കേന്ദ്രത്തിന് കനത്ത തിരിച്ചടി; കേരളത്തിന് ₹13,608 കോടി കൂടി കടമെടുക്കാമെന്ന് സുപ്രീം കോടതി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരള സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് വലിയ ആശ്വാസം. കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാന്‍ ഉത്തരവിടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൊത്തം 26,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.
എന്നാല്‍ 13,608 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്നും തുക സംബന്ധിച്ച് ഇന്ന് തന്നെ കേന്ദ്രവുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്താനും കോടതി നിര്‍ദേശിച്ചു.
കേരളത്തിന് രാഷ്ട്രീയ, സാമ്പത്തിക ആശ്വാസം
ശമ്പളം, ക്ഷേമപെന്‍ഷന്‍ തുടങ്ങിയവയുടെ വിതരണത്തിന് പണമില്ലാതെയും ട്രഷറിക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ട വന്നതുവഴിയും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് വലിയ ആശ്വാസമാണ് ഇന്ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്.
കേരളത്തിന് കേന്ദ്രം അനുവദിച്ച നടപ്പുവര്‍ഷത്തെ വായ്പാപരിധി ഇക്കഴിഞ്ഞ ജനുവരിയില്‍ തന്നെ അവസാനിച്ചിരുന്നു. വായ്പ എടുക്കാന്‍ പോലും അനുവദിക്കാതെ കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും ഇത് സാമ്പത്തിക ഉപരോധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നവകേരള യാത്രയിലുടനീളം ആരോപിച്ചിരുന്നു. ഇത് രാഷ്ട്രീയ ആരോപണം മാത്രമായിരുന്നെങ്കിലും ആരോപണങ്ങള്‍ക്ക് ശക്തിപകരുംവിധമാണ് ഇന്ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായ ആശ്വാസം.
ക്ഷേമപെന്‍ഷന്‍ വിതരണം തടസ്സപ്പെടുത്തുന്നതും കേന്ദ്രത്തിന്റെ കടുംപിടിത്തമാണെന്നും സര്‍ക്കാരും സി.പി.എം നേതാക്കളും ആവര്‍ത്തിച്ചാരോപിച്ചിരുന്നു.
വേണ്ടത് 26,000 കോടി
ശമ്പളം, ക്ഷേമപെന്‍ഷന്‍ വിതരണം, മറ്റ് വികസന പദ്ധതികള്‍ എന്നിവയ്ക്കായി ഈ മാസം 26,000 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാരിന് ആവശ്യമാണ്. 13,608 കോടി രൂപ കൂടി കടമെടുക്കാന്‍ അവകാശമുണ്ടെന്നും ഇത് പലവിധ കാരണങ്ങള്‍ പറഞ്ഞ് കേന്ദ്രം തടയുകയാണെന്നുമാണ് കേരളം വാദിച്ചത്. ഇക്കാര്യത്തിലാണ്, സംസ്ഥാനങ്ങളുടെ ബജറ്റില്‍ കേന്ദ്രം കൈകടത്തേണ്ടെന്നും കടമെടുക്കുന്നത് തടയേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.
സ്വാഗതം ചെയ്ത് ബാലഗോപാല്‍
സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്നും രാജ്യത്ത് സാമ്പത്തിക ഫെഡറലിസം സംരക്ഷിക്കാന്‍ കേരളം പോരാടുക തന്നെ ചെയ്യുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.
സുപ്രീം കോടതിയുടെ നിര്‍ദേശം എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ വിജയമാണെന്ന് മുന്‍ ധനമന്ത്രിയും പത്തനംതിട്ടയില്‍ എല്‍.ഡി.എഫിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ ഡോ.ടി.എം. തോമസ് ഐസക്കും പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേയുള്ള സുപ്രീം കോടതി വിധി, എല്‍.ഡി.എഫിനും വലിയ ആശ്വാസമാകും.

Related Articles

Next Story

Videos

Share it