ക്രിപ്‌റ്റോ ആസ്തികളുടെ നിരോധനം: നിലപാടില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക്
ക്രിപ്‌റ്റോയുടെ കാര്യത്തില്‍ ഇതിനകം തന്നെ ആര്‍.ബി.ഐയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് കൃത്യമായൊരു നിയന്ത്രണ ഏജന്‍സി ഇല്ലാത്തതിനാല്‍ കള്ളപ്പണം, തട്ടിപ്പ്, തീവ്രവാദ ഫണ്ടിംഗിനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത് എല്ലാ ക്രിപ്‌റ്റോകളും നിരോധിക്കണമെന്നാണ് ആര്‍.ബി.ഐയുടെ നിലപാട്. അതേസമയം മറ്റ് നിരവധി ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്നതിനാല്‍ ക്രിപ്‌റ്റോയുടെ പിന്നിലുള്ള ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയെ ആര്‍.ബി.ഐ പിന്തുണയ്ക്കുന്നുണ്ട്.
ഈ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റിസര്‍വ് ബാങ്ക് രാജ്യത്തിന്റെ ഡിജിറ്റല്‍ കറന്‍സിയായ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) പുറത്തിറക്കിയത്.നിലവില്‍ ക്രിപ്‌റ്റോ ആസ്തികള്‍ നിരോധിക്കുന്നതിലെ റിസര്‍വ് ബാങ്കിന്റെ നിലപാട് മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര നാണ്യനിധിയുടെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡിന്റെ (IMF-FSB) സിന്തസിസ് പേപ്പറും ക്രിപ്‌റ്റോയില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകടസാധ്യതകളെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂര്‍ണ്ണമായ നിരോധനം നടക്കില്ല
ജി20 യോഗത്തില്‍ വിവിധ രാജ്യങ്ങളിലെ ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും ക്രിപ്റ്റോ ആസ്തികളെക്കുറിച്ചുള്ള ചര്‍ച്ച നടത്തിയ ശേഷം ക്രിപ്റ്റോ ആസ്തികള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു കരാറിലെത്തുമെന്ന് പ്രാദേശിക ക്രിപ്റ്റോ വ്യവസായം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാടിന് മാറ്റമില്ലെന്ന് തന്നെയാണ് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ച് പറയുന്നത്. മുമ്പ് ക്രിപ്റ്റോകറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.
എന്നാല്‍ ക്രിപ്റ്റോകറന്‍സി ആസ്തികളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും പൂര്‍ണ്ണമായ നിരോധനം ബുദ്ധിമുട്ടേറിയതാണെന്നു അന്താരാഷ്ട്ര നാണ്യനിധിയുടെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡിന്റെ സിന്തസിസ് പേപ്പര്‍ പറയുന്നു. ഇത്തരമൊരു നടപടി നടപ്പിലാക്കുന്നതിനുള്ള സാധ്യതയുള്ള ചെലവുകളും സാങ്കേതിക ബുദ്ധിമുട്ടുകളും ഇത് ചൂണ്ടിക്കാട്ടി. മാത്രമല്ല ക്രിപ്‌റ്റോ നിക്ഷേപകര്‍ക്കും എക്‌സ്‌ചേഞ്ചുകള്‍ക്കും അനുകൂലമായുള്ള സുപ്രീംകോടതി വിധിയുള്ളതിനാല്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനം കേന്ദ്രത്തിന് ഏര്‍പ്പെടുത്താനാകില്ല.