സ്വകാര്യത ചോര്‍ത്തുമെന്ന വിമര്‍ശനത്തിനിടയിലും 'ആരോഗ്യസേതു' മുന്നില്‍
കോവിഡ് 19 ബാധിതരെ ട്രാക്ക് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ 'ആരോഗ്യസേതു' സ്വകാര്യ വിവര ചോര്‍ച്ച സംബന്ധിച്ച കടുത്ത വിമര്‍ശനത്തിന്റെ നിഴലിലും അഞ്ച് കോടി ഡൗണ്‍ലോഡ് പിന്നിട്ട് മുന്നേറുന്നു.13 ദിവസത്തിനുള്ളില്‍ അഞ്ച് കോടി തികച്ച് ഏറ്റവുമധികം പേരിലേക്കെത്തുന്ന ആപ്പ് ആയി ആരോഗ്യ സേതു.
അഞ്ച് കോടി ജനങ്ങളിലേക്ക് ടെലിഫോണ്‍ എത്തിച്ചേരാന്‍ 75 കൊല്ലമെടുത്തു. റേഡിയോ 38 കൊല്ലവും ടെലിവിഷന്‍ 13 കൊല്ലവും ഇന്റര്‍നെറ്റ് 4 കൊല്ലവും ഫേസ് ബുക്ക് 19 മാസവും പോക്കെമോന്‍ ഗോ 19 ദിവസവുമാണെടുത്തതെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ട്വീറ്റ് ചെയ്തു.23 രാജ്യങ്ങളിലായി 43 കോണ്‍ടാക്റ്റ് ട്രെയ്സിംഗ് ആപ്ലിക്കേഷനുകള്‍ നിലവിലുണ്ട്.ഡൗണ്‍ലോഡ് എണ്ണം കൊണ്ട് ഇതില്‍ ഏറ്റവും മുന്നിലാണ് ആരോഗ്യ സേതു.
ആരോഗ്യ സേതു ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് പൗരന്മാരെ അഭ്യര്‍ത്ഥിക്കുന്നണ്ട്.ഇന്ത്യയില്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വികസിപ്പിച്ചെടുത്ത 16 ആപ്ലിക്കേഷനുകള്‍ വേറെയുമുണ്ട്.അതേസമയം, ആഗോളതലത്തില്‍ കോണ്‍ടാക്റ്റ് ട്രേസിംഗിന്റെ ഫലപ്രാപ്തിയും സ്വകാര്യതയും സംശയാസ്പദമാണെന്ന് ഇന്റര്‍നെറ്റ് ഗവേഷണ സ്ഥാപനമായ ടോപ്പ് 10 വിപിഎന്‍ അഭിപ്രായപ്പെട്ടിരുന്നു.
ആരോഗ്യസേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പേര്, ഫോണ്‍ നമ്പര്‍, പ്രായം, ലൈംഗികത, തൊഴില്‍, കഴിഞ്ഞ 30 ദിവസങ്ങളില്‍ സന്ദര്‍ശിച്ച രാജ്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നു.ഇന്ത്യാ ഗവണ്‍മെന്റ് നിയന്ത്രിക്കുന്ന സെര്‍വറില്‍ സംഭരിക്കുന്ന ഈ വിവരങ്ങള്‍ ഒരു യുണീക് ഐഡിയുമായി ബന്ധപ്പെടുത്തുന്നു. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളിലും ഒരാളെ തിരിച്ചറിയാന്‍ ഈ ഐഡി ആയിരിക്കും പിന്നീട് ഉപയോഗിക്കുക.
രജിസ്റ്റര്‍ ചെയ്ത രണ്ട് ഉപയോക്താക്കള്‍ പരസ്പരം ബ്ലൂടൂത്ത് പരിധിയില്‍ വരുമ്പോള്‍, അവരുടെ അപ്ലിക്കേഷനുകള്‍ സ്വയമേവ ഈ ഐഡികള്‍ കൈമാറ്റം ചെയ്യുന്നു. കോണ്‍ടാക്റ്റ് നടന്ന സമയവും ജിപിഎസ് ലൊക്കേഷനും രേഖപ്പെടുത്തുകയും ചെയ്യും. ഈ വിവരങ്ങള്‍ ഉപയോക്താവിന്റെ മൊബൈല്‍ ഉപകരണത്തില്‍ സുരക്ഷിതമായി സംഭരിക്കപ്പെടും. മറ്റ് ഉപയോക്താക്കള്‍ക്ക് ഇത് ആക്സസ് ചെയ്യാന്‍ കഴിയില്ല.
ഈ ഡാറ്റ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ മാത്രമാവും ശേഖരിക്കപ്പെടുക. നിങ്ങള്‍ക്ക് രോഗമുണ്ട് എന്ന് മനസ്സിലായാല്‍ നിങ്ങളുടെ കോണ്ടാക്റ്റില്‍ വന്ന എല്ലാവരുടെയും ഐഡികള്‍ ആ ഡാറ്റയില്‍ നിന്നും സെര്‍വറിലേക്ക് അയക്കും. അത് ആ വ്യക്തികളെ അലേര്‍ട്ട് ചെയ്യും. നിങ്ങള്‍ 14 ദിവസം സഞ്ചരിച്ച സ്ഥലങ്ങള്‍ ട്രാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു.
ചുരുക്കം വ്യക്തി വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നതെന്നും അത് സൂക്ഷിക്കുന്നത് രാജ്യത്തിന്റെ അധീനതയിലുള്ള സുരക്ഷിതമായ സെര്‍വറിലാണെന്നും അവ ചോരുന്ന പ്രശ്‌നമില്ലെന്നും ആരോഗ്യസേതുവിന്റെ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം. ഏറ്റവും ആവശ്യമായ പരിമിത ഡാറ്റ മാത്രം ശേഖരിക്കുകയെന്നതും ഉദ്ദേശ്യ ശുദ്ധി, സുതാര്യത, ഉത്തരവാദിത്തം എന്നിവ ഉള്‍പ്പെടെയുള്ള സ്വകാര്യതാ പരിരക്ഷണ തത്വങ്ങള്‍ പാലിക്കപ്പെടുന്നുവെന്നതും ആരോഗ്യസേതു ഉറപ്പുവരുത്തുന്നില്ലെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.
കോവിഡിനെ പിന്തുടരാന്‍ ഒരു സ്വതന്ത്ര ആപ് ആദ്യമായുണ്ടാക്കിയത് സിംഗപ്പൂരാണ്- കോവിഡ് രോഗികളെയും സമ്പര്‍ക്കത്തിലായവരെയും പിന്തുടരാനുള്ള 'ട്രെയ്‌സ് ടുഗദര്‍'. ഒരു വ്യക്തിയുടെയും പേരും മൊബൈല്‍ നമ്പറും ദുരുപയോഗം ചെയ്യാതിരിക്കാന്‍ അവ ശേഖരിക്കാതിരുന്ന സിംഗപ്പൂര്‍ ഭരണകൂടം വ്യക്തികള്‍ക്ക് റാന്‍ഡം നമ്പര്‍ നല്‍കുകയാണ് ചെയ്തത്.മാത്രമല്ല, ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ ആപ്പും അതിന്റെ ക്ലൗഡ് ഫങ്ഷനിങ്ങുമെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കിയാണിറക്കിയത്. ഇത്രയും നടപടികളിലൂടെ സ്വകാര്യത ഉറപ്പുവരുത്തി ജനങ്ങളുടെ വിശ്വാസമാര്‍ജിച്ചാണ് 'ട്രെയ്‌സ് ടുഗദര്‍' നടപ്പാക്കിയത്. ഇത് കൂടാതെ യൂറോപ്പിലെ മറ്റു മാതൃകകളുമുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ് സ്വതന്ത്ര സോഫ്റ്റ്‌വെയറല്ലെന്ന പോരായ്മ തള്ളക്കളയാനാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
സ്വകാര്യതാ നയത്തിന്റെ നിബന്ധനകള്‍ വിവേചനാധികാരത്തിലൂടെ ഉപയോക്താക്കളെ അറിയിക്കാതെ പരിഷ്‌കരിക്കാന്‍ ഗവണ്‍മെന്റിന് കഴിയുമെന്നുള്ളത് ഗൗരവതരമായി കാണേണ്ടതുണ്ടെന്ന് ഇത്തരം വിവിധ കേസുകള്‍ സുപ്രീം കോടതിയില്‍ കൈകാര്യം ചെയ്തു വരുന്ന അഡ്വ: കാശിഷ് അനെജയും ആഗോള ആരോഗ്യ-സ്വകാര്യതാ നിയമത്തില്‍ പ്രാവീണ്യമുള്ള അഡ്വ: നിഖില്‍ പ്രതാപും ചൂണ്ടിക്കാട്ടി.
