കേന്ദ്ര ബജറ്റ്; സാധാരണക്കാരുടെ ജീവിതത്തില്‍ എന്ത് മാറ്റം വരുത്തും?

കേന്ദ്ര ബജറ്റ് ആണ് ഇന്നലെ മുതല്‍ സോഷ്യല്‍മീഡിയയിലും പുറത്തും ചൂടുപിടിച്ച ചര്‍ച്ചകളിലെ പ്രധാന വിഷയം. രാഷ്ട്രീയ ചര്‍ച്ചകളും വ്യാവസായിക രംഗത്തെ ചര്‍ച്ചകളും നില്‍ക്കെ സാധാരണക്കാരന് അറിയേണ്ടത് ഇത്തവണത്തെ ബജറ്റില്‍ തങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ എന്നതാണ്. ബൃഹത്തായ പദ്ധതികള്‍ക്കപ്പുറം സാധാരണ ജനങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയ്ക്കിടയില്‍ ആശ്വാസ ദായകമായ നിര്‍മല സീതാരാമന്റെ ചില പ്രഖ്യാപനങ്ങള്‍ പരിശോധിക്കാം.

നികുതി ഇളവ് , പിഎഫ്
കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളെങ്കിലും ആദായ നികുതി നിരക്കുകളില്‍ ഇക്കുറി മാറ്റമില്ല. രണ്ടര ലക്ഷം രൂപ വരെയുള്ള വരുമാനത്തിനു നികുതി ഒഴിവുണ്ട് എന്നത് ഒരു വലിയ വിഭാഗം ജനത്തിനും ആശ്വാസദായകമാണ്. 87 എ വകുപ്പ് പ്രകാരം 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 12,500 രൂപ വരെ റിബേറ്റ് ഉള്ളതിനാല്‍ 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിനു നികുതി ഒഴിവുണ്ട്. 60 വയസ്സു തികഞ്ഞവര്‍ക്ക് 3 ലക്ഷം രൂപ വരെയുള്ള വരുമാനത്തിനു നികുതി ഒഴിവുണ്ട്. 80 തികഞ്ഞവര്‍ക്ക് ഇത് 5 ലക്ഷം രൂപ വരെയാണ്. 75 തികഞ്ഞവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട.
2021 ഏപ്രിലിനു ശേഷം രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ പ്രോവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ചാല്‍ കൂടുതലായ തുകയിന്മേലുള്ള പലിശയ്ക്ക് 10(11), 10(12) പ്രകാരം നികുതി ഒഴിവു ലഭിക്കില്ല. നികുതി ബാധകമായ പലിശ കണക്കാക്കുന്ന വിധത്തിലുള്ള ചട്ടങ്ങള്‍ ഉണ്ടാക്കും.

ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് പണികിട്ടിയതിങ്ങനെ !
നികുതി നിരക്കുകളിലോ സ്ലാബുകളിലോ മാറ്റമില്ല എന്നതിനര്‍ത്ഥം നിങ്ങളുടെ ആദായനികുതി അടയ്ക്കലിനെ ഒരു തരത്തിലും ഈ ബജറ്റ് ബാധിക്കില്ല എന്നാണ്. എന്നാല്‍ നിങ്ങളുടെ ശമ്പളം ഉയര്‍ന്നതാണെങ്കിലോ നിങ്ങള്‍ വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) സംഭാവനകളുള്ള ആളാണെങ്കിലോ, നിങ്ങള്‍ക്ക് ഒരു മോശം വാര്‍ത്തയുണ്ട്. കാരണം നിങ്ങളുടെ പിഎഫ് സംഭാവന പ്രതിവര്‍ഷം 2.5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍, അധിക തുകയില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ചുമത്തപ്പെടും. സാധാരണ, പകുതിയോ 25 ലക്ഷമോ രൂപ ആയിരിക്കും നിങ്ങളുടെ അടിസ്ഥാന ശമ്പളം. അടിസ്ഥാന ശമ്പളത്തിന്റെ 12% പിഎഫിലേക്കുള്ള നിങ്ങളുടെ സംഭാവന 3 ലക്ഷം രൂപ ആയിരിക്കും. നേരത്തെ, ഇതിലെല്ലാം നേടിയ പലിശ നികുതി ഒഴിവാക്കപ്പെടും.
കര്‍ഷകര്‍ക്ക് എങ്ങനെ ?
കാര്‍ഷിക സബ്‌സിഡിക്കായി അനുവദിച്ച തുകയുടെ പ്രയോജനം കര്‍ഷകര്‍ക്കു ലഭിക്കും. താങ്ങു വിലയ്ക്ക് അടക്കം പണം വക കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ റബര്‍, തേയില അടക്കം സഹായം പ്രതീക്ഷിച്ച മേഖലകളെക്കുറിച്ച് പ്രത്യേക പരാമര്‍ശമില്ല. കാര്‍ഷികോത്പന്ന മേഖലയ്ക്ക് പ്രത്യക്ഷത്തില്‍ ഇളവുകളോ ഉത്തേജന പദ്ധതികളോ ഇല്ലെങ്കിലും ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും ഒറ്റയ്ക്ക് ഒരു സംരംഭം തുടരാം. ധന സഹായങ്ങള്‍ക്കുള്ള ഇളവുകള്‍ ഈ മേഖലക്കാര്‍ക്കും ലഭിക്കും.
വിലക്കുറവ് എങ്ങനെ ?
സ്വര്‍ണം ഒരു സാധാരണക്കാരന്റെ സുരക്ഷിത സമ്പാദ്യമായി പരിഗണിക്കപ്പെടുന്നതിനാല്‍ വരും ദിവസങ്ങളില്‍ രാജ്യത്ത് സ്വര്‍ണവില കുറയുമെന്നതാണ് ഇപ്പോള്‍ ഉള്ള വിലയിരുത്തല്‍. സ്വര്‍ണം, വെള്ളി, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, നൈലോണ്‍ വസ്ത്രങ്ങള്‍, ഇരുമ്പ്, ചെമ്പ്, പ്ലാറ്റിനം എന്നിവയ്ക്ക് വില കുറയും. കസ്റ്റംസ് തീരുവയിലെ ഇളവുകള്‍ ചില ഉത്പന്നങ്ങള്‍ക്ക് വില കൂട്ടുകയും ചെയ്യും. അതേ സമയം മൊബൈല്‍ ഫോണ്‍, പവര്‍ ബാങ്ക് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍, സോളാര്‍ ഉത്പന്നങ്ങള്‍, എല്‍ഇഡി ലാമ്പ്, എയര്‍കണ്ടീഷണര്‍, റെഫ്രിജിറേറ്റര്‍, പരുത്തി, അസംസ്‌കൃത പട്ട് എന്നിവയ്ക്ക് വില കൂടും.

വില കൂടുന്നവയും കുറയുന്നവയും ഒറ്റനോട്ടത്തില്‍ ചുവടെ:


ആറ് വര്‍ഷത്തേക്ക് 64,180 കോടി രൂപ ചെലവില്‍ പുതിയ ആരോഗ്യ പദ്ധതിയായ പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വാസ്ത് ഭാരത് യോജന(പിഎംഎഎസ്ബിവൈ)യിലൂടെ കൂടുതല്‍ ലക്ഷ്യങ്ങള്‍. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ 'വണ്‍ ഹെല്‍ത്ത്', ലോകാരോഗ്യ സംഘടനയുടെ മേഖലാ ഗവേഷണകേന്ദ്രം, വാക്‌സിന്‍ ഗവേഷണത്തിലടക്കം നിര്‍ണായകമായ ബയോസേഫ്റ്റി ലെവല്‍ 3 ലാബുകള്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ 4 മേഖലാ ഓഫിസ് തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. 2 മൊബൈല്‍ ആശുപത്രികള്‍, 15 അടിയന്തര ശസ്ത്രക്രിയാ കേന്ദ്രങ്ങള്‍ (ഐസിയുകള്‍), 28812 ആരോഗ്യ വെല്‍നെസ് കേന്ദ്രങ്ങള്‍ക്കു സഹായം, എല്ലാ ജില്ലകളിലും സംയോജിത പൊതുജനാരോഗ്യ ലാബുകള്‍, 11 സംസ്ഥാനങ്ങളില്‍ 3382 ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റുകള്‍ ,602 ജില്ലകളിലും 12 കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങളിലും പുതിയ തീവ്രപരിചരണ യൂണിറ്റുകള്‍, ദേശീയ രോഗനിയന്ത്രണ കേന്ദ്രം(എന്‍സിഡിസി) ശക്തിപ്പെടുത്താന്‍ 5 മേഖലാ ബ്രാഞ്ചുകള്‍, 20 മെട്രോപ്പൊലിറ്റന്‍ ആരോഗ്യനിരീക്ഷണ യൂണിറ്റുകള്‍ തുടങ്ങിയവ ഒരുക്കും. സര്‍ക്കാര്‍ ലാബുകളെ കൂടി ഉള്‍പ്പെടുത്താന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കും.

