
ബംഗ്ലാദേശും ഇന്ത്യയും രൂപയില്‍ വ്യാപാര ഇടപാട് ആരംഭിച്ചു. യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രാദേശിക കറന്‍സിയും വ്യാപാരവും ശക്തിപ്പെടുത്താനുമാണ് ഈ നീക്കം. ഇതാദ്യമായാണ് ബംഗ്ലാദേശ് യു.എസ് ഡോളറിന് പുറമെ ഒരു വിദേശ രാജ്യവുമായി ഉഭയകക്ഷി വ്യാപാരം നടത്തുന്നത്.
മഹത്തായ യാത്രയുടെ ആദ്യപടി
രൂപയില്‍ വ്യാപാരം ആരംഭിക്കുന്നതിനെ 'ഒരു മഹത്തായ യാത്രയുടെ ആദ്യപടിയെന്ന്' ബംഗ്ലാദേശ് ബാങ്ക് (ബംഗ്ലാദേശിലെ സെന്‍ട്രല്‍ ബാങ്ക്) ഗവര്‍ണര്‍ അബ്ദുര്‍ റൂഫ് താലൂക്ദര്‍ വിശേഷിപ്പിച്ചു. ടാക്ക-റുപീ ഡ്യുവല്‍ കറന്‍സി കാര്‍ഡ് അവതരിപ്പിക്കുന്നതോടെ ഇന്ത്യയുമായുള്ള വ്യാപാരത്തിലെ ഇടപാട് ചെലവ് കുറയുമെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ മുതല്‍ ഇത് ആരംഭിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികം വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര അന്തരം കുറയുന്ന സാഹചര്യത്തില്‍ ഇനി മുതല്‍ ഔപചാരികമായി രൂപയിലും പിന്നീട് ക്രമേണ ബംഗ്ലാദേശ് കറന്‍സിയായ ടാക്കയിലും ഇടപാട് നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശ കറന്‍സി ഇടപാടുകള്‍ക്കായി മറ്റൊരു രാജ്യത്തെ ബാങ്കില്‍ നോസ്‌ട്രോ അക്കൗണ്ടുകള്‍ തുറക്കാന്‍ ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മാര്‍ക്കറ്റ് ഡിമാന്‍ഡിന് അനുസൃതമായി വിനിമയ നിരക്ക് നിശ്ചയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഔദ്യോഗിക കണക്കുകള്‍ പറയുന്നത്
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാര നില ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചുവെന്നും ഇരു രാജ്യങ്ങളും അവരുടെ സാമ്പത്തിക സഹകരണത്തില്‍ നിന്ന് പ്രയോജനം നേടുന്നുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മ പറഞ്ഞു. ധാക്കയില്‍ നിന്നുള്ള ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 200 കോടി യു.എസ് ഡോളറാണ്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ ഇറക്കുമതി 1369 കോടി യു.എസ് ഡോളറാണ്.
Read DhanamOnline in English
Subscribe to Dhanam Magazine