

നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ കുരുമുളക് കര്‍ഷകര്‍ക്ക് സന്തോഷം പകരുന്ന ദിനങ്ങള്‍. ഒരു പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന നിരക്കിലേക്ക് കുരുമുളക് വില കുതിച്ചുയര്‍ന്നു. പ്രാദേശിക വിപണികളില്‍ കിലോയ്ക്ക് 700-710 വരെയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കൊച്ചി മട്ടാഞ്ചേരി വിപണിയില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളകിന് കിലോയ്ക്ക് 704ഉം ഗാര്‍ബിള്‍ഡ് കുരുമുളകിന് 724ഉം വിലയെത്തി.
2014-15 കാലയളവില്‍ കുരുമുളക് വില കിലോയ്ക്ക് 730-740 രൂപ വരെ ഉയര്‍ന്നിരുന്നു. 2016ലും വില 700ന് സമീപമെത്തി. പിന്നീട് വില കുത്തനെ ഇടിഞ്ഞ കുരുമുളക് വിപണി വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും 700 നിലവാരം മറികടക്കുന്നത്.
വിലയിലെ ഈ സന്തോഷങ്ങള്‍ക്കിടയിലും ഭൂരിഭാഗം കര്‍ഷകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ഉല്‍പാദനം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പകുതിയിലും താഴെയായിരുന്നു. വില ഉയര്‍ന്നപ്പോള്‍ വില്‍ക്കാന്‍ കുരുമുളകില്ലാത്ത അവസ്ഥയിലാണ് പല കര്‍ഷകരും.
വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വിലകുറഞ്ഞ കുരുമുളക് വന്‍തോതില്‍ ഇറക്കുമതി ചെയ്തതോടെ 2015നുശേഷം ആഭ്യന്തര വിപണിയില്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. 2019ല്‍ കിലോയ്ക്ക് ഏകദേശം 340 വരെയെത്തിയ വില, കോവിഡ് പ്രതിസന്ധിക്കുശേഷം ക്രമേണ കരകയറാന്‍ തുടങ്ങി. 2021 മുതല്‍ ഓരോ വര്‍ഷവും ശരാശരി 40-50 വരെ ഉയര്‍ന്നാണ് ഇപ്പോള്‍ വില 700 കടന്നിരിക്കുന്നത്. ഇറക്കുമതി കുറഞ്ഞതും രാജ്യാന്തര വിപണിയിലെ ലഭ്യതക്കുറവും ഈ തിരിച്ചുവരവിന് ശക്തിപകര്‍ന്നു.
കാലാവസ്ഥാ വ്യതിയാനം, മഴക്കുറവ്, ഉയര്‍ന്ന ചൂട്, രോഗബാധ എന്നിവയാണ് കുരുമുളക് ഉല്‍പാദനത്തെ പ്രധാനമായും ബാധിച്ചത്. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്നാട് തുടങ്ങിയ പ്രധാന ഉല്‍പാദക സംസ്ഥാനങ്ങളിലും അനുകൂലമായ കാലാവസ്ഥ ലഭിക്കാത്തത് വിളവിനെ ബാധിച്ചു.
അതേസമയം, വന്യമൃഗശല്യം രൂക്ഷമായ മലയോര മേഖലകളില്‍ മറ്റു വിളകള്‍ കൃഷിചെയ്യാന്‍ കഴിയാത്ത ചില കര്‍ഷകര്‍ കാപ്പിക്കും കുരുമുളകിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. റബര്‍ വിലയിലുണ്ടായ ഇടിവിനെത്തുടര്‍ന്നും കര്‍ഷകരില്‍ ഒരു വിഭാഗം കുരുമുളക് കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.
പന്നിയൂര്‍-1, കരിമുണ്ട ഇനങ്ങളാണ് കേരളത്തിലെ മലയോര മേഖലകളില്‍ കൂടുതലായി കൃഷി ചെയ്യുന്നത്. മുള്ളുമുരിക്ക്, പൂവരശ്, ശീമക്കൊന്ന തുടങ്ങിയവയാണ് സാധാരണ താങ്ങുമരങ്ങളായി ഉപയോഗിക്കുന്നത്. പ്ലാവ്, കവുങ്ങ്, തെങ്ങ് തുടങ്ങിയ മരങ്ങളിലും കുരുമുളക് വളര്‍ത്തുന്നുണ്ട്. കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് വീട്ടുവളപ്പിലും ചെടിച്ചട്ടികളിലും കുരുമുളക് വളര്‍ത്തുന്ന രീതിയും പ്രചാരത്തിലുണ്ട്. കുരുമുളക് വില വര്‍ധിച്ചതോടെ മുരിക്ക്, ശീമക്കൊന്ന എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്.