പഴയ വാഹനങ്ങളുള്ളവര്‍ക്ക് സ്‌ക്രാപ്പേജ് പോളിസി തലയ്ക്കടിക്കുമോ?
20 വര്‍ഷമായ സ്വകാര്യ വാഹനങ്ങളുടെ ആയുസ് നിര്‍ണയിച്ചതാണ് സാധരണക്കാര്‍ക്കിടയില്‍ ആശങ്കയ്ക്ക് വഴിവെച്ചത്. ഇതില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കണം എന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഉടമകള്‍ക്ക് സ്വമേധയാ പൊളിച്ചുവില്‍ക്കുന്നതിനാണ് നയം രൂപപ്പെടുത്തുന്നത്. എന്നാല്‍ എല്ലാ വാഹനങ്ങളും പൊളിക്കേണ്ടി വരില്ല എന്നതാണ് സത്യം. പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളും ഓട്ടോമാറ്റിക് ഫിറ്റ്നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കും. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊളിക്കാനുള്ള തീരുമാനം വരുക. നിരത്തിലിറക്കാന്‍ യോഗ്യമല്ല എന്നു കണ്ടെത്തുന്ന വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കേണ്ടി വന്നേക്കാം. എന്നാല്‍ 15 വര്‍ഷം അല്ലെങ്കില്‍ 20 വര്‍ഷം പഴക്കമുള്ള നിരത്തില്‍ ഇറക്കാന്‍ യോഗ്യമാണെന്ന് കണ്ടെത്തുന്ന വാഹനങ്ങള്‍ വീണ്ടും ഉപയോഗിക്കാം. നയത്തിന്റെ വിശദാംശങ്ങള്‍ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിക്കും.

തൊഴില്‍മേഖലയ്ക്ക് ബജറ്റ് എന്ത് നല്‍കി ? നിങ്ങളെ എങ്ങനെ ബാധിക്കും?
ഇ-കൊമേഴ്സ് മേഖലയിലെ തൊഴിലാളികള്‍ക്കും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിനു യോഗ്യത. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), മിനിമം വേതന ചട്ടം എന്നിവ ഇവര്‍ക്കും ലഭിയ്ക്കും. 24 മണിക്കൂറും എല്ലാവിധ സുരക്ഷയോടെയും എല്ലാ വിഭാഗങ്ങളിലും ജോലി ചെയ്യാന്‍ സ്ത്രീകളെ അനുവദിക്കും. മിനിമം വേതനം എല്ലാ മേഖലകളിലും കൊണ്ടുവരും.

സാധാരണക്കാര്‍ക്കും താഴെത്തട്ടിലുള്ളവര്‍ക്കും ഉപകരിക്കുന്ന മറ്റ് പ്രഖ്യാപനങ്ങള്‍:
ജലജീവന്‍ മിഷന്‍: 2.86 കോടി വീടുകളില്‍ പൈപ്പ് കണക്ഷന്‍, 500 നഗരങ്ങളില്‍ ദ്രവമാലിന്യ നിയന്ത്രണസംവിധാനം തുടങ്ങിയവ. 2.87 ലക്ഷം കോടി ചെലവില്‍ 5 വര്‍ഷത്തേക്കാണു പദ്ധതി.
സ്വച്ഛ് ഭാരത്, സ്വാസ്ത് ഭാരത്: സ്വച്ഛ് ഭാരത് മിഷന്‍ രണ്ടാം ഘട്ടം. 1.41 ലക്ഷം കോടി രൂപ ചെലവില്‍ 5 വര്‍ഷത്തേക്കുള്ള പദ്ധതി.
ശുദ്ധവായു: 2217 കോടി രൂപ മുതല്‍മുടക്കില്‍ 10 ലക്ഷത്തില്‍പരം ജനസംഖ്യയുള്ള 42 നഗരങ്ങളില്‍ ശുദ്ധവായു ഉറപ്പാക്കാനുള്ള പദ്ധതികള്‍.
വാക്‌സിന്‍: പുതുതായി 2 കോവിഡ് വാക്‌സീനുകള്‍ ഉള്‍പ്പെടെ വിവിധ വാക്‌സീനുകള്‍ക്കായി 35,000 കോടി രൂപ. ഇന്ത്യന്‍ നിര്‍മിത ന്യൂമോണിയ വാക്‌സീന്‍ 'ന്യൂമോകോക്കല്‍' രാജ്യമാകെ ലഭ്യമാക്കുന്നത് വഴി പ്രതിവര്‍ഷം 50,000 ശിശുമരണം ഒഴിവാകുമെന്ന് പ്രതീക്ഷ.
നഴ്‌സിംഗ് മേഖലയ്ക്ക് പുതിയ ബില്‍: നഴ്‌സിംഗ് മേഖലയില്‍ സുതാര്യതയും പരിഷ്‌കാരങ്ങളും ഉറപ്പുവരുത്താന്‍ നാഷനല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ബില്‍.
മിഷന്‍ പോഷണ്‍ 2: വയനാട് അടക്കം 112 ജില്ലകളില്‍ പോഷകാഹാര പദ്ധതി ശക്തിപ്പെടുത്താന്‍ നിര്‍ദേശം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it