ആപ്ലിക്കേഷന്റെ രൂപകല്‍പ്പന കണക്കിലെടുക്കുമ്പോള്‍, ഉപയോക്താക്കളുടെ നിരീക്ഷണത്തിനപ്പുറമായ ദുരുപയോഗത്തിനുള്ള സാധ്യത കണ്ടെത്താന്‍ പ്രയാസമില്ല. പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശം നിയന്ത്രിക്കുന്നതിനുള്ള ഉപകരണം കൂടിയായി ഇത് മാറ്റപ്പെടുത്തതും പ്രധാന കാര്യം തന്നെയാണ്. സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണം ഒരു വ്യക്തിയുടെ അടിസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങളിലേക്കും സേവനങ്ങളിലേക്കും പ്രവേശിക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തും. അതിലൂടെ പൗരന്മാരുടെ ജീവിത അവകാശം തന്നെ അപകടത്തിലായേക്കാം. ഉദാഹരണത്തിന്, ബാങ്കുകളിലേക്കും റേഷന്‍ കടകളിലേക്കമുള്ള പ്രവേശനവും അപ്ലിക്കേഷനിലെ വ്യക്തിയുടെ കളര്‍ കോഡിംഗിന് വിധേയമാകാം. അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഏര്‍പ്പെടുത്തിയേക്കാവുന്ന നിയന്ത്രണങ്ങളുടെ പരിധി വിപുലമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.തത്ഫലമായുണ്ടാകുന്ന ആഘാതം സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളില്‍ ആനുപാതികമായി ഉയര്‍ന്നതായിരിക്കുമെന്ന് കാശിഷ് അനെജയും നിഖില്‍ പ്രതാപും പറയുന്നു.
അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ആക്‌സസ് ചെയ്യുന്നതിന് വ്യക്തികള്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിതരായേക്കാം. ഈ സാഹചര്യം ഭരണഘടനാവിരുദ്ധമായ അവസ്ഥയിലേക്കു വഴി തുറക്കുന്ന പ്രശ്നമായിത്തീരും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് പകരമായി പൗരന്മാര്‍ അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം. കൂടാതെ, ആപ്ലിക്കേഷന്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ അറിവും സമ്മതവുമില്ലാതെ മൗലികാവകാശങ്ങളില്‍ അനിയന്ത്രിതമായ നിയന്ത്രണങ്ങള്‍ വന്നുപെടാനുള്ള സാഹചര്യവും തള്ളിക്കളയാനാകില്ല.
സ്ഥിതി ആധാറിനോട് സാമ്യമുള്ളതാണെന്ന് കാശിഷ് അനെജയും നിഖില്‍ പ്രതാപും പറഞ്ഞു. സ്വമേധയാ ഉള്ള സമ്മതത്തെ അടിസ്ഥാനമാക്കി പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള ഒരു ഓപ്ഷണല്‍ പ്രോഗ്രാമായാണ് ആധാര്‍ ആദ്യം രൂപകല്‍പ്പന ചെയ്തത്. സ്വകാര്യ സേവനങ്ങളായ ബാങ്കിംഗ്, മൊബൈല്‍ ഫോണ്‍ രജിസ്‌ട്രേഷനുകള്‍ക്കുപോലും ആധാര്‍ പിന്നീട് നിര്‍ബന്ധമാക്കി. മൗലിക ഉദ്ദേശ്യത്തെ മറികടന്ന് ആധാര്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതിക്ക് ഒടുവില്‍ ചൂണ്ടിക്കാണിക്കേണ്ടിവന്നു.
സമഗ്രമായ ഡാറ്റാ പരിരക്ഷ ഉറപ്പാക്കാന്‍ പര്യാപ്തമായ നിരീക്ഷണ നിയമം ഇന്ത്യയില്‍ ഇപ്പോഴുമില്ല. ഇക്കാരണത്താല്‍, നിയമത്തിലൂടെ മാത്രമേ ആരോഗ്യസേതു അപ്ലിക്കേഷന്‍ നടപ്പിലാക്കാവൂ, മൗലികാവകാശങ്ങളുമായി ബന്ധപ്പെടുന്നുവെന്നതിനാല്‍ പ്രത്യേകിച്ചും. അത്തരമൊരു നിയമം നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നടപടികള്‍ക്കു പരിമിതിയാകില്ല.കാശിഷ് അനെജയുടെയും നിഖില്‍ പ്രതാപിന്റെയും അഭിപ്രായത്തില്‍ ഭരണഘടനയുടെ സംരക്ഷണം ലഭിക്കുന്നത് വ്യാപകമായി ഗുണകരമാവുകയേയുള്ളൂ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline