പണപ്പെരുപ്പം വീണ്ടും താഴേക്ക്; വിലക്കയറ്റം കുറവുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളവും

തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വന്‍വിലക്കയറ്റത്തെ തുടര്‍ന്ന് ജൂലൈയില്‍ 15-മാസത്തെ ഉയരമായ 7.44 ശതമാനത്തിലെത്തിയ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം കഴിഞ്ഞമാസം നിരീക്ഷകര്‍ പ്രതീക്ഷിച്ചതിലും താഴെയെത്തി. 6.83 ശതമാനമായാണ് ഓഗസ്റ്റില്‍ പണപ്പെരുപ്പം കുറഞ്ഞത്. നിരീക്ഷകര്‍ പ്രവചിച്ചിരുന്നത് 7 ശതമാനത്തിന് മുകളില്‍ തുടരുമെന്നായിരുന്നു.

അതേസമയം, റിസര്‍വ് ബാങ്കിന്റെയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെയും സഹനപരിധിയായ 6 ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം തുടരുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നു. റീട്ടെയില്‍ പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ പണനയ നിര്‍ണയ സമിതിയോട് (എം.പി.സി) കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍, തുടര്‍ച്ചയായ 47-ാം മാസമാണ് പണപ്പെരുപ്പം ഈ ലക്ഷ്മണരേഖയ്ക്ക് മുകളില്‍ തുടരുന്നത്.
ഭക്ഷ്യവിലയിലും നേരിയ ആശ്വാസം
റിസര്‍വ് ബാങ്കിനെയും കേന്ദ്രസര്‍ക്കാരിനെയും ഏറ്റവും വലയ്ക്കുന്നത് ഉയര്‍ന്ന ഭക്ഷ്യവിലയാണ്. ഭക്ഷ്യവിലപ്പെരുപ്പം ജൂലൈയിലെ 11.51 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 9.94 ശതമാനമായി താഴ്ന്നത് നേരിയ ആശ്വാസം നല്‍കുന്നു. പച്ചക്കറികളുടെ വിലയില്‍ ജൂലൈയെ അപേക്ഷിച്ച് 5.9 ശതമാനത്തിന്റെ കുറവുണ്ടായി.
കേരളത്തിലും പണപ്പെരുപ്പം കുറഞ്ഞു
കേരളത്തിലും റീട്ടെയില്‍ പണപ്പെരുപ്പം കഴിഞ്ഞമാസം താഴ്ന്നു. ജൂലൈയിലെ 6.43 ശതമാനത്തില്‍ നിന്ന് 6.26 ശതമാനമായാണ് കുറഞ്ഞത്. ഗ്രാമങ്ങളിലെ പണപ്പെരുപ്പം ജൂലൈയിലെ 6.51 ശതമാനത്തില്‍ നിന്ന് 6.40 ശതമാനത്തിലേക്കും നഗരങ്ങളിലേത് 6.37ല്‍ നിന്ന് 6.08 ശതമാനത്തിലേക്കും താഴ്ന്നു.
പണപ്പെരുപ്പം 6 ശതമാനത്തിനുമേല്‍ തുടരുകയാണെങ്കിലും രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഡല്‍ഹി (3.09%), അസാം (4.01%), ബംഗാള്‍ (4.49%), ജമ്മു കശ്മീര്‍ (5.45%), ഛത്തീസ്ഗഢ് (5.52%), മദ്ധ്യപ്രദേശ് (6.07%), മഹാരാഷ്ട്ര (6.12 ശതമാനം) എന്നിവ മാത്രമാണ് കേരളത്തേക്കാള്‍ പണപ്പെരുപ്പം കുറഞ്ഞവ.
8.60 ശതമാനവുമായി രാജസ്ഥാനാണ് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനം. ഹരിയാന (8.27%), തെലങ്കാന (8.27%), ഒഡീഷ (8.23%) എന്നിവിടങ്ങളിലും പണപ്പെരുപ്പം 8 ശതമാനത്തിന് മുകളിലാണുള്ളത്.
റിസര്‍വ് ബാങ്കിന്റെ നിലപാടും പലിശഭാരവും
റീട്ടെയില്‍ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്കുകള്‍ പരിഷ്‌കരിക്കാറുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലുടനീളം 5-7.5 ശതമാനം റേഞ്ചില്‍ റീട്ടെയില്‍ പണപ്പെരുപ്പം തുടര്‍ന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് ഘട്ടംഘട്ടമായി കൂട്ടിയിരുന്നു; ഇത് ബാങ്ക് വായ്പകളുടെ പലിശഭാരവും കൂടാനിടയാക്കി.
2023ന്റെ തുടക്കം മുതല്‍ പണപ്പെരുപ്പം താഴുന്ന ട്രെന്‍ഡ് ദൃശ്യമായതിനാല്‍ കഴിഞ്ഞ ഏപ്രില്‍, ജൂണ്‍, ഓഗസ്റ്റ് മാസങ്ങളിലെ പണനയത്തില്‍ പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിറുത്തി. എന്നാല്‍, ജൂലൈയില്‍ 7.44 ശതമാനമായി പണപ്പെരുപ്പം കത്തിക്കയറിയതിനാല്‍ വൈകാതെ റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് കൂട്ടിയേക്കുമെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞമാസം പണപ്പെരുപ്പം അല്‍പ്പം താഴ്‌ന്നെങ്കിലും പലിശനിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പണപ്പെരുപ്പം അടിയന്തരമായി നിയന്ത്രണ വിധേയമാക്കേണ്ടതുണ്ടെന്ന് പണനയ നിര്‍ണയ സമിതി അംഗവും മലയാളിയുമായ പ്രൊഫ. ജയന്ത് വര്‍മ്മ അടുത്തിടെ പറഞ്ഞതും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തമാസമാണ് റിസര്‍വ് ബാങ്ക് പണനയ പ്രഖ്യാപനം.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it