മസ്‌കിനെ പിന്തള്ളി ബെര്‍ണാഡ് അര്‍ണോ ലോക കോടീശ്വരന്‍; ഇന്ത്യക്കാരില്‍ മുന്നില്‍ മുകേഷ് അംബാനി

ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ മറികടന്ന് ലോകത്തെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമതെത്തി ബെര്‍ണാഡ് അര്‍ണോ. ലൂയി വട്ടോണ്‍, ഡിയോര്‍, ടിഫാനി തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമകളായ ഫ്രഞ്ച് കമ്പനിയായ എല്‍.വി.എം.എച്ചിന്റെ സി.ഇ.ഒയും ചെയര്‍മാനുമാണ് ബെര്‍ണാഡ്. കഴിഞ്ഞ വാരം ടെസ്‌ലയുടെ ഓഹരികളിലുണ്ടായ തകര്‍ച്ചയാണ് ബെര്‍ണാഡിന് ഗുണകരമായത്. നിലവില്‍ ബെര്‍ണാഡ് ആള്‍ട്ടിന്റെയും കുടുംബത്തിന്റെയും ആസ്തി 20,760 കോടി ഡോളറാണ്. ഇലോണ്‍ മസ്‌കിന്റേത് 20,470 കോടി ഡോളറും.

ടെസ്‌ല ഓഹരികൾ ഇടിവിൽ

കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തില്‍ എല്‍.വി.എം.എച്ച് വില്‍പ്പനയില്‍ 10 ശതമാനം കുതിപ്പ് നേടിയിരുന്നു. അതേസമയം, ടെസ്‌ലയുടെ വരുമാനം 2520 കോടി ഡോളറായിരുന്നു. വാള്‍സ്ട്രീറ്റ്‌ പ്രവചിച്ചിരുന്നത് 2590 കോടി ഡോളറായിരുന്നു.
ടെസ്‌ലയുടെ വില്‍പ്പന വളര്‍ച്ച കുറഞ്ഞേക്കാമെന്ന ഇലോണ്‍ മസ്‌കിന്റെ മുന്നറിയിപ്പിന് പിന്നാലെ ഓഹരി കഴിഞ്ഞ വ്യാഴാഴ്ച 12 ശതമാനത്തോളം താഴേക്ക് പോകുകയും ചെയ്തിരുന്നു. ഇതോടെ ഒറ്റ ദിവസം ടെസ്‌ലയ്ക്ക് വിപണി മൂല്യത്തില്‍ നഷ്ടമായത് 8,000 കോടി ഡോളറാണ്. ഒരു മാസത്തിനിടെ മൊത്തം 21,000 കോടി ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി. നിലവില്‍ ടെസ്‌ലയുടെ വിപണി മൂല്യം 58,614 കോടി ഡോളറാണ്. എല്‍.വി.എച്ച്.എമ്മിന്റെ വിപണി മൂല്യം 38,880 കോടി ഡോളറും.
മുകേഷ് അംബാനി 11-ാം സ്ഥാനത്ത്
ഇന്ത്യന്‍ ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനി ലോക അതിസമ്പന്ന പട്ടികയില്‍ 11-ാം സ്ഥാനത്താണ്. 10,440 കോടി ഡോളറാണ് മുകേഷിന്റെ ആസ്തി. അദാനി ഗ്രൂപ്പ് ഉടമയായ ഗൗതം അദാനി 7,570 കോടി ഡോളറിന്റെ ആസ്തിയുമായി 16-ാം സ്ഥാനത്തുമുണ്ട്.
ലാറി എല്ലിസണ്‍ (14,220 കോടി ഡോളര്‍), മാര്‍ക്ക് സക്കര്‍ബര്‍ഗ് (13,910 കോടി ഡോളര്‍), വാറന്‍ ബഫറ്റ് (12,720 കോടി ഡോളര്‍), ബില്‍ ഗേറ്റ്‌സ് (12,290 കോടി ഡോളര്‍), സെര്‍ജി ബ്രിന്‍ (12,170 കോടി ഡോളര്‍), സ്റ്റീവ് ബാല്‍മര്‍ (11,880 കോടി ഡോളര്‍) എന്നിവരാണ് പട്ടികയില്‍ മസ്‌കിന് തൊട്ടു പിന്നിലുള്ളത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it