വ്യാപാരം ലോക്കല്‍ ആക്കണം; ഡോളര്‍ പ്രതിസന്ധി മറികടക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍

ഡോളറിനെതിരെ പിടിച്ചു നില്‍ക്കാനാവാത്ത സാഹചര്യവും റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഏഷ്യന്‍ രാജ്യങ്ങളെ മാറ്റിച്ചിന്തിപ്പിക്കുകയാണ്. ഇന്ത്യ, യുഎഇ, ഇന്തോനേഷ്യ, മ്യാന്‍മാര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ പ്രദേശിക കറന്‍സികളില്‍ വ്യാപാരം നടത്തുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. ഡോളറിനെ ആശ്രയിച്ചുള്ള വ്യാപാരം കുറയ്ക്കുകയാണ് രാജ്യങ്ങളുടെ ലക്ഷ്യം.

ഈ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വ്യാപാരങ്ങള്‍ ഇന്ത്യന്‍ രൂപയില്‍ നടത്താനുള്ള അനുമതി കഴിഞ്ഞ ദിവസം ആര്‍ബിഐ നല്‍കിയത്. പ്രാദേശിക കറന്‍സികളിലെ വ്യാപാരത്തിനായി രണ്ട് രാജ്യങ്ങള്‍ പരസ്പരം അവരുടെ കറന്‍സികള്‍ സ്വീകരിക്കാന്‍ തയ്യാറാകണം. ഇതിനായി രാജ്യങ്ങള്‍ പരസ്പര ധാരണയില്‍ എത്തിച്ചേരേണ്ടതുണ്ട്. ചൈന നേരത്തെ തന്നെ റഷ്യന്‍ വ്യാപാരം പ്രാദേശിക കറന്‍സിയിലൂടെ ആക്കിയിരുന്നു.

സോവിയറ്റ് കാലത്തുണ്ടായിരുന്ന രൂപ-റൂബ്ള്‍ വ്യാപാരം ഇന്ത്യ വീണ്ടും പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കേന്ദ്രം ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ രൂപ-റൂബ്ള്‍ വ്യാപാരം ഉണ്ടായേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 10 ശതമാനവും എത്തുന്നത് റഷ്യയില്‍ നിന്നാണ്.

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു ബ്ലോഗില്‍, മുന്‍പുണ്ടായിരുന്ന പോലെ രാജ്യങ്ങള്‍ ഡോളര്‍ സൂക്ഷിക്കുന്നില്ല എന്ന് ഐഎംഎഫ് വ്യക്തമാക്കിയിരുന്നു. 2021ന്റെ അവസാന പാദത്തില്‍ ആഗോള ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വുകളിലെ 59 ശതമാനത്തിനും താഴെ ആയിരുന്നു ഡോളറിന്റെ വിഹിതം.

രൂപ വീണ്ടും താഴെ

രൂപ ഇന്നലെയും തുടക്കം മുതലേ തളര്‍ച്ചയിലായിരുന്നു. 79.66 രൂപ വരെ ഉയര്‍ന്ന ഡോളര്‍ 16 പൈസ നേട്ടത്തില്‍ 79.59 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ താമസിയാതെ 80 രൂപയിലെത്തുമെന്നാണ് പൊതു നിഗമനം.

ഇതിനിടെ ഉപരോധത്തിലുള്ള റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളിലെ ഉപരോധമില്ലാത്ത ബാങ്കുകള്‍ വഴി രൂപയില്‍ ധനകാര്യ ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് നല്‍കിയ അനുമതി ഉപയോഗിക്കാം. ക്രൂഡ് ഓയില്‍ ഇറക്കുമതി അടക്കമുള്ളവയുടെ വ്യാപാരം ഇനി രൂപയില്‍ നടത്താനാവും. പ്രതിവര്‍ഷം 3600 കോടി ഡോളറിന്റെ ആവശ്യം ഇതുവഴി ഇല്ലാതാകുമെന്നാണു കണക്ക്. ഇപ്പോള്‍ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിച്ചു വരുന്ന സമയത്ത് ഇതു വലിയ നേട്ടമാകും.

Related Articles
Next Story
Videos
Share it