
ഡോളറിനെതിരെ രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ ആര്‍ബിഐ വിദേശ നാണ്യ കരുതല്‍ ശേഖരത്തിന്റെ ആറിലൊന്ന് വിറ്റേക്കും. ഒരു ഡോളറിന് 80 രൂപ എന്ന റെക്കോഡ് ഇടിവിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ നടപടി. 2022 തുടങ്ങിയ ശേഷം 7 ശതമാനത്തിലധികം മൂല്യത്തകര്‍ച്ചയാണ് രൂപ നേരിട്ടത്.
കഴിഞ്ഞ സെപ്റ്റംബറിന് ശേഷം രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം 60 ബില്യണ്‍ ഡോളറോളം ഇടിഞ്ഞിരുന്നു. ഇപ്പോഴും 580 ബില്യണ്‍ ഡോളറുമായി ഏറ്റവും ഉയര്‍ന്ന വിദേശ നാണ്യ കരുതല്‍ ശേഖരമുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ തുടരുകയാണ്. ഈ വിദേശ നാണ്യം ഉപയോഗിച്ച് രൂപയുടെ മൂല്യത്തകര്‍ച്ച തടയുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം.
100 ബില്യണ്‍ ഡോളറിന് മുകളില്‍ ചെലവഴിക്കാന്‍ ആര്‍ബിഐയ്ക്ക് കഴിയും. അതേ സമയം വാര്‍ത്തകളോട് ആര്‍ബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ 79.98 രൂപയ്ക്ക് വ്യാപാരം അവസാനിപ്പിച്ച രൂപ ഇന്ന് രാവിലെ 80.0225 എന്ന നിലയിലേക്ക് ഇടിഞ്ഞു. എണ്ണ ഇറക്കുമതി ചെയ്യുന്നവരില്‍ നിന്ന് ഡോളറിനുള്ള ഡിമാന്‍ഡ് ഉയര്‍ന്നത് രൂപയ്ക്ക് തിരിച്ചടിയായി. മാത്രമല്ല, ഉയരുന്ന കറണ്ട് അക്കൗണ്ട് കമ്മിയും വ്യാപാര കമ്മിയും മൂല്യത്തെ ബാധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine