കേന്ദ്ര ബജറ്റിന് മുമ്പ് അല്‍പ്പം മധുരം; ഹല്‍വ ചടങ്ങ് ഇന്ന്

രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അനുസരിച്ച് ഏതൊരു പുതിയ കാര്യവും ആരംഭിക്കുന്നതിന് മുന്നോടിയായി മധുരം കഴിക്കണമെന്നാണ്. കേന്ദ്ര ബജറ്റിന്റെ കാര്യത്തിലും ഈ പാരമ്പര്യത്തെ ചേര്‍ത്തുപിടിച്ചിട്ടുണ്ട് ഇന്ത്യക്കാര്‍. ഇതിനെ 'ഹല്‍വ ചടങ്ങ്' എന്ന് വിളിക്കുന്നു. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ഈ പരമ്പരാഗത ഹല്‍വ ചടങ്ങ് ധനമന്ത്രി നിര്‍മല സീതരാമന്റെ സാന്നിധ്യത്തില്‍ ഇന്ന് നടക്കും. ദേശീയ തലസ്ഥാനത്തെ കേന്ദ്ര ധനമന്ത്രാലയ ആസ്ഥാനമായ നോര്‍ത്ത് ബ്ലോക്കിലാണ് ഹല്‍വ ചടങ്ങ് നടക്കുന്നത്. എല്ലാ വര്‍ഷവും കേന്ദ്ര ബജറ്റ് തയ്യാറാക്കുന്ന പ്രക്രിയയുടെ അവസാന ഘട്ടത്തെ അടയാളപ്പെടുത്തുന്ന ഈ ചടങ്ങിനെ കുറിച്ച് അറിയാം.

മധുരത്തില്‍ തുടങ്ങാം

പാരമ്പരഗതമായി എല്ലാ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ ഹല്‍വ ചടങ്ങ് നടത്താറുണ്ട്. ഈ ചടങ്ങോടെ കേന്ദ്ര ബജറ്റിന്റെ നിര്‍മ്മാണ പ്രക്രിയ അവസാനിക്കുന്നു. മാത്രമല്ല ഇത് ബജറ്റ് അവതരണത്തിന്റെ ഔദ്യോഗിക ആരംഭ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു. ഹല്‍വ എന്ന പലഹാരം ഒരു വലിയ പാത്രത്തില്‍ തയ്യാറാക്കി ധനകാര്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് വിളമ്പുന്നു. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ബജറ്റ് നിര്‍മ്മാണ പ്രക്രിയയുടെ പൂര്‍ത്തീകരണമാണ് ഹല്‍വ ചടങ്ങ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം ഈ ചടങ്ങ് നടത്തിയിരുന്നില്ല.

രഹസ്യാത്മകത നിലനിര്‍ത്തും

ചടങ്ങില്‍ ഈ മധുരപലഹാരം വിളമ്പിക്കഴിഞ്ഞാല്‍ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് വരെ ബജറ്റിന്റെ നിര്‍മ്മാണത്തിലോ അച്ചടിയിലോ നേരിട്ട് പങ്കാളികളാകുന്ന ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും ധനമന്ത്രാലയത്തിന്റെ നോര്‍ത്ത് ബ്ലോക്കിലെ ബേസ്മെന്റില്‍ ഏകദേശം 10 ദിവസത്തേക്ക് താമസിപ്പിക്കും. ഈ സമയം നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. ധനമന്ത്രി ഒടുവില്‍ ബജറ്റ് അവതരിപ്പിക്കുന്നതുവരെ മുഴുവന്‍ ബജറ്റ് പ്രക്രിയയുടെയും രഹസ്യാത്മകത നിലനിര്‍ത്താനും വിവരങ്ങള്‍ ചോര്‍ന്ന് പോകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.

അപ്പോള്‍ ഇന്നാണ്

വരുന്ന സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ഹല്‍വ ചടങ്ങ് ധനമന്ത്രി നിര്‍മല സീതരാമന്റെ സാന്നിധ്യത്തില്‍ നോര്‍ത്ത് ബ്ലോക്കില്‍ ഇന്ന് നടക്കും. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നിര്‍മ്മാണത്തില്‍ പങ്കാളികളായവരും ഈ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തെപ്പോലെ 2023-24 ലെ കേന്ദ്ര ബജറ്റും ഡിജിറ്റലായി നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഒന്നിന് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം ബജറ്റ് രേഖകള്‍ യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പില്‍ ലഭ്യമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Related Articles

Next Story

Videos

Share it