വിയറ്റ്നാമില്‍നിന്നുള്ള കുരുമുളക് വരവ് കുറഞ്ഞതാണ് രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന്റെ ആവശ്യകത ഉയര്‍ത്തിയ പ്രധാന ഘടകം. ആഗോളതലത്തിലും ഉല്‍പാദനം കുറഞ്ഞതോടെ ലഭ്യത സമ്മര്‍ദത്തിലായി. ഇതാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ത്തിയത്.
വിനായക ചതുര്‍ഥി മുതല്‍ നവരാത്രിയും ദീപാവലിയും വരെ നീളുന്ന ഉത്സവകാലത്ത് ഉത്തരേന്ത്യന്‍ വിപണിയില്‍ ആവശ്യകത വര്‍ധിച്ചതും വിലയെ സ്വാധീനിച്ചു. അതേസമയം, ഉയര്‍ന്ന വില കാരണം ആഭ്യന്തര വിപണിയില്‍ വാങ്ങല്‍ കുറയ്ക്കുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന കുരുമുളകിന്റെ ചരിത്രപരമായ കേന്ദ്രം കേരളമാണെങ്കിലും, രാജ്യത്ത് ഏറ്റവും കൂടുതല്‍ കുരുമുളക് കൃഷി ചെയ്യുന്നതും ഉല്‍പാദിപ്പിക്കുന്നതും നിലവില്‍ കര്‍ണാടകയാണ്. കേരളത്തില്‍ ഇടുക്കിയും വയനാടുമാണ് കുരുമുളക് കൃഷിയുടെ പ്രധാന കേന്ദ്രങ്ങള്‍.
സ്പൈസസ് ബോര്‍ഡിന്റെ 2024-25ലെ കണക്കുപ്രകാരം കര്‍ണാടകയില്‍ 2.02 ലക്ഷം ഹെക്ടറിലാണ് കുരുമുളക് കൃഷി. ഉല്‍പാദനം 66,028 ടണ്‍. കേരളത്തിലാകട്ടെ 69,891 ഹെക്ടറില്‍നിന്ന് 29,503 ടണ്‍ കുരുമുളകാണ് ഉല്‍പാദിപ്പിച്ചത്. അതായത്, കൃഷിവിസ്തൃതിയിലും ഉല്‍പാദനത്തിലും കര്‍ണാടകയ്ക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്.
ആഗോള ഉല്‍പാദനവും ഇറക്കുമതിയും കുറഞ്ഞു നില്‍ക്കുകയാണെങ്കില്‍ കുരുമുളക് വില വീണ്ടും ഉയരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ആഭ്യന്തര വില ദീര്‍ഘകാലം ഉയര്‍ന്നുനിന്നാല്‍ ശ്രീലങ്ക, വിയറ്റ്നാം, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി കൂടാം. അത് വില ഉയരുന്നതിനെ നിയന്ത്രിക്കും.
നിലവിലെ നിരക്ക് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, ഉല്‍പാദനം വീണ്ടെടുക്കാതെ ഈ വിലവര്‍ധന കാര്‍ഷികമേഖലയ്ക്ക് കാര്യമായ നേട്ടം സമ്മാനിക്കില്ല. കാലാവസ്ഥയെ അതിജീവിക്കുന്ന ഇനങ്ങള്‍, രോഗനിയന്ത്രണം, ഗുണമേന്മയുള്ള നടീല്‍വസ്തുക്കള്‍, ശാസ്ത്രീയ പരിപാലനം എന്നിവയ്ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചാല്‍ മാത്രമേ ഉയര്‍ന്ന വിലയുടെ യഥാര്‍ത്ഥ പ്രയോജനം കര്‍ഷകരിലെത്തുകയുള്ളൂ.
Read DhanamOnline in English
Subscribe to Dhanam Magazine