെ ഇതുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും ഉണര്‍വുണ്ടാകും. കയറ്റുമതി ഫാക്ടറികളുടെ ശേഷിയും നിലവാരവും ഉയരും. കോള്‍ഡ് ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ കുറവുണ്ടായിരുന്നത് പരിഹരിക്കപ്പെടും. ഇതിലേക്കൊക്കെ വലിയ പണമൊഴുക്കും പ്രതീക്ഷിക്കുന്നുണ്ട്. സ്വകാര്യമേഖലയും ശക്തിപ്പെടും. നിലവില്‍ യൂറോപ്പ്, ചൈന വിപണികളൊക്കെ മാന്ദ്യത്തിലാണ്. അടുത്ത ഉയര്‍ച്ചയില്‍ നിലവിലെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്ക് നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയര്‍പോര്‍ട്ട് വികസനവും വിപുലീകരണവും സംബന്ധിച്ച പ്രഖ്യാപനവും മത്സ്യമേഖലയ്ക്ക് ഗുണകരമാകുമെന്ന് മാത്യു ജോസഫ് ചൂണ്ടിക്കാട്ടി. പച്ച മത്സ്യങ്ങള്‍ക്ക് വിദേശ വിപണികളില്‍ നല്ല ഡിമാന്‍ഡുണ്ട്. കോള്‍ഡ് ചെയിന്‍ ശൃംഖലകളും എയര്‍പോര്‍ട്ട് സൗകര്യങ്ങളും വര്‍ധിക്കുമ്പോള്‍ നമ്മുടെ മീനുകള്‍ പച്ചയ്ക്ക് പറക്കാന്‍ ഇടയാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ഷവും ബജറ്റില്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെ അവലോകം നടത്താന്‍ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി രൂപീകരിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുദ്രോത്പന്ന ഹബ്ബാകും
വളരെ യാഥാര്‍ത്ഥ്യബോധത്തിലൂന്നിയുള്ളതാണ് ഇടക്കാല ബജറ്റെന്നും തിരഞ്ഞെടുപ്പു മുന്നില്‍കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ക്ക് മുതിരാതെ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും മത്സ്യോത്പന്ന മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
അക്വാകള്‍ച്ചര്‍ മേഖലയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ലോകോത്തര നിലവാരത്തിലുള്ള സ്‌റ്റോറേജ് സൗകര്യങ്ങള്‍. അക്വാകള്‍ച്ചര്‍ പാര്‍ക്കുകള്‍ തുടങ്ങുമെന്നുള്ള പ്രഖ്യാപനത്തെ ആവേശത്തോടെയാണ് കാണുന്നതെന്ന് കിംഗ്‌സ് ഇന്‍ഫ്രാ സി.എഫ്.ഒ ലാല്‍ബെര്‍ട്ട് ചെറിയാന്‍ പറഞ്ഞു. ഇന്ന് സമുദ്രേത്പന്നമേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ 5-10 ശതമാനം വരെ ഉയര്‍ന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ സമുദ്രോത്പന്ന ഹബ്ബായി ക്രമേണ ഇന്ത്യ മാറുമെന്നും കൂടുതല്‍ മൂല്യ വര്‍ധിത സംവിധാനങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കുതിച്ചുയര്‍ന്ന് ഓഹരികള്‍
ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഇന്ന് മത്സ്യോത്പന്ന മേഖലയിലെ ഓഹരികള്‍ ഇന്ന് കുതിച്ചുയര്‍ന്നു. കേരളത്തില്‍ നിന്നുള്ള പ്രമുഖ സമുദ്രോത്പന്ന കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്രാ ഇന്ന് അഞ്ച് ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. അപെക്‌സ് ഫ്രോസന്‍ ഫുഡ്‌സ് 7 ശതമാനവും കോസ്റ്റല്‍ കോര്‍പ്പറേഷന്‍ 5.13 ശതമാനവും വാട്ടര്‍ബേസ് 10.67 ശതമാനവും സില്‍ അക്വ 7.9 ശതമാനവും അവന്തി ഫീഡ്‌സ് 8.7 ശതമാനവും ഉയര്‍ന്നിